മോദി-അദാനി അനാശാസ്യം: ഗുജറാത്തില്‍ 'കാണാതെ പോയത്' എയിംസ് ആശുപത്രി

ഗുജറാത്ത് ഭൂകമ്പത്തില്‍ 200 ഡോക്ടര്‍മാരടക്കം കൊല്ലപ്പെട്ട കച്ചിലെ ആശുപത്രിക്കു പകരം അന്നത്തെ പ്രധാനമന്ത്രി അനുകമ്പയോടെ ഒരു ആശുപത്രി പണിതുയര്‍ത്തി. ഡല്‍ഹിക്കു പുറത്തെ ആദ്യ എയിംസ് ആശുപത്രി. മോദി അധികാരത്തിലെത്തിയതോടെ ആ ആശുപത്രിയെ അദാനിയുടെ സാമ്രാജ്യത്തിനായി മുക്കി. ഗുജറാത്തില്‍ എയിംസിനായി 2017ലെ ബജറ്റിലും ഫണ്ട് വകയിരുത്തിയ മോദിയെ പഴയ ആശുപത്രി കഥ ഓര്‍മ്മിപ്പിക്കുകയാണ് പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ആര്‍ കെ മിശ്ര.

മോദി-അദാനി അനാശാസ്യം: ഗുജറാത്തില്‍

[caption id="attachment_81687" align="alignleft" width="194"] ആര്‍ കെ മിശ്ര [/caption]

ഗുജറാത്തില്‍ ഇതുവരെ ഓള്‍ ഇന്ത്യാ മെഡിക്കല്‍ സയന്‍സസ് (എയിംസ്) വരാത്തതിന്റെ കാരണത്തിന് പിന്നില്‍ ചില കഥകളുണ്ട്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി മുമ്പ് വിഭാവനം ചെയ്തതുപോലെ നടന്നിരുന്നെങ്കില്‍ ഗുജറാത്തിലെ കച്ചില്‍ ഡല്‍ഹിക്ക് പുറത്തുളള ആദ്യ എയിംസ് 15 വര്‍ഷം മുമ്പെങ്കിലും ലഭിച്ചേനെ. വിരോധാഭാസമെന്ന് പറയട്ടെ ഇന്നത്തെ പ്രധാനമന്ത്രിയും അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയുമായിരുന്ന നരേന്ദ്ര മോഡിയാണ് ആ സ്വപ്‌ന പദ്ധതി നടപ്പിലാകാതിരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്. 2001 ജനുവരി 26ന് ഗുജറാത്തിനെ നടുക്കിയ ഭൂകമ്പത്തില്‍ പാക്കിസ്താന്‍ അതിര്‍ത്തിയിലുള്ള കച്ചില്‍ തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളില്‍ ബുജിലെ ഗവണ്‍മെന്റ് ആശുപത്രിയുമുണ്ടായിരുന്നു. 200ലധികം ഡോക്ടര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരും അപകടത്തില്‍ കൊല്ലപ്പെട്ടു.


പ്രധാനമന്ത്രി വാജ്‌പേയി രണ്ട് ദിവസം കച്ചില്‍ സന്ദര്‍ശനം നടത്തി പുനരധിവാസ-പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. പഴയ ജികെ ജനറല്‍ ആശുപത്രിക്ക് പകരം മറ്റൊന്നിന്റെ ശിലാസ്ഥാപനവും അദ്ദേഹം നടത്തി. ജികെ ആശുപത്രിയെ സമാനതകളില്ലാത്ത എയിംസാക്കി ഉയര്‍ത്തുക എന്നത് അദ്ദേഹത്തിന്റെ വലിയൊരു ആഗ്രഹമായിരുന്നു. ഇതിനായി അദ്ദേഹം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ പദ്ധതിയില്‍ നിന്ന് പ്രാഥമാകമായി 100 കോടി രൂപ അനുവദിക്കുകയും ചെയ്തു.

ഫണ്ട് ലഭ്യത ഒരു പ്രശ്‌നമാകില്ലെന്ന് അദ്ദേഹം അന്നത്തെ മുഖ്യമന്ത്രി കേശുഭായ് പട്ടേലിനെ അറിയിക്കുകയുമുണ്ടായി. ചൈന, അമേരിക്ക, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ ഭൂകമ്പസാധ്യതയുള്ള സ്ഥലങ്ങളിലെ കെട്ടിടനിര്‍മാണത്തെക്കുറിച്ചുള്ള പഠനങ്ങളും ഇതുമായി ബന്ധപ്പെട്ട് നടന്നു. 300 കിടക്കകളും 15 വാര്‍ഡുകളും മൂന്ന് ഓപ്പറേഷന്‍ തിയറ്ററുകളുമുള്ള ആശുപത്രിയാണ് അന്ന് വിഭാവനം ചെയ്തത്. ആശുപത്രി നിര്‍മാണക്കാര്യത്തില്‍ വാജ്‌പേയി പ്രത്യേക താല്‍പര്യമെടുക്കുകയും ഇക്കാര്യത്തില്‍ പ്രതിദിന റിപ്പോര്‍ട്ടുകള്‍ നല്‍കാന്‍ ബിജെപിയിലെ ഒരു വിശ്വസ്തനെ നിയോഗിക്കുകയും ചെയ്തു. ആശുപത്രി നിര്‍മാണം പൂര്‍ത്തിയായി 2004ല്‍ ഉദ്ഘാടനം നടക്കുമ്പോഴേയ്ക്കും കേശുഭായ് പട്ടേലിന് പകരം നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായി.

നിര്‍മാണത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ എല്ലാ വിവരങ്ങളും പ്രധാന മന്ത്രിയുടെ ഓഫീസിനേയും ആരോഗ്യ മന്ത്രി സുഷമ സ്വരാജിനേയും ഗുജറാത്ത് ഗവണ്‍മെന്റ് കൃത്യമായി അറിയിച്ചിരുന്നു. ആശുപത്രിയോട് ചേര്‍ന്ന് ഒരു മെഡിക്കല്‍ കോളജും നഴ്‌സിംഗ് സ്‌കൂളും തുടങ്ങാനും സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ ഇതിന് ശേഷം കാര്യങ്ങള്‍ തകിടം മറിയാന്‍ തുടങ്ങി. കച്ച് എയിംസിന് പറ്റിയ സ്ഥലമല്ലെന്ന് പറഞ്ഞ സംസ്ഥാന സര്‍ക്കാര്‍ വടക്കന്‍ ഗുജറാത്തിലെ പട്‌നയെ ഇതിനായി നിര്‍ദ്ദേശിച്ചു. ഇതോടെ ഗുജറാത്തിലെ എയിംസ് എന്ന സ്വപ്‌നപദ്ധതി ഏതാണ്ട് ഇല്ലാതായി. ഇതിനിടെയാണ് മോഡി സര്‍ക്കാര്‍ ജികെ ആശുപത്രിയെ അദാനി ഗ്രൂപ്പിന് 99 വര്‍ഷത്തെ ലീസിന് കൈമാറിയത്. പിന്നീടത് ഗുജറാത്ത് അദാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (ജിഎഐഎംഎസ്) എന്ന പേരില്‍ പ്രവര്‍ത്തനം തുടങ്ങി. അദാനിക്ക് ആശുപത്രി കൈമാറാന്‍ 2009ല്‍ സംസ്ഥാന നിയമസഭയില്‍ പ്രത്യേക പ്രമേയം തന്നെ പാസാക്കി. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ 2011ല്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിക്കപ്പെട്ടു. ആദം ചാകിയെന്നയാള്‍ ഹാഷിം ഖുറേഷി എന്ന അഭിഭാഷകന്‍ മുഖേന സമര്‍പ്പിച്ച ഹരജിയില്‍ സംസ്ഥാനത്തെ പാവപ്പെട്ട ജനത്തിന് ചികിത്സ ലഭിക്കുന്ന ആശുപത്രിയെ അദാനി ഗ്രൂപ്പിന് കൈമാറിയ തീരുമാനം റദ്ദാക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചത്. പ്രമുഖ ആശുപത്രികളായ നാരായണ ഹൃദയാലയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയാക് സയന്‍സസ്, മണിപ്പാല്‍ ഗ്രൂപ്പ് ഓഫ് എജുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് പോലുള്ളവയുടെ അപേക്ഷ പരിഗണിക്കാതെ സംസ്ഥാന സര്‍ക്കാര്‍ ചില നിക്ഷിപ്ത താല്‍പര്യങ്ങളോടെ ആരോഗ്യ സേവന രംഗത്ത് മുന്‍പരിചയമില്ലാത്ത അദാനി ഗ്രൂപ്പിന് ആശുപത്രി ലീസിന് നല്‍കുകകയായിരുന്നെന്ന് ഹര്‍ജിയില്‍ ആരോപിച്ചു. എന്നാല്‍ 2012 ജനുവരി 31ന് അന്നത്തെ ആക്റ്റിംഗ് ചീഫ് ജസ്റ്റിസ് ഭാസ്‌കര്‍ ഭട്ടാചാര്യ, ജസ്റ്റിസ് ജെ ബി പാര്‍ദിവാല എന്നിവരടങ്ങിയ ബഞ്ച് ഈ ഹരജി തള്ളി. പൊതുമേഖല-സഹകരണ മേഖല സംയുക്ത സഹകരണത്തിലുള്ള ആശുപത്രിയുടെ പ്രവര്‍ത്തനം ബഞ്ച് അംഗീകരിക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരുമായുള്ള കരാര്‍ പ്രകാരം പാവപ്പെട്ടവര്‍ക്ക് നല്‍കേണ്ട ചികിത്സ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ആദം ചാകി 2014ല്‍ വീണ്ടും ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചു. ആശുപത്രിയില്‍ സംവരണം ചെയ്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള 10 ശതമാനം സീറ്റുകള്‍ ഏതെങ്കിലും പ്രത്യേക ജില്ലയ്ക്കുള്ളതല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യ ഹരജി കോടതിയിലുമാണ്.

കടപ്പാട്: നാഷണല്‍ ഹെറാര്‍ഡ്‌