നടിയെ തട്ടിക്കൊണ്ടുപോയ സംഭവം: പള്‍സര്‍ സുനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവച്ചു

മാര്‍ച്ച് മൂന്നിലേക്കാണ് ജാമ്യാപേക്ഷ മാറ്റിയത്. കേസില്‍ സര്‍ക്കാരിന്റെ നിലപാടറിയാനാണ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവച്ചത്. ഇന്നലെയാണ് പള്‍സര്‍ സുനിയടക്കം മൂന്നു പ്രതികള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

നടിയെ തട്ടിക്കൊണ്ടുപോയ സംഭവം: പള്‍സര്‍ സുനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവച്ചു

യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ മുഖ്യപ്രതിയും ഡ്രൈവറുമായ പള്‍സര്‍ സുനിയുടെ  മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവച്ചു. മാര്‍ച്ച് മൂന്നിലേക്കാണ് ജാമ്യാപേക്ഷ മാറ്റിയത്. കേസില്‍ സര്‍ക്കാരിന്റെ നിലപാടറിയാനാണ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവച്ചത്.

ഇന്നലെയാണ് പള്‍സര്‍ സുനിയടക്കം മൂന്നു പ്രതികള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നും കുടുക്കിയതാണെന്നും പ്രതികളായ പള്‍സര്‍ സുനി, ബിജീഷ്, മണികണ്ഠന്‍ എന്നിവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. ഇതില്‍ മണികണ്ഠനെ ഇന്നലെ രാത്രി പൊലീസ് പാലക്കാട് വച്ച് പിടികൂടിയിരുന്നു.


അഭിഭാഷകനായ അഡ്വ.ഇ സി പൗലോസ് മുഖേനയാണ് പ്രതികള്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ശനിയാഴ്ച രാത്രി ഒമ്പതരയോടെ പ്രതികള്‍ തന്നെ വന്നുകണ്ടിരുന്നെന്നും മുന്‍കൂര്‍ ജാമ്യത്തിനുളള വക്കാലത്ത് ഒപ്പിട്ടു നല്‍കിയെന്നും അഡ്വ.ഇ സി പൗലോസ് പറഞ്ഞിരുന്നു.

സംഭവത്തിനു ശേഷം മുങ്ങിയ പ്രതിയെ ഇതുവരെ പൊലീസിനു പിടികൂടാനായിട്ടില്ല. ഇതിനിടെ പിടികൂടാനായി പൊലീസ് സംഘം എത്തുന്നതിനു തൊട്ടുമുമ്പ് പള്‍സര്‍ സുനി രക്ഷപെട്ടിരുന്നു. ഇന്നലെ രാവിലെ അമ്പലപ്പുഴയിലായിരുന്നു സംഭവം.

വെള്ളിയാഴ്ച രാത്രിയാണ് നടിയെ ആറംഗ സംഘം തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. പിന്നീട് നടിയുടെ വാഹനമോടിച്ചിരുന്ന മാര്‍ട്ടിനടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സുനിയടക്കം മൂന്ന് പ്രതികള്‍ ഒളിവില്‍ പോകുകയായിരുന്നു.

Read More >>