ക്രിസ്ത്യന്‍ സന്നദ്ധ സംഘടനക്കുള്ള ഫണ്ട് നിയന്ത്രണം ഇന്ത്യ നീക്കിയാല്‍ എച്ച്1-ബി വിസ നിയന്ത്രണം അമേരിക്ക റദ്ദാക്കിയേക്കും

'വാച്ച് ലിസ്റ്റി'ല്‍ ഉള്‍പ്പെടുത്തി ഇന്ത്യന്‍ ഗവണ്‍മെന്റ് വിദേശ ഫണ്ട് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള കമ്പാഷന്‍ ഇന്റര്‍നാഷണലിന് മുകളിലുള്ള നിയന്ത്രണം നീക്കിയാല്‍ എച്ച്1-ബി വിസയിലെ നിയന്ത്രണങ്ങള്‍ അമേരിക്ക എടുത്തുകളഞ്ഞേക്കുമെന്ന് നാരദാ ന്യൂസിന് വിവരം ലഭിച്ചു.

ക്രിസ്ത്യന്‍ സന്നദ്ധ സംഘടനക്കുള്ള ഫണ്ട് നിയന്ത്രണം ഇന്ത്യ നീക്കിയാല്‍ എച്ച്1-ബി വിസ നിയന്ത്രണം അമേരിക്ക റദ്ദാക്കിയേക്കും

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ ചാരിറ്റി സംഘടനക്കുള്ള ഫണ്ട് നിയന്ത്രണം മോഡി സര്‍ക്കാര്‍ റദ്ദാക്കിയാല്‍ ഇന്ത്യന്‍ ഉദ്യോഗാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കുന്ന എച്ച്1-ബി വിസ നിയന്ത്രണം എടുത്തുകളഞ്ഞേക്കുമെന്ന് സൂചന. വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് നിലവില്‍ നിയന്ത്രണമുള്ള ക്രിസ്റ്റ്യന്‍ സന്നദ്ധ സംഘടനയായ കമ്പാഷന്‍ ഇന്റര്‍നാഷണല്‍ എന്ന എന്‍ജിഎയ്ക്ക് മുകളിലുള്ള നിയന്ത്രണം ഇന്ത്യ ഇല്ലാതാക്കിയാല്‍ പകരമായി എച്ച്1-ബി വിസ നിയന്ത്രിക്കുന്ന കാര്യം അമേരിക്ക പരിഗണിക്കുമെന്ന് വാര്‍ത്ത ഉറവിടങ്ങള്‍ നാരദാ ന്യൂസിനോട് പറഞ്ഞു. വിദേശ ഫണ്ടിന്റെ അഭാവത്തില്‍ സംഘടനയ്ക്ക് രാജ്യത്ത് പ്രവര്‍ത്തിക്കാനാകുന്നില്ലെന്ന് കിസ്റ്റ്യന്‍ ചാരിറ്റി കമ്പാഷന്‍ തലവന്‍ ഈയിടെ വ്യക്തമാക്കിയിരുന്നു. വാച്ച് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സംഘടനകള്‍ക്ക് രാജ്യത്തിന്റെ അനുമതിയോടെ മാത്രമേ വിദേശ ഫണ്ട് സ്വീകരിക്കാനാകൂ


കമ്പാഷന്‍ ഇന്റര്‍നാഷണല്‍ വൈസ് പ്രസിഡന്റ് സ്റ്റീഫന്‍ ഓക്‌ലേ ഇക്കാര്യം ഉന്നയിച്ച് വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കറെ സന്ദര്‍ശിച്ചിരുന്നു. അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥരുടെ കൂടി സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ സ്റ്റീഫന്‍ ഓക്‌ലേ സംഘടനയ്ക്ക് മുകളിലുള്ള നിയന്ത്രണങ്ങള്‍ നീക്കണമെന്ന് വിദേശകാര്യ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ 30 വര്‍ഷമായി രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സംഘടന 344 എന്‍ജിഒകള്‍ക്കായി പ്രതിവര്‍ഷം 292 കോടി രൂപ സംഭാവന ചെയ്യുന്നതായും സ്റ്റീഫന്‍ ഓക്‌ലേ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി. കമ്പാഷന്‍ ഇന്റര്‍നാഷണലിന് മുകളിലുള്ള നിയന്ത്രണം നീക്കണമെന്ന് അമേരിക്കന്‍ ഗവണ്‍മെന്റ് ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ ഇതുവരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.

വിസ നിയന്ത്രിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പ്രമുഖ ഐ.ടി കമ്പനികളുടെ തലവന്‍മാര്‍ ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ഈ മാസം ഒടുവില്‍ ചര്‍ച്ച നടത്താന്‍ ഒരുങ്ങുകയാണ്. വിസ നിയന്ത്രണം പ്രതിവര്‍ഷം 150 ബില്യണ്‍ ഡോളര്‍ വരുമാനം നേടിത്തരുന്ന ഇന്ത്യയിലെ ഐ.ടി വ്യവസായത്തെ പ്രതികൂലമായി ബാധിക്കും.

ട്രംപ് അനുകൂലിയും ദി റിപ്പബ്ലിക്കന്‍ ഹിന്ദു കോയിലേഷന്‍ നേതാവുമായ ശലഭ് ശല്ലി കുമാര്‍ അമേരിക്ക ഇന്ത്യക്ക് കൂടുതല്‍ എച്ച്1-ബി വിസകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ''എച്ച്1-ബി വിസ ഉപയോഗിച്ച് അമേരിക്കയിലേക്ക് വരാന്‍ കാത്തിരിക്കുന്നവരുടെ എണ്ണത്തില്‍ തീര്‍ച്ചയായും വരും നാളുകളില്‍ വര്‍ധയാണുണ്ടാകുക'' അദ്ദേഹം പറഞ്ഞു. പ്രതിവര്‍ഷം അമേരിക്ക 65,000 എച്ച്1-ബി വിസകള്‍ അനുവദിക്കുന്നതായും ഇതില്‍ ഏറിയ പങ്കും ഐ.ടി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ലഭിക്കുന്നതെന്നും ദി യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സെര്‍വീസസ് വ്യക്തമാക്കുന്നു.