പെണ്‍കുട്ടികളുടെ പ്രേമം; പാലക്കാട് സര്‍ക്കാര്‍ വക 'ലൗജിഹാദ്' സര്‍ക്കുലര്‍; കളക്ടര്‍ക്കും പ്രേമവിരുദ്ധ സര്‍ക്കുലറില്‍ പങ്ക്

പെണ്‍കുട്ടികളുടെ പ്രേമത്തില്‍ പ്രത്യേകമായി ഇടപെടുന്ന ഈ സര്‍ക്കുലര്‍ സര്‍ക്കാരിനും വിദ്യാഭ്യാസ വകുപ്പിനും വന്‍തലവേദനയാകും. പാലക്കാട് ജില്ലയിൽ മാത്രം ഈ സർക്കുലർ പുറത്തിറക്കിയത് എന്തിനെന്നും അധികൃതർ വ്യക്തമാക്കേണ്ടി വരും.

പെണ്‍കുട്ടികളുടെ പ്രേമം; പാലക്കാട് സര്‍ക്കാര്‍ വക

പെണ്‍കുട്ടികളുടെ പ്രേമങ്ങളെ സദാചാരപരമായും ലൗജിഹാദിന്റെ കണ്ണോടെയും വീക്ഷിക്കാനും ഇടപെടാന്‍ പ്രധാന അധ്യപകരെയും വിദ്യാഭ്യാസ ഓഫീസര്‍മാരേയും ചുമതലപ്പെടുത്തി പാലക്കാട് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍  കെ രവികുമാര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ വിവാദമായി. വാലന്റൈന്‍സ് ഡേയ്ക്ക് മൂന്നു ദിവസം മുന്‍പാണ് സര്‍ക്കുലര്‍ പ്രസിദ്ധീകരിച്ചത്. പ്രധാന അധ്യാപകര്‍ക്ക് പുറമെ എല്ലാ ജില്ലാ- ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. 'പെണ്‍കുട്ടികളെ പ്രേമം നടിച്ച് വശീകരണം- ബോധവല്‍ക്കരണം നടത്തുന്നതിന്'- എന്ന് സര്‍ക്കുലറില്‍ വിഷയം സൂചിപ്പിച്ചിരിക്കുന്നു. പെണ്‍കുട്ടികളുടെ പ്രേമം വിഷയമാക്കി സര്‍ക്കുലര്‍ ഇറക്കിയത് ചരിത്രത്തില്‍ ആദ്യമാകും.


ജില്ലാ കളക്ടറുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കുലറെന്നും സൂചനയുണ്ട്. കളക്ടര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ കളക്ടറുമായി വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ നടത്തിയ കൂടിയാലോചനയിലുണ്ടായ തീരുമാനങ്ങളാണ് സര്‍ക്കുലറില്‍ ഉള്ളത്. മൂന്നു തീരുമാനങ്ങളാണ് ഉള്ളത്. ജില്ലയിലെ വിദ്യാഭ്യാസ ഓഫീസര്‍മാരേയും പ്രധാന അധ്യാപകരേയുമാണ് തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്.

പെണ്‍കുട്ടികളെ പ്രേമം നടിച്ച് വശീകരിക്കുന്നതു സംബന്ധിച്ച് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് കൗണ്‍സിലര്‍ മുഖേന ബോധവല്‍ക്കരണ ക്ലാസ് നടത്തണം എന്നാണ് സര്‍ക്കുലറിലെ ആദ്യത്തെ നിര്‍ദ്ദേശം. കേരളത്തില്‍ ലൗജിഹാദ് ഉണ്ടെന്ന് പ്രചരിപ്പിക്കുന്ന ഹൈന്ദവ തീവ്രവാദികളാണ് 'പ്രേമം നടിച്ചു വശീകരിക്കുന്നു' എന്ന പ്രചാരണം നടത്തുന്നത്. ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനത്തിലെ സര്‍ക്കാര്‍ സര്‍ക്കുലറില്‍ അതേ വാചകം തിരുകി കയറ്റിയത് സംശയാസ്പദമാണ്.പിടിഎ മീറ്റിങ്ങുകളില്‍ പെണ്‍കുട്ടികളെ പ്രേമം നടിച്ച് വശീകരിക്കുന്നതു സംബന്ധിച്ച് ആവശ്യമായ ബോധവല്‍ക്കരണം നടത്തണമെന്നാണ് നിർദ്ദേശം.
ബാലിശമായ പ്രേമങ്ങളില്‍ അകപ്പെടാനുള്ള പ്രവണതകളെ ചെറുക്കുന്നതിന് പെണ്‍കുട്ടികള്‍ക്ക് അവബോധം നല്‍കുവാന്‍ പ്രേമം നടിച്ചു വശീകരിക്കുന്ന വിഷയത്തിലുള്ള ഹ്രസ്വസിനിമകള്‍ പ്രദര്‍ശിപ്പിക്കണം എന്നും പറയുന്നു. ബാലിശമായ പ്രണയം എന്ന് ഉത്തരവാദപ്പെട്ട സര്‍ക്കുലറില്‍ പ്രയോഗിക്കുമ്പോഴും അത് എന്തെന്ന് വ്യക്തമാക്കുന്നില്ല.

സ്‌കൂള്‍ പ്രായത്തിലുള്ളവരുടെ എല്ലാ പ്രണയങ്ങളേയും മതാതീത പ്രണയങ്ങളേയും ബാലിശം എന്ന നിലയില്‍ വീക്ഷിക്കാനും ഒളിഞ്ഞു നോക്കാനും നിര്‍ദ്ദേശിക്കുന്നതാണ് ഈ നിര്‍ദ്ദേശം എന്നു വ്യക്തം. ഇതര മതസ്ഥരെ പ്രണയിച്ചാല്‍ 'വശീകരണം' എന്ന നിലയിലാകും പരിഗണിക്കുന്നതെന്നും വ്യക്തം.
നിര്‍ദ്ദേശങ്ങള്‍ എല്ലാ സ്‌കൂളുകളിലും നടപ്പിലാക്കുവാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് ജില്ലാ വിദ്യാഭ്യാസ ഓഫീസറാണെന്ന് സര്‍ക്കുലര്‍ പറയുന്നു.

കത്തിലെ നിര്‍ദ്ദേശങ്ങള്‍ എല്ലാ സ്‌കൂളുകളിലും നടപ്പിലാക്കണമെന്നും ഇതിനു വേണ്ട നടപടികള്‍ ജില്ല വിദ്യാഭ്യാസ ഓഫീസര്‍ സ്വീകരിക്കണമെന്നും കത്തില്‍ പറയുന്നു. കത്തിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയതിന്റെ റിപ്പോര്‍ട്ട് അയച്ചു കൊടുക്കണമെന്നും വിദ്യാഭ്യാസ ഉപഡയറക്ടറുടെ കത്തില്‍ പറയുന്നു.
പെണ്‍കുട്ടികളുടെ പ്രേമത്തില്‍ പ്രത്യേകമായി ഇടപെടുന്ന ഈ 'ലൗജിഹാദ്' സര്‍ക്കുലര്‍ സര്‍ക്കാരിനും വിദ്യാഭ്യാസ വകുപ്പിനും വന്‍തലവേദനയാകും. പാലക്കാട് ജില്ലയിൽ മാത്രം ഈ സർക്കുലർ പുറത്തിറക്കിയത് എന്തിനെന്നും അധികൃതർ വ്യക്തമാക്കേണ്ടി വരും.