അആഇഈ... ഗോതുരുത്ത് തിരിഞ്ഞു നോക്കി; മുറ്റത്തൊരു എഴുത്തുകാരന്‍!

ചവിട്ടു നാടകത്തിന്റെ മണ്ണായ ഗോതുരുത്ത് വായനയുടെ പുതിയ ലോകം തീര്‍ക്കുകയാണ്. ഗോതുരുത്ത് ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ നടക്കുന്ന വായനാമുറ്റം എന്ന കൂട്ടായ്മയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്- പ്രശസ്തരായ എഴുത്തുകാര്‍ ഇവിടെ വീട്ടുമുറ്റത്ത് എത്തുന്നു.

അആഇഈ... ഗോതുരുത്ത് തിരിഞ്ഞു നോക്കി; മുറ്റത്തൊരു എഴുത്തുകാരന്‍!

ശ്രീജിത്ത് കെജി

ചരിത്രങ്ങളും ഐതിഹ്യങ്ങളും ഉറങ്ങുന്ന മണ്ണാണ് ഗോതുരുത്തിന്റേത്. ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ചവിട്ടു നാടകത്തിന്റെ പിറവി തന്നെ ഗോതുരുത്തിലാണ്. ചരിത്രതാളുകളില്‍ ചിന്നതമ്പി അണ്ണാവിയുടെയും പാലിയത്തച്ചന്റെയും വീരകഥകള്‍ ഏറെ പറയാനുള്ള ഗോതുരുത്ത് വായനയുടെയും സംസ്‌കാരത്തിന്റെയും പുത്തന്‍ അദ്ധ്യായം എഴുതിച്ചേര്‍ക്കുകയാണ്. ഗോതുരുത്ത് ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ ആരംഭിച്ച വായനമുറ്റമാണ് ഗോതുരുത്തിനെ വാര്‍ത്തകളില്‍ നിറയ്ക്കുന്നത്.


എഴുത്തുകാരന്‍ തന്നെ പുസ്തകവുമായി വീട്ടുമുറ്റത്തെത്തുക. പുസ്തകത്തെക്കുറിച്ചും സമകാലീക ജീവിതത്തെക്കുറിച്ചും ആശയങ്ങള്‍ പങ്കു വയ്ക്കുക. നൂതനമായ ആശയമാണിത്. ഗോതുരുത്ത് ഗ്രാമീണവായനശാല പ്രസിഡന്റ് എം എക്‌സ് മാത്യു, സെക്രട്ടറി ഷാജഹാന്‍, തുടങ്ങി പതിനൊന്ന് അംഗ കമ്മിറ്റിയാണ് ഈ സംരഭത്തിന് നേതൃത്വം നല്‍കുന്നത്

എഴുത്തുകാരന്‍ പുസ്തകവുമായി വീട്ടിലെത്തുമ്പോള്‍.....

കൊച്ചിയില്‍ നിന്നും 20 കിലോമീറ്റര്‍ ദൂരെ ചേന്ദമംഗലത്താണ് ഗോതുരുത്ത് സ്ഥിതി ചെയ്യുന്നത്. ഗോതുരുത്ത് നിവാസികളുടെ ആത്മാവാണ് അവിടെയുള്ള വായനശാല. അവതരണത്തിലും പ്രവര്‍ത്തനശൈലിയിലുമുള്ള വ്യത്യസ്ത ഗോതുരുത്തിലെ ഗ്രാമീണ വായനശാലയെ വേറിട്ടതാക്കുന്നു.

എല്ലാ മാസത്തിലെ ഒരു ഞായാറാഴ്ച സംഘടിപ്പിക്കുന്ന വായനമുറ്റം എന്ന കൂട്ടായ്മയിലൂടെ എഴുത്തുകാരന്‍ പുസ്തകവുമായി വായനക്കാര്‍ക്കിടയിലേയ്ക്ക് എത്തുന്നു. ഒരു മാസം മുമ്പ് തന്നെ അവതരിപ്പിക്കുന്ന പുസ്തകം ഏതെന്ന് പറഞ്ഞിരിക്കും. അതിലൂടെ പരമാവധി ജനങ്ങള്‍ക്ക് വായനാമുറ്റത്തില്‍ പങ്കെടുക്കുവാനുള്ള അവസരം ഉണ്ടാകുന്നു. ഗ്രാമീണ വായനശാല പ്രസിഡന്റ് മാത്യു പറയുന്നു.

[caption id="attachment_79353" align="alignnone" width="1280"] ഗ്രാമീണവായനശാല പ്രസിഡന്റ് എം എക്‌സ് മാത്യു സംസാരിക്കുന്നു.[/caption]

എഴുത്തുകാരനും തിരക്കഥാകൃത്തുമായ പി എഫ് .മാത്യുസാണ് ഇരുട്ടില്‍ ഒരു പുണ്യാളന്‍ എന്ന പുസ്തകവുമായി ആദ്യമെത്തിയത്. ക്രൈസ്തവ ജീവിതത്തിലെ അനുഭവങ്ങളാണ് ഈ നോവല്‍ പറയുന്നത്. വിശ്വാസവും അവിശ്വാസവും സാത്താന്‍സേവയുമെല്ലാം പിണഞ്ഞുകിടക്കുന്ന നിഗൂഢതലമാണ് നോവലിന് ഉള്ളത്. തുടര്‍ന്ന് അവരുമായി കഥയെ പറ്റിയുള്ള ചര്‍ച്ചകള്‍ ആയിരിക്കും. ഇത്തരത്തില്‍ സംവാദത്തില്‍ ഏര്‍പ്പെടുമ്പോള്‍ നിരവധി അഭിപ്രായങ്ങളാണ് വരുന്നത്. ഇത്തരത്തില്‍ അവരുടെ ആസ്വാദനമികവ് അറിയാന്‍ സാധിക്കുന്നു.വളരെ ലളിതമായ രീതിയില്‍ അവര്‍ക്ക് വായനശീലത്തിലേക്ക് എത്താന്‍ സാധിക്കുന്നു മാത്യു പറയുന്നു.

സല്‍ക്കാരം പുസ്തകങ്ങള്‍ കൊണ്ട്

വായനാമുറ്റത്തില്‍ വരുന്ന അതിഥികള്‍ക്ക് ചായ സല്‍ക്കാരം ഇല്ല പകരം വായിക്കുവാനായി പുസ്തകം മാത്രം. വീട്ടുകാര്‍ക്ക് നിര്‍ബന്ധമാണെങ്കില്‍ മാത്രം ചായ. മുന്നറിയിപ്പ് ഇല്ലാതെ വരുന്ന വായനാ പ്രേമികള്‍ അതുകൊണ്ട് ആതിഥേയര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ല.

[caption id="attachment_79355" align="alignnone" width="1280"] വായനമുറ്റം- എഴുത്തുകാരന്‍ പിഎഫ് മാത്യൂസ് സംസാരിക്കുന്നു.[/caption]

സ്വാഭാവികമായി എല്ലാവരും വായനയില്‍ താല്‍പ്പര്യം ഉളളവരായിരിക്കില്ല.വായനാമുറ്റം ഒരു വീട്ടില്‍ നടക്കുമ്പോള്‍ അയല്‍പക്കത്തുള്ളവര്‍ ആ വീട്ടില്‍ പരിപാടി നടക്കുന്നു എന്ന് അറിയുമ്പോള്‍ മുതിര്‍ന്നവരോടോപ്പം കുട്ടികളും വായനാമുറ്റത്തില്‍ പങ്കെടുക്കുന്നു. വീട്ടുമുറ്റത്ത് പുസ്തകം എത്തി, അത് എഴുതിയ എഴുത്തുകാരനും ചേരുമ്പോള്‍ അതിന് സാക്ഷികളാവുക. പ്രകൃതിയെ അറിഞ്ഞുള്ള പ്രവര്‍ത്തനമാണ് വായനാമുറ്റത്തിന്റെ മറ്റൊരു സവിശേഷത. വൃക്ഷത്തൈ നട്ടുപിടിച്ച് ഭുമിയെ സംരക്ഷിക്കുക എന്ന ദൗത്യം ഈ വായനാമുറ്റത്തിലുണ്ട്.

അടുത്ത വായനാ മുറ്റം ഫെബ്രുവരി 19നാണ്. കെ.എ സെബാസ്റ്റ്യനാണ് കഥകളുമായി മുറ്റത്ത് എത്തുന്നത്.