തലസ്ഥാനത്ത് എസ്എഫ്‌ഐ വക സദാചാര ഗുണ്ടായിസം; അടുത്തിരുന്നതിന്റെ പേരില്‍ വിദ്യാര്‍ത്ഥിനികളേയും ആണ്‍ സുഹൃത്തിനേയും തല്ലിച്ചതച്ചു

ക്യാമ്പസില്‍ നടക്കുന്ന നാടകോത്സവം ആസ്വാദിക്കുകയായിരുന്ന ഇവരെ എസ്എഫ്ഐക്കാര്‍ വളഞ്ഞിട്ടു തല്ലുകയായിരുന്നുവെന്നാണ് പരാതി. പെണ്‍കുട്ടികള്‍ക്കൊപ്പം യുവാവ് ഇരിക്കുന്നതിനെ ചൊല്ലിയുള്ള വാക്ക്തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്നു ജിജീഷും സുഹൃത്തുക്കളും പറഞ്ഞു.

തലസ്ഥാനത്ത് എസ്എഫ്‌ഐ വക സദാചാര ഗുണ്ടായിസം; അടുത്തിരുന്നതിന്റെ പേരില്‍ വിദ്യാര്‍ത്ഥിനികളേയും ആണ്‍ സുഹൃത്തിനേയും തല്ലിച്ചതച്ചു

തലസ്ഥാന നഗരിയിലെ യൂണിവേഴ്സിറ്റി കോളേജ് ക്യാമ്പസില്‍ ഒരുമിച്ച് ഇരുന്നതിന് വിദ്യാര്‍ത്ഥിനികളേയും ആണ്‍ സുഹൃത്തിനേയും എസ്എഫ്ഐ പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചു. യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥിനികളായ സൂര്യ ഗായത്രിയും ജാനകിയും സുഹൃത്തും തൃശ്ശൂര്‍ സ്വദേശിയുമായ ജിജീഷുമാണ് എസ്എഫ്ഐക്കാരുടെമര്‍ദ്ദനത്തിനിരയായത്. മര്‍ദ്ദനത്തില്‍ പരുക്കേറ്റ ജിജീഷിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മര്‍ദ്ദനത്തിന് പുറമെ എസ്എഫ്‌ഐക്കാരുടെ വകയായി അസഭ്യവര്‍ഷവുമുണ്ടായതായി ജിജീഷ് പറഞ്ഞു. ക്യാമ്പസില്‍ നടക്കുന്ന നാടകോത്സവം ആസ്വാദിക്കുകയായിരുന്ന ഇവരെ എസ്എഫ്ഐക്കാര്‍ വളഞ്ഞിട്ടു തല്ലുകയായിരുന്നുവെന്നാണ് പരാതി. പെണ്‍കുട്ടികള്‍ക്കൊപ്പം യുവാവ് ഇരിക്കുന്നതിനെ ചൊല്ലിയുള്ള വാക്ക്തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്നു ജിജീഷും സുഹൃത്തുക്കളും പറഞ്ഞു.
എസ്എഫ്ഐയുടെ പേരില്‍ ക്യാമ്പസില്‍ നടക്കുന്ന തെറ്റായ സമീപനങ്ങളേയും ഫാസിസ്റ്റ് മനോഭാവത്തെയും മുമ്പ് പലപ്രാവശ്യം തങ്ങള്‍ ചോദ്യം ചെയ്തിരുന്നുവെന്നും അതിന്റെ പ്രതികാരമാണ് കഴിഞ്ഞ ദിവസം നടന്നതെന്നും വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. എസ്എഫ്ഐയുടെ പല അസ്വാഭാവിക രീതിയേയും കാമ്പസില്‍ വിമര്‍ശിച്ചിട്ടുണ്ട്. അതിന്റെ അസഹിഷ്ണുതയില്‍ നിന്നുടലെടുത്ത പ്രതികാരമാണ് ഇപ്പോഴത്തെ മര്‍ദ്ദനത്തിനുകാരണം.സംഘടനയെ ചോദ്യം ചെയ്തതിന്റെ പേരില്‍ പെണ്‍കുട്ടികള്‍ ശരിയല്ല എന്നും ഇവരോട് കൂട്ടുകൂടണ്ട എന്നും എസ്എഫ്ഐക്കാര്‍ താക്കീത് നല്‍കിയിട്ടുണ്ടെന്നും വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു.

സംഭവമറിഞ്ഞു സ്ഥലത്തെത്തിയ പൊലീസും എസ്എഫ്‌ഐക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന പരാതിയും ഉയരുന്നുണ്ട്. 'പൊലീസ് അക്രമികളെ പിടികൂടിയില്ല. പകരം തങ്ങളോട് ഇതു യൂണിവേഴ്‌സിറ്റി കോളേജാണെന്ന് അറിയില്ലേ എന്ന ചോദ്യമാണ് ഉന്നയിച്ചത്.'-പെണ്‍കുട്ടികള്‍ പറയുന്നു.

Read More >>