അധോലോക ബന്ധമുള്ള കാസർഗോട്ടെ ഗുണ്ടാത്തലവൻ കാലിയാ റഫീഖ് കർണാടകത്തിൽ കൊല്ലപ്പെട്ടു

കാറിൽ സഞ്ചരിക്കുകയായിരുന്ന കാലിയാ റഫീഖിനെ ടിപ്പർ ലോറിയിൽ പിന്തുടർന്നെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടക്കുമ്പോൾ വെടിവെപ്പുണ്ടായതായും സൂചനകൾ ഉണ്ട്. ഉള്ളാൾ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

അധോലോക ബന്ധമുള്ള കാസർഗോട്ടെ ഗുണ്ടാത്തലവൻ കാലിയാ റഫീഖ് കർണാടകത്തിൽ കൊല്ലപ്പെട്ടു

അധോലോക ബന്ധമുള്ള കുപ്രസിദ്ധ ഗുണ്ടാ തലവൻ കാസർഗോഡു സ്വദേശി കാലിയ റഫീഖ് കൊല്ലപ്പെട്ടു. മംഗളുരുവിന് സമീപം കെട്ടേക്കാറിൽ വച്ച് ഒരു സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കാറിൽ സഞ്ചരിക്കുകയായിരുന്ന കാലിയ റഫീഖിനെ ടിപ്പർ ലോറിയിൽ പിന്തുടർന്നെത്തിയ സംഘമാണ് കൃത്യം നിർവഹിച്ചത്.

കൊലപാതകം, മോഷണം, ഗുണ്ടാപിരിവ് തുടങ്ങിയ കുറ്റങ്ങളെത്തുടർന്ന് കാപ്പ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിൽ അടച്ചിരുന്ന കാലിയ റഫീഖ് കഴിഞ്ഞ നവംബറിലാണ് മുഴുവൻ കുറ്റങ്ങൾക്കും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. കാലിയ റഫീഖിന്റേയും കാസായി അലിയുടെയും ഗുണ്ടാസംഘങ്ങൾ തമ്മിൽ തെരുവിൽ ഏറ്റുമുട്ടുന്നത് പൊലീസിന് വലിയ തലവേദന ആയിരുന്നു. ഇരുസംഘങ്ങളും തെരുവിൽ പരസ്പരം വെടിവെപ്പ് നടത്തുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്.

കാലിയ റഫീഖ് കൊല്ലപ്പെടുമ്പോൾ കാറിൽ റഫീഖിന്റെ സുഹൃത്തുക്കളും ഉണ്ടായിരുന്നതായി സൂചനയുണ്ട്. സംഭവസമയത്തു വെടിവെപ്പ് നടന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഉള്ളാൾ എസ്‌ഐ ഗോപീകൃഷ്ണയുടെ നേതൃത്വത്തിൽ കർണാടക പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Read More >>