ഇതാണു ഞാൻ എസ്എഫ്ഐയിൽ നിന്നു പഠിച്ച സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും; മുൻ എസ്എഫ്ഐ പ്രവർത്തകന്റെ തുറന്നുപറച്ചിൽ

`കേരളത്തിലെ കലാലയങ്ങളിൽ എസ്എഫ്ഐക്ക് ഒരു പൊതുസ്വഭാവമുണ്ട്. സോഷ്യൽ ഫാസിസത്തിന്റെ സ്വഭാവമാണത്. ഞാൻ എസ്എഫ്ഐ സഹഭാരവാഹി ആയിരുന്ന കാലത്തെ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ തുറന്നു പറയേണ്ടത് നീതിക്ക് വേണ്ടി ശബ്ദിക്കുന്നവർക്ക് ഊർജ്ജമാകട്ടെ´- എസ്എഫ്ഐയുടെ കലാലയ ഫാഷിസത്തെ കുറിച്ച് തൃശ്ശൂർ ഗവ:എഞ്ചിനീയറിംഗ് കോളേജിലെ മുൻ എസ്എഫ്ഐ യൂണിറ്റ് വൈസ് പ്രസിഡന്റും മാഗസിൻ എഡിറ്ററുമായിരുന്ന അഭിലാഷ് പടച്ചേരിയുടെ ഒരു തുറന്നുപറച്ചിൽ

ഇതാണു ഞാൻ എസ്എഫ്ഐയിൽ നിന്നു പഠിച്ച സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും; മുൻ എസ്എഫ്ഐ പ്രവർത്തകന്റെ തുറന്നുപറച്ചിൽ

അഭിലാഷ് പടച്ചേരി

തൃശൂർ ഗവ. എൻജിനീയറിങ് കോളേജിൽ 2008-12 കാലത്ത് എസ്എഫ്ഐ പ്രവർത്തനത്തിൽ സജീവമായിരുന്നു. തുടർച്ചയായി പത്തിലധികം തവണ എസ്എഫ്ഐ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട കലാലയം. 2009 ൽ ആണ് കലാലയത്തിൽ എസ്എഫ്ഐ അല്ലാതെ മറ്റുശബ്ദങ്ങൾ ഉയരുന്നത്. അതുവരെ നമ്മൾ കേട്ടത് വീരപരിവേഷം നൽകിയ എസ്എഫ്ഐ സീനിയർ നേതാക്കളുടെയും പെണ്ണ് പിടിയന്മാരെന്നു മുദ്രകുത്തിയ മറ്റു സംഘടനാ നേതാക്കളുടെയും കഥകളായിരുന്നു. അങ്ങിനെ തന്നെയാണ് എസ്എഫ്ഐയെ വളർത്തിയത്. ഈ വളർച്ചയ്‌ക്കൊപ്പം യൂണിയൻ പിടിച്ചെടുക്കാൻ നിരവധി നുണപ്രചാരണങ്ങളും കയ്യൂക്കും ഉപയോഗിച്ചിട്ടുണ്ടെന്നു നേതൃത്വത്തിൽ എത്തിയപ്പോൾ മനസ്സിലായി. അതേ വഴി തന്നെയാണ് ഞാൻ അടങ്ങുന്ന യൂണിറ്റ് നേതൃത്വവും സ്വീകരിച്ചത്.


കെ എസ്  യു, എസ്ഐഒ, ക്യാംപസ് ഫ്രണ്ട് എന്നീ സംഘടനകളെ പ്രവർത്തിക്കാൻ അനുവദിക്കാതിരുന്നത് യൂണിറ്റിന്റെ തീരുമാനത്തിൻ മേലാണ്.

എസ്ഐഒ പ്രവർത്തകൻ ആഖിലിനെ മർദ്ദിക്കുന്നത് അന്നത്തെ യൂണിറ്റ് സെക്രട്ടേറിയറ്റിന്റെ തീരുമാനപ്രകാരമായിരുന്നു. കാരണം മുളയിലേ നുള്ളുക എന്നത് തന്നെ. ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ യൂണിറ്റ് രൂപീകരണത്തിന് തലേദിവസം ബോധപൂർവം സംഘർഷമുണ്ടാക്കി രൂപീകരണത്തെ നേരിട്ടു.

കെ എസ് യു യൂണിറ്റ് രൂപീകരിക്കാൻ നിന്ന വിദ്യാർത്ഥികളെ ഞാൻ അടങ്ങുന്ന എസ്എഫ്‌ഐ നേതൃത്വം തല്ലും കിട്ടും കേസും തരുമെന്ന് ഭീഷണിപ്പെടുത്തി മിണ്ടാതാക്കി. ഇതൊക്കെ പറയേണ്ടിവരുമ്പോൾ അഭിമാനമല്ല അപമാനമാണ് തോന്നുന്നത്. ഇതാണ് ഞാൻ എസ്എഫ്ഐയിൽ നിന്ന് പഠിച്ച സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും.

ഇങ്ങനെ തന്നെയാണ് കേരളത്തിലെ കലാലയങ്ങളിൽ എസ്എഫ്ഐ നിലനിന്നു പോകുന്നത്. ഏകാധിപത്യത്തിന്റെ അരാഷ്ട്രീയ ആൾക്കൂട്ടമായ എസ്എഫ്ഐ ഇന്ന് ആശയ സംവാദങ്ങളെ ഭയക്കുന്നു എന്ന് വേണം നാം മനസ്സിലാക്കാൻ.