വനഭൂമി വെച്ച് ലോണെടുക്കാം; വ്യാജ ആധാരം ചമച്ച് സ്വന്തം പേരിലാക്കാം; പാലക്കുഴിയിലേയ്ക്കു വരൂ... കൂട്ടിന് സിപിഎം നേതാവുമുണ്ട്

വനഭൂമി വെച്ച് ലോണെടുക്കാം, വ്യാജ ആധാരം ചമച്ച് സ്വന്തം പേരിലാക്കാം, ആവശ്യക്കാര്‍ക്ക് വില്‍ക്കാം, കയ്യേറി താമസിച്ച് കൃഷി ചെയ്യുകയും ആവാം. ഇതൊക്കെ കാണണമെങ്കില്‍ വടക്കുഞ്ചേരിയില്‍ നിന്ന് പതിനേഴ് കിലോമീറ്റര്‍ ദൂരത്തോളം ഹൈറേഞ്ച് കയറി പാലക്കുഴിയിലെത്തണം

വനഭൂമി വെച്ച് ലോണെടുക്കാം; വ്യാജ ആധാരം ചമച്ച് സ്വന്തം പേരിലാക്കാം; പാലക്കുഴിയിലേയ്ക്കു വരൂ... കൂട്ടിന് സിപിഎം നേതാവുമുണ്ട്

'കുറച്ചു കാലം മുമ്പാണ് വന്നതെങ്കില്‍ ഒന്നോ, രണ്ടോ ഏക്കര്‍ ഭൂമി നിങ്ങള്‍ക്കും സ്വന്തം പേരിലാക്കാമായിരുന്നു. ആരും അറിയില്ലായിരുന്നു. ഇപ്പോള്‍ ചിലരുടെ പേരിലൊക്കെ കേസായതിനാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ചുരുങ്ങിയത് ഒരു വര്‍ഷം മുമ്പെങ്കിലും ആയിരുന്നെങ്കിൽ നടന്നേനെ'. വടക്കുഞ്ചേരി കിഴക്കഞ്ചേരി പാലക്കുഴിയിയിലെ  വനഭൂമി തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച നാരദ ന്യൂസിനോട്  ഒരു റിയല്‍ എസ്‌റ്റേറ്റുകാരന്‍ പറഞ്ഞതാണിത്. പാലക്കുഴിയില്‍ കൃഷിക്ക് അനുയോജ്യമായ സ്ഥലം വാങ്ങാന്‍ പറ്റുമോ എന്ന് അന്വേഷിച്ചപ്പോഴാണ്  വനഭൂമി കൈയ്യിലാക്കാനുളള മാർഗങ്ങളെക്കുറിച്ച് അയാള്‍ വിശദീകരിച്ചത്.


വനഭൂമി വെച്ച് ലോണെടുക്കാം, വ്യാജ ആധാരം ചമച്ച് സ്വന്തം പേരിലാക്കാം, ആവശ്യക്കാര്‍ക്ക് വില്‍ക്കാം, കയ്യേറി താമസിച്ച് കൃഷി ചെയ്യുകയും ആവാം. ഇതൊക്കെ നേരിട്ടു ബോധ്യപ്പെടണമെങ്കിൽ വടക്കുഞ്ചേരിയില്‍ നിന്ന് പതിനേഴ് കിലോമീറ്റര്‍  ഹൈറേഞ്ച് കയറി പാലക്കുഴിയിലെത്തണം. പടിഞ്ഞാറ് പീച്ചി റിസര്‍വ്വ് ഫോറസ്റ്റ്,  തെക്ക് നെന്‍മാറ ചിമ്മിനി ഫോറസ്റ്റ്, വടക്കുകിഴക്ക് നെന്‍മാറ ഫോറസ്റ്റ് ഇവയ്ക്കിടയിലാണ്  340 വീടുകളും 1400 ഓളം വോട്ടര്‍മാരുള്ള പാലക്കുഴി പ്രദേശമുള്ളത്.266.65 ഏക്കര്‍ വനഭൂമി വ്യാജ ആധാരങ്ങളിലൂടെയും കള്ള പ്രമാണങ്ങളിലും പലരുടേയും കയ്യില്‍ എത്തി. 141 പേരാണ് ഇത്രയും വനഭൂമി തട്ടിയെടുത്തതെന്ന് ആലത്തൂര്‍ റെയ്ഞ്ച് ഓഫീസര്‍ പുറത്തു വിട്ട രേഖകളില്‍ കാണാം. എന്നാല്‍ വിരലില്‍ എണ്ണാവുന്നവരുടെ  പേരില്‍ മാത്രമാണ് പേരിനെങ്കിലും നോട്ടീസ് നല്‍കിയത്.

ആലത്തൂര്‍ റെയ്ഞ്ച് ഓഫീസര്‍ പുറത്തു വിട്ട കയ്യേറ്റക്കാരുടെ ലിസ്റ്റില്‍ 84 ാം നമ്പറുകാരനാണ് മുൻ പഞ്ചായത്തംഗവും സ്റ്റാന്റിംങ് കമ്മിറ്റി ചെയർന്മാനുമായിരുന്ന സി പി എം പാലക്കുഴി ബ്രാഞ്ച് സെക്രട്ടറി സണ്ണി.  1.5 ഏക്കര്‍ ഭൂമി തട്ടിയെടുത്ത ഇയാൾക്കെതിരെ കഴിഞ്ഞ ദിവസം വിജിലന്‍സ് കേസെടുത്തു. തട്ടിപ്പിനു കൂട്ടുനിന്ന കിഴക്കഞ്ചേരി വില്ലേജ് ഓഫീസര്‍ അനന്തരൂപന്‍, സ്‌പെഷല്‍ വില്ലേജ് ഓഫീസര്‍ ജോസഫ് റെജി, പുഴയ്ക്കലിടം പ്രഭാകരന്‍ എന്നിവര്‍ക്കെതിരേയും വിജിലന്‍സ് കേസെടുത്തിരുന്നു.


141 പേരുള്ള പട്ടികയില്‍ നിന്ന് 84 ാം നമ്പറുകാരനെതിരെ മാത്രം എങ്ങിനെ കേസ് വന്നെന്നു കൂടി നോക്കണം. പാലക്കുഴിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജോഷിയുടെ  പരാതി പ്രകാരമാണ് എം സി സണ്ണിക്കെതിരെ വിജിലന്‍സ് കേസെടുത്തത്. നേരത്തെ ഉറ്റചങ്ങാതിമാരായിരുന്നു  സണ്ണിയും ജോഷിയും. പിന്നീട്  ശത്രുക്കളായി. അതോടെയാണ് സണ്ണിക്കെതിരെ എല്ലാ തെളിവുകളും സംഘടിപ്പിച്ച് ജോഷി കേസുകൊടുത്തത്.

ഇതിന് ശേഷം ജോഷിക്കെതിരെ പല ആക്രമണങ്ങളും നടന്നിരുന്നു.  ഇപ്പോഴും ഹൈക്കോടതിയില്‍ നിന്നുള്ള പൊലീസ് പ്രൊട്ടക്ഷന്‍ ജോഷിക്കുണ്ട്. ലിസ്റ്റില്‍ കയ്യേറ്റക്കാരായി ഉള്‍പ്പെട്ട മറ്റു 140 പേര്‍ക്കുമെതിരെ ആരും കേസ് നല്‍കിയിട്ടില്ല. അതു കൊണ്ടു തന്നെ ബാക്കി വലിയ തട്ടിപ്പുകള്‍ വാര്‍ത്തയായതുമില്ല.

വനഭൂമി വേണ്ടവര്‍ക്ക് അത് വ്യാജരേഖയുണ്ടാക്കി സംഘടിപ്പിച്ചു കൊടുക്കുന്ന ഒരു മാഫിയ ഒരു വര്‍ഷം മുമ്പ് വരെ പാലക്കുഴിയില്‍ ഉണ്ടായിരുന്നു. ഇങ്ങിനെ പുറമെ നിന്ന് വലിയ തോതില്‍ വനഭൂമി സ്വന്തം പേരിലാക്കി പോയവരാണ് അധികവും. ആലത്തൂര്‍ റെയ്ഞ്ച് ഓഫീസര്‍ പുറത്തുവിട്ട ലിസ്റ്റില്‍ അല്ലാതെയും ഇവിടെ കയ്യേറ്റക്കാരുണ്ട്. എന്നാല്‍ അതൊന്നും പുറത്തു വന്നിട്ടില്ല.


മറ്റൊരു തട്ടിപ്പ് കൂടി പാലക്കുഴിയില്‍ നടക്കുന്നുണ്ട്.  ഈ തട്ടിപ്പിന് ഇരയാകുന്നത് ബാങ്കുകാരാണ്. വ്യാജ ആധാരം ഉണ്ടാക്കിയ ഭൂമി ഏതെങ്കിലും ആള്‍ക്ക് വിറ്റതായി രേഖയുണ്ടാക്കുന്നു. സ്ഥലം വാങ്ങിയ ഉടമയുടെ പേരില്‍ വ്യാജ രേഖകള്‍ ചമച്ച് ബാങ്കില്‍ നിന്ന ലോണ്‍ എടുക്കുന്നു. ഒരു ലക്ഷം, നാലു ലക്ഷം എന്നിങ്ങനെയുള്ള തുകകളാണ് എടുക്കുന്നത്. കിട്ടുന്ന ലോണിന്റെ തുകയുടെ മുക്കാല്‍ ഭാഗം സ്ഥലം വിറ്റയാള്‍ക്കും ബാക്കി ആധാരത്തിലെ പേരുകാരനും എടുക്കാം. തിരിച്ചടവ് ഇല്ലാതെ ബാങ്ക് ഭൂമി ജപ്തി ചെയ്യാന്‍ വരുമ്പോഴാണ് ലോണ്‍ നല്‍കിയത് വനഭൂമിക്കാണെന്ന് ബാങ്ക് മനസ്സിലാക്കുന്നത്. 12 ലേറെ ലോണുകളാണ് വ്യാജ ആധാരം വഴി ബാങ്കുകളില്‍ നിന്ന് ലോണെടുത്തത്. ലക്ഷ കണക്കിന് രൂപ മൂന്നു ബാങ്കുകള്‍ക്ക് നഷ്ടമാകുകയും ചെയ്തു.

ഷാജിജോണ്‍ എന്നയാള്‍ തന്റെ പേരിലാക്കിയ വനഭൂമി നാലിലധികം പേര്‍ക്ക്
എഴുതി കൊടുത്തതായി കാണിച്ച് അവരുടെ പേരില്‍ പിന്നോക്ക വികസന കോര്‍പ്പറേഷന്‍ വഴി ലോണ്‍ എടുത്തിട്ടുണ്ട്. വ്യാജ ആധാരം ചമച്ച് ഇപ്പോള്‍ കേസില്‍ പ്രതിയായ സി പി എം നേതാവും ഇതുപോലെ സ്വന്തം പേരിലാക്കിയ വനഭൂമി രണ്ടു പേര്‍ക്ക് എഴുതി  കൊടുത്ത് അവരുടെ പേരില്‍ ലോണെടുത്തിട്ടുണ്ട്. പിന്നോക്ക വികസന കോര്‍പ്പറേഷന്‍ വഴിയാണ്  പേരില്‍ എം സി സണ്ണി ഇത് ചെയ്തിട്ടുള്ളത്.
സ്ഥലം മറ്റൊരാള്‍ക്ക് വിറ്റതായി കാണിച്ച് ആധാരം ഉടമയെ ഉണ്ടാക്കുന്നു. പിന്നീട് ഈ ആധാരം ബാങ്കില്‍ വെച്ചാണ് ലോണെടുത്ത് ബാങ്കുകളെ കബളിപ്പിക്കുന്നത്.പാലക്കുഴിയിലെ കൊടുംകാട്  വെട്ടി വെളുപ്പിക്കുന്നു.

1960 കളില്‍ കൊടും കാടായിരുന്നു പാലക്കുഴി പ്രദേശം. ഇവിടെ കൊടും വനമായിരുന്ന 18886.ഏക്കര്‍ ഭൂമി പുഴയ്ക്കല്‍ രാജവംശത്തിന്റെ വകയായിരുന്നു. 1200 കുടുംബങ്ങളാണ് പല താവഴികളായി ഈ വനത്തിന് അവകാശികളായി ഉണ്ടായിരുന്നത്. ഈ വനഭൂമിയുടെ വീതം വെക്കുന്നത് സംബന്ധിച്ച്   ആലത്തൂര്‍ കോടതിയില്‍ കേസ് നിന്നിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കേസിന്റെ വിധി
1960 ലാണ് വരുന്നത്.

18886.ഏക്കര്‍ ഭൂമിയില്‍ 1400 ഏക്കര്‍ നിലവും മറ്റുമായിരുന്നു. ബാക്കി 16445 ഏക്കര്‍ ഭൂമി വനമായതിനാല്‍ അളന്നു തിരിക്കാന്‍ കഴിയാത്തതിനാല്‍ അത് ലേലം ചെയ്ത് വിറ്റ്  തുക വീതിക്കാന്‍ കോടതി വിധി ഉണ്ടായി.ലേലം ചെയ്തു വില്‍ക്കാനുള്ള കോടതി ഉത്തരവ് നടപ്പിലാക്കാന്‍ മൂന്നു അഡ്വക്കറ്റ് കമ്മീഷണര്‍മാരേയും കോടതി നിയോഗിച്ചു. ഇവരാണ് ലേലം ചെയ്ത് വിധി നടപ്പിലാക്കിയത്.പൊള്ളാച്ചിയിലെ യു ടി ടി എന്നറിയപ്പെടുന്ന യുണൈറ്റഡ്  ടിമ്പര്‍ ട്രേഡേഴ്‌സ് ആണ് അന്ന് ഈ വനം   അഞ്ചു ലക്ഷത്തി ഇരുപതിനായിരം രൂപയക്ക് ലേലത്തില്‍ പിടിച്ചത്. ലേലത്തുക തിരികെ കിട്ടാന്‍ 6000 ഏക്കര്‍ വനത്തിലെ ഭൂമി മുറിച്ചു വില്‍ക്കാനും കൃഷി ചെയ്യാനും  ബാക്കി 10000 ഏക്കര്‍ വനമായി നിലനിര്‍ത്താനും അന്നത്തെ കലക്ടര്‍ ഓര്‍ഡറും നല്‍കി. പക്ഷെ യു ടി ടി കമ്പനി 6000 ഏക്കര്‍ വനത്തിലധികം മുറിച്ചു കടത്തി. പലയിടത്തും വനമില്ലാതായി. മരം മുറിച്ച സ്ഥലത്തെല്ലാം തേക്കു തൈകള്‍ നടുകയും ചെയ്തു.1977 ല്‍ ഇതിലെ 2656 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. ഈ വനഭൂമിയാണ് മാഫിയകള്‍ വില്‍ക്കാനും വ്യാജ ആധാരം ചമച്ച് സ്വന്തം പേരിലാക്കാനും തുടങ്ങിയത്.

Read More >>