ബന്ദിപ്പൂർ വനം കത്തിയമരുന്നു; ഭീതിയിൽ വയനാടൻ കാടുകൾ; വയനാട് വന്യജീവി സങ്കേതം അടച്ചു; കേരളാ വനം വകുപ്പ് ഉറക്കത്തിൽ

വയനാടൻ കാടുകൾ നേരിടുന്നത് കാട്ടുതീയുടെ ഏറ്റവും ശക്തമായ ഭീഷണിയാണ്. തൊട്ടടുത്ത് ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിൽ 750 ഏക്കറോളം വനം ചാരമായിക്കഴിഞ്ഞു. വേനലിന്റെ കാഠിന്യം മൂലം വനം കടുത്ത വരൾച്ച നേരിടുകയും കാടുണങ്ങുകയും കരിയിലകൾ കൂമ്പാരമായിക്കിടക്കുകയും ചെയ്യുന്നതിനാൽ ഒരു തീപ്പൊരിക്ക് തന്നെ വനഭൂമിയെ ഒട്ടാകെ ഇല്ലാതാക്കാൻ കഴിയും. വനംവകുപ്പ് ഉദ്യോഗസ്ഥർ ജീവൻ പണയം വച്ച് ജോലി ചെയ്യുന്നുണ്ടെങ്കിലും വനംവകുപ്പ് ഒന്നും അറിഞ്ഞമട്ടില്ല. കാട്ടുതീക്കാലത്തും വനം വകുപ്പ് ഉറക്കത്തിലാണ്.

ബന്ദിപ്പൂർ വനം കത്തിയമരുന്നു; ഭീതിയിൽ വയനാടൻ കാടുകൾ; വയനാട് വന്യജീവി സങ്കേതം അടച്ചു; കേരളാ വനം വകുപ്പ് ഉറക്കത്തിൽ

വയനാടുമായി അതിർത്തി പങ്കിടുന്ന ബന്ദിപ്പൂർ സംരക്ഷിത വനത്തിൽ കാട്ടുതീ പടർന്നു പിടിക്കുന്നു. ദിവസങ്ങളോളമായി തുടരുന്ന കാട്ടുതീയിൽ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 750 ഏക്കറിലധികം വനം ചാരമായതായാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം. തീയനാക്കാനുള്ള ശ്രമത്തിനിടയിൽ കർണാടക വനം വകുപ്പിലെ നിരവധി ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ഫോറസ്റ്റ് ഗാർഡിന് ജീവൻ നഷ്ടമാവുകയും ചെയ്തിരുന്നു. തീ പൂർണമായും നിയന്ത്രണവിധേയമാക്കാൻ സാധിക്കാത്തത് കനത്ത ആശങ്കയുണ്ടാക്കുന്നു.


വയനാടും വനഗ്രാമങ്ങളും ഭീതിയിൽ

വേനൽ കടുത്തതോടെ കാട് ഉണങ്ങിയതും കരിയിലകൾ അടിയാൻ തുടങ്ങിയതുമാണ് കാട്ടുതീ അനിയന്ത്രിതമായി പടർന്നു പിടിക്കാൻ കാരണമായത്. ഭൂമിശാസ്ത്രപരമായി ബന്ദിപ്പൂർ വനത്തിന്റെ തുടർച്ചയാണ് വയനാട് വന്യജീവി സങ്കേതം. ബന്ദിപ്പൂരിൽ പടർന്നു പിടിച്ച തീ വായനാട്ടിലേക്കെത്താൻ ഏറെ സമയമെടുക്കില്ലെന്ന് ചുരുക്കം. കടുത്ത വേനൽ വയനാട് വന്യജീവി കേന്ദ്രത്തിലും വരൾച്ചയ്ക്കും ഉണക്കത്തിനും കാരണമായിട്ടുണ്ട്. എല്ലാത്തിനും പുറമെ വയനാടൻ കാടുകളിൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നിരവധി ചെറിയ തീപ്പിടിത്തങ്ങൾ ഉണ്ടായതും ആശങ്ക വർധിപ്പിക്കുന്നു.

കേരളാ - കർണാടക അതിർത്തി പ്രദേശങ്ങളിൽ നിരവധി വനഗ്രാമങ്ങൾ ഉണ്ട്. ഒന്നോ രണ്ടോ കുടുംബങ്ങൾ മുതൽ അമ്പത് കുടുംബങ്ങൾ വരെ താമസിക്കുന്ന ഇത്തരം ഗ്രാമങ്ങളും കടുത്ത ഭീതിയിലാണ്. പല ഗ്രാമങ്ങളും ബന്ദിപ്പൂരിൽ നിന്നും ഉയരുന്ന പുകയ്ക്കുള്ളിൽ പെട്ടിരിക്കുകയാണ്.

പുറത്തുനിന്നുള്ളവർക്ക് എത്തിപ്പെടാൻ തന്നെ ഏറെ പ്രയാസമുള്ള ഇത്തരം ഗ്രാമങ്ങളിലെ ആളുകളെ മാറ്റിപ്പാർപ്പിക്കാനോ അവർക്കാവശ്യമായ സുരക്ഷയൊരുക്കാനോ ഉള്ള യാതൊരു നടപടിയും ബന്ധപ്പെട്ടവരുടെ പക്കൽ നിന്നും ഉണ്ടാകുന്നില്ല എന്നത് ഏറെ ഭീതിതമാണ്.

'വന്യജീവി അഭയാർത്ഥി' പ്രവാഹം; വയനാട് വന്യജീവി സങ്കേതം അടച്ചു

ബന്ദിപ്പൂരിൽ കാട്ടുതീ പടർന്നു പിടിച്ചതോടെ ചൂടും പുകയും വരൾച്ചയും താങ്ങാനാകാതെ അവിടെയുള്ള വന്യജീവികൾ കൂട്ടമായി വയനാട് വന്യജീവി സങ്കേതത്തിലേക്ക് പാലായനം ചെയ്യാൻ തുടഗിയിട്ടുണ്ട്. വയനാടൻ കാടുകളിലും വരൾച്ചയും വിഭവക്ഷാമവും അനുഭവപ്പെടുന്നതിനാൽ വരും ദിനങ്ങൾ കാട്ടുമൃഗങ്ങൾ കൂട്ടമായി നാട്ടിലേക്കിറങ്ങുമോ എന്ന ആശങ്കയും വനംവകുപ്പ് അധികൃതർക്കുണ്ട്.

വന്യജീവികളുടെ അഭയാർത്ഥി പ്രവാഹത്തിന് തടസ്സമുണ്ടാവാതിരിക്കാൻ മുത്തങ്ങ, തോൽപ്പെട്ടി ഇക്കോ ടൂറിസം സെന്ററുകളിലേക്കുള്ള വിനോദ സഞ്ചാരികളുടെ പ്രവേശനം മാർച്ച് 31 വരെ നിരോധിച്ചു. സന്ദർശകരുടെ സാന്നിധ്യം വന്യജീവി സഞ്ചാരത്തിന് അലോസരമാകും എന്നതിനൊപ്പം വന്യജീവികളിൽ നിന്നും സഞ്ചാരികൾക്ക് അക്രമമേൽക്കാനുള്ള സാധ്യതയും കണക്കിലെടുത്തതുകൊണ്ടാണ് നടപടി.

കാടിന് തീപിടിക്കുമ്പോഴും വനംവകുപ്പ് ഉറക്കത്തിലാണ്!

ഒരു തീപ്പൊരി വീണാൽ പോലും വയനാട് ഒരു അഗ്നിഗോളമായി മാറും എന്ന ഭീതിതമായ യാഥാർഥ്യത്തിന് നടുവിലാണ് വനവകുപ്പ് ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നത്. പ്ലാസ്റ്റിക് കന്നാസിലെ വെള്ളവും ഫയർ ബീറ്ററും കൊണ്ട് പടർന്നു പിടിക്കുന്ന അഗ്നിയെ അണക്കാൻ വിധിക്കപ്പെട്ടവരാണ് ഇവർ. പച്ചില ചില്ലകൾ കൊണ്ട് തീ അടിച്ചു അണക്കേണ്ടി വരുന്ന ദുരോഗവും ഇവർക്ക് തന്നെ. കഴിഞ്ഞ ദിവസങ്ങളിൽ തീ ആനക്കുന്നതിനിടെ നിരവധി ഉദ്യോഗസ്ഥർക്ക് പൊള്ളലേറ്റിരുന്നു. ഉദ്യോഗസ്ഥരുടെ എണ്ണക്കുറവും ഉപകരണങ്ങളുടെ അപര്യാപതതയും ചൂടിൽ ഏറെ നേരം ജോലി ചെയ്യേണ്ട അവസ്ഥയും സംഗതികളെ അത്യന്തം ഗുരുതരമാക്കുന്നുണ്ട്.

ബന്ദിപ്പൂരിൽ കാട്ടു തീ ഉണ്ടായിരിക്കുന്ന സാഹചര്യത്തിൽ ഇരു വാനപ്രദേശങ്ങളുടെയും അതിർത്തിയിൽ തീ പടർന്നു പിടിക്കാതിരിക്കുന്നതു ഒഴിവാക്കാനായി 'ഫയർ ബെൽറ്റുകൾ' ഉണ്ടാക്കുക എന്ന പ്രവർത്തനമാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ഇപ്പോൾ ചെയ്യുന്നത്. മുന്നൂറ്റി അമ്പതോളം ചതുരശ്ര കിലോമീറ്റർ വലിപ്പമുള്ള വയനാട് വന്യജീവി സങ്കേതത്തിൽ 200 വനപാലകർ മാത്രമാണ് കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജോലി ചെയ്യുന്നത്.
വയനാടൻ കാടുകളിൽ ഇതുവരെയുണ്ടായതിൽ വച്ച് ഏറ്റവും വലിയ അഗ്നിബാധ ഭീഷണിയാണ് ഇപ്പോൾ നിലവിലുള്ളത്.

എന്നാൽ വനംവകുപ്പ് ഉറക്കത്തിലാണ്. കാട്ടുതീ തടയാനുള്ള അടിയന്തിര നടപടികളോ പരിപാടികളോ ഇതുവരെ വനം വകുപ്പ് ആവിഷ്കരിച്ചിട്ടില്ല. മറ്റു സംസ്ഥാനങ്ങളിൽ പ്രത്യേക മാസ്റ്റർ പ്ലാൻ ഉൾപ്പെടെ ഉണ്ടാക്കിയാണ് കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കാട്ടുതീയിൽ പരിക്കേൽക്കുന്ന മനുഷ്യർക്കോ കാട്ടുജീവികൾക്കോ ചികിത്സ നൽകാനുള്ള സംവിധാനങ്ങളും വരെ ഏർപ്പെടുത്തിയിട്ടില്ല. രണ്ട് വൈൽഡ് ലൈഫ് വാർഡന്മാർ സ്ഥലം മാറിപ്പോയിട്ട് മാസം ഒന്നുകഴിഞ്ഞെങ്കിലും പകരം നിയമനം പോലും നടത്താതെ വനംവകുപ്പ് നല്ല ഉറക്കത്തിലാണ്. കാട്ടുതീ ഇല്ലാത്തേയും എരിച്ചില്ലാതാക്കിയാലും വനം വകുപ്പ് ഉറക്കംവിട്ടുണരാൻ ഇടയില്ല.

Read More >>