നന്ദി സുഷമാ സ്വരാജ്; നന്ദി ഉമ്മൻചാണ്ടി; അവരഞ്ചുപേരും നാളെ കൊച്ചിയിലെത്തുന്നു... ടോഗോ സെൻട്രൽ ജയിലിൽ നിന്ന്

ഉറ്റ സുഹൃത്തെന്ന് വിശ്വസിച്ചവന്റെ ചതിയിൽപ്പെട്ട് ഭൂമിയുടെ ഏതോ അറ്റത്തെ ഒരു കുടുസുമുറിയിൽ ജയിൽവാസമനുഭവിക്കാൻ വിധിക്കപ്പെട്ടവരുടെ മോചനത്തിനായി സാധ്യമായതെല്ലാം ചെയ്തവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. സ്വന്തം ജീവനു നൽകുന്ന അതേ പ്രാധാന്യം ഒരു പരിചയവുമില്ലാത്ത ഇവർക്കും നൽകാൻ സുഷമാ സ്വരാജിനെയും ഉമ്മൻചാണ്ടിയെയും പോലുളളവർ തയ്യാറായപ്പോഴാണ് ആ മോചനം സാധ്യമായത്. മാതൃകാപരമാണ് ആ ഇടപെടൽ. മനുഷ്യനിൽ വിശ്വസിക്കുന്നവരെ ആവേശം കൊള്ളിക്കുന്ന അനുഭവം.

നന്ദി സുഷമാ സ്വരാജ്; നന്ദി ഉമ്മൻചാണ്ടി; അവരഞ്ചുപേരും നാളെ കൊച്ചിയിലെത്തുന്നു... ടോഗോ സെൻട്രൽ ജയിലിൽ നിന്ന്

ഇത് ഒരാളുടെ മാത്രം അല്ലെങ്കിൽ ഒരു പാർടിയുടെ മാത്രം എഫർട്ടല്ല. മാത്യു ചേട്ടൻ തുടങ്ങി ഏഷ്യാനെറ്റും ഉമ്മൻചാണ്ടി സാറും നിസാർ സാറും അവരു വഴിയായി എക്സ്‌റ്റേണൽ അഫയേഴ്സിൽ നിന്ന് ഒരു പുഷു വരികയും ... മെയിനായി ഇപ്പോ പറയുന്നത്... നിങ്ങൾ ഒരു തുടക്കമിട്ടു തന്നു... ആ വള്ളിയിൽ പിടിച്ചു കയറി കൊമ്പത്തെത്തി ... ആ കൊമ്പത്തിരിക്കുന്ന ആളാണ് സുഷമാ സ്വരാജ് മാഡം. പുള്ളിക്കാരിയുടെ കനിവുകാരണം... നമ്മുടെ ഡിഫൻസ് മിനിസ്റ്റർ ടോഗോയിൽ വന്നപ്പോ ഒരു പുഷു നൽകി.. കോൺസുലേറ്റിലെ നിസാർ സാർ അതു ഫോളോ അപ്പു ചെയ്യുകയും അദ്ദേഹത്തിന്റെ പേഴ്ണണൽ ഇൻററസ്റ്റായി കേസെടുക്കുകയും പ്രസിഡന്റുമായി പലവട്ടം സംസാരിക്കുകയും ചെയ്തുവെന്നാണ് അറിയാൻ സാധിച്ചത്... എന്തായാലും എല്ലാവരുടെയും എഫർട്ട് ഇതിന്റെ പിന്നിലുണ്ട്...

ആന്റണി ഗോഡ്വിൻ ടോഗോയിൽ നിന്നയച്ച ഓഡിയോ ക്ലിപ്

https://soundcloud.com/news-narada/with-love-from-togo

ടോഗോ ജയിലിൽ നിന്ന് മോചിതരായ മലയാളി യുവാക്കളിൽ ഗോഡ്‌വിൻ നാരദാ ന്യൂസിന് അയച്ചു തന്ന വോയിസ് ക്ലിപ്പാണിത്. ഞങ്ങൾക്കും ഇതൊരു അഭിമാന നിമിഷമാണ്. ടോഗോയെന്ന പശ്ചിമ ആഫ്രിക്കയിലെ ഒരു കൊച്ചു രാജ്യത്ത് പെട്ടുപോയ മലയാളികളെ മോചിപ്പിക്കാനുളള ദൌത്യത്തിന്റെ തുടക്കക്കാരാവാൻ കഴിഞ്ഞതിലുള്ള സന്തോഷം മറച്ചു വയ്ക്കുന്നില്ല.

ഈ യുവാക്കൾക്കു വേണ്ടി പലരെയും കണ്ടു. പലരോടും സഹായം അഭ്യർത്ഥിച്ചു. ഫലം കണ്ടുതുടങ്ങിയത് ഉമ്മൻചാണ്ടിയിൽ നിന്നാണ്. ഇവരുടെ മോചനത്തിനു വേണ്ടി കേന്ദ്രസർക്കാരിലെ പലരെയും അദ്ദേഹം നേരിട്ടു സമീപിച്ചു. ഇതുപോലൊരു കേസിൽപ്പെട്ട് ഇതേ ജയിലിൽ കഴിഞ്ഞ സുനിൽ ജെയിംസ് എന്ന ചമ്പക്കുളം സ്വദേശിയെ 2013ൽ മോചിപ്പിച്ചതും ആ ഇടപെടലിന്റെ ഫലമായാണ്. നിസാർ കോച്ചേരി എന്ന അഭിഭാഷകനെ കേസു വാദിക്കാൻ ഉമ്മൻ ചാണ്ടിയാണ് ഏർപ്പാടു ചെയ്തത്. അദ്ദേഹം നാലു തവണ ടോഗോയിലെത്തി കേസു വാദിച്ചു. പക്ഷേ, ശിക്ഷ ഒഴിവാക്കാൻ കഴിഞ്ഞില്ല. എന്നാൽ പരിശ്രമം അവസാനിപ്പിച്ചില്ല.

വിദേശകാര്യമന്ത്രി പദത്തിൽ സുഷമാ സ്വരാജ് എത്തിയപ്പോൾ നടപടികൾ ഊർജിതമായി. മോചനം യാഥാർത്ഥ്യമാകുന്നതുവരെ വ്യക്തിപരമായി അവർ ചെലുത്തിയ ശ്രദ്ധയാണ് സ്വപ്നം യാഥാർത്ഥ്യമാക്കിയത്.   2015ലെ ഇന്ത്യാ ആഫ്രിക്ക ഉച്ചകോടിയ്ക്കെത്തിയ ടോഗോ നേതാക്കളോട് അവർ വിഷയം അവതരിപ്പിച്ചു. അതിനുശേഷം 2016 ഒക്ടോബറിൽ ടോഗോയുടെ തലസ്ഥാനമായ ലോമിൽ നടന്ന ആഫ്രിക്കൻ യൂണിയൻ മാരിടൈം ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ വിദേശകാര്യ സഹമന്ത്രി സുഭാഷ് ഭാംറെയും വിഷയത്തിന്റെ ന്യായം ടോഗോ അധികാരികളെ ധരിപ്പിച്ചു. ഇന്ത്യൻ കോൺസുലേറ്റ് അധികൃതരും മോചനത്തിനു വേണ്ടി നിശ്ചയ ദാർഢ്യത്തോടെ ഇടപെട്ടു.

ഒടുവിൽ നാലു വർഷത്തെ ജയിൽ വാസത്തിനു ശേഷം അവർ മോചിതരാകുന്നു. ആന്റണി ഗോഡ്‌വിൻ, നവീൻ ഗോപി, തരുൺ ബാബു, നിതിൻ ബാബു, ഷാജി അബ്ദുള്ളക്കുട്ടി എന്നീ അഞ്ചു പേർ.ഇവരെങ്ങനെ ടോഗോ ജയിലിലായി?

അടുത്ത സുഹൃത്തിനെ പുതിയ ബിസിനസ്സില്‍ സഹായിക്കാനാണ് എറണാകുളം കലൂര്‍ കീര്‍ത്തിനഗര്‍ സ്വദേശി തരുണ്‍ ബാബുവും സംഘവും 2013 ജൂൺ 21ന് ആഫ്രിക്കയിലേയ്ക്കു വിമാനം കയറിയത്. സുഹൃത്തിന്റെ പേര് അരുൺ ചന്ദ്രൻ. സ്വദേശം എറണാകുളം തേവര. കപ്പലിന്റെ അറ്റകുറ്റപ്പണികൾ നടത്താൻ ഒരു കമ്പനി തുടങ്ങിയെന്ന് വിശ്വസിപ്പിച്ചാണ് അരുൺ ചന്ദ്ര ഇവരെ സമീപിച്ചത്. ക്രോസ്‌വെല്‍ മറൈന്‍ സര്‍വീസസ് എന്നായിരുന്നത്രേ കമ്പനിയുടെ പേര്. സഹോദരൻ നിതിന്‍ ബാബു, കൊച്ചി പൂക്കാട്ടുപടി സ്വദേശി ഷാജി, ചേരാനെല്ലൂര്‍ സ്വദേശി ഗോഡ്‌വിന്‍ ആന്റണി എന്നിവരുമായി തരുൺ ബാബു ടോഗോയിലേയ്ക്കു പുറപ്പെട്ടു.

മര്‍ച്ചന്റ് നേവിയിലെ ജീവനക്കാരായിരുന്നു തരുണും നിതിനും. ഒന്നരമാസത്തെ അവധിയെടുത്താണ് അവർ ടോഗോയിലേയ്ക്കു പോയത്. ഷിപ്പിന്റെ മെയിന്റനന്‍സിനുള്ള പുതിയ കമ്പനിയിലേക്ക് അഡ്മിനിസ്ട്രേറ്റര്‍, ഹോം മെക്കാനിക്ക്, ഡീസല്‍ മെക്കാനിക്ക്, വെല്‍ഡര്‍ എന്നീ തസ്തികകളിലേക്കാണ് റിക്രൂട്ട് ചെയതത്. ടോഗോ എംബസിയില്‍ വിസാ അപ്ലിക്കേഷന്‍ നല്‍കിയിരുന്നു. എല്ലാ രേഖകളും ശരിയാക്കിയിരുന്നു. ക്യാപ്റ്റന്‍ അരുണ്‍ ചന്ദ്രന്റെ അനിയന്‍ അശോകും ഭാര്യാസഹോദരനായ നവീന്‍ ഗോപിയും സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു.

ടോഗോയിലെത്തി ഒരു മാസമാകുന്നതിന് മുമ്പ് ബ്രിട്ടീഷ് ഷിപ്പിങ് കമ്പനി യൂനിയന്‍ മാരിടൈമിന്റെ ചരക്കുകപ്പലായ എ.ടി ഓഷ്യന്‍ സെഞ്ചൂറിയന്റെ അറ്റകുറ്റ പണികള്‍ക്കെന്ന പേരില്‍ ക്യാപ്റ്റന്‍ അരുണ്‍ ചന്ദ്രന്‍ ഇവരെ കൊണ്ടുപോയി. കപ്പലിലെത്തിയെങ്കിലും അപ്പോള്‍ അറ്റകുറ്റ പണികള്‍ക്ക് അനുമതി ലഭിച്ചില്ലെന്ന് സൂചിപ്പിച്ച് തിരികെ റൂമിലേക്ക് തന്നെ കൊണ്ടുവിട്ടു.

എന്നാല്‍ തൊട്ടുപിന്നാലെ പൊലീസ് എത്തി എല്ലാവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കപ്പലില്‍ നിന്നും വിലപിടിപ്പുള്ള സാധനങ്ങളും ക്രൂ അംഗങ്ങളുടെ വാച്ചും മൊബൈല്‍ ഫോണുമടക്കമുള്ള വസ്തുക്കളും കാണാതായെന്ന് ആരോപിച്ചു. വിചാരണക്കിടെ കഴിഞ്ഞ വര്‍ഷം ഏപ്രിലോടെ ക്യാപ്റ്റന്‍ അരുണ്‍ ചന്ദ്രനും അനിയന്‍ അശോകും നവീനും ജയില്‍ ചാടി. നവീന്‍ മാത്രം പിന്നീട് പിടിക്കപ്പെട്ടു. ഇതോടെ മറ്റുള്ളവരുടെ മോചന ശ്രമങ്ങള്‍ക്കും തിരിച്ചടിയായി.

ഇവര്‍ കടല്‍കൊള്ളക്കാരാണ് എന്നായിരുന്നു ടോഗോ പോലീസിന്റെ ആരോപണം. കപ്പല്‍ മോഷണം, കപ്പലിലെ സാധനങ്ങള്‍ കൊള്ളയടിച്ചു, സ്ഥലത്ത് കൊള്ള സംഘം രൂപീകരിച്ചു തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇവരെ ജയിലിടച്ചത്. ഇതില്‍ കൊള്ള സംഘ രൂപീകരണം എന്ന ആരോപണം കോടതി തള്ളി. പക്ഷേ, നാല് വര്‍ഷത്തേക്ക് കോടതി ശിക്ഷിച്ചു. കപ്പലിന് മൂന്ന് മില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായെന്നും ആരോപിച്ചു. ഇന്‍ഷൂറന്‍സ് തട്ടാനായിരുന്നു ഇത്.

അതിനിടെ എ.ടി ഓഷ്യന്‍ സെഞ്ചൂറിയനിലെ ക്യാപ്റ്റനായിരുന്ന സുനില്‍ ജെയിംസിനെയും കൂടെയുണ്ടായിരുന്ന വിജയനെയും വെറുതേ വിടുകയും ചെയ്തു. മോചനത്തിന് ശ്രമം നടത്തുന്നതിനിടെ സുനിലിന്റെ 11 മാസം പ്രായമുള്ള കുഞ്ഞ് വിവിയന്‍ ആമാശയ രോഗ മൂലം മുംബൈയിലെ ആശുപത്രിയില്‍ മരിച്ചിരുന്നു.

മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് പേരുകേട്ട ടോഗോ സെന്‍ട്രല്‍ ജയിലിലാണ് ഇവരെ പാർപ്പിച്ചിരുന്നത്. ഒരു ചെറിയ മുറിയിൽ അറുപതോളം തടവുകാർ. ഒന്നു തിരിഞ്ഞു കിടക്കാൻ പോലും കഴിയാത്ത അവസ്ഥ. കസ്റ്റഡി മരണം നിത്യസംഭവമാണ്. ദരിദ്രരാഷ്ട്രമായതിനാല്‍ എന്തിനും ഏതിനും പണമാണ് പ്രധാനം. പണം നല്‍കിയാലും പീഡനങ്ങള്‍ സഹിക്കുകയും വേണം. ആഹാരം കഴിക്കാനും മലമൂത്ര വിസര്‍ജ്ജനം നടത്താനും കിടന്ന് ഉറങ്ങാനും ജഡ്ജിക്ക് വരെ കൈക്കൂലി കൊടുക്കണം.

എയ്ഡ്സും ക്ഷയവും മാരകരോഗങ്ങളും ബാധിച്ച കൊടുംകുറ്റവാളിക്കള്‍ക്കൊപ്പം നില്‍ക്കാനും ഇരിക്കാനും സ്ഥലമില്ലാത്ത ജയിലില്‍ മൂന്നു വർഷത്തെ നരകജീവിതം. ഗുണ്ടകളോ പോലീസോ ഏതു നിമിഷവും ജീവനെടുക്കാമെന്ന അവസ്ഥ. പലപ്പോഴും മലേറിയ അടക്കമുള്ള മാരകരോഗങ്ങളും മരണത്തിന്റെ വെല്ലുവിളിയുമായി എത്തി. കടം വാങ്ങിയും പണയം വെച്ചും ഇവരുടെ ജീവൻ നിലനിർത്താൻ കുടുംബം ഇതിനകം ചെലവഴിച്ചത് 2 കോടിയിലേറെ രൂപ. സാമാന്യം തരക്കേടില്ലാതെ കഴിഞ്ഞിരുന്ന കുടുംബങ്ങളെല്ലാം ഇന്ന് കടക്കെണിയിലാണ്.

ഒടുവിൽ കുടുംബവും നാടും കാത്തിരുന്ന ആ മോചനം സാധ്യമായി. ഫെബ്രുവരി 3ന് അവർ കൊച്ചിയിൽ വിമാനമിറങ്ങും. ഉറ്റ സുഹൃത്തെന്ന് വിശ്വസിച്ചവന്റെ ചതിയിൽപ്പെട്ട് ഭൂമിയുടെ ഏതോ അറ്റത്തെ ഒരു കുടുസുമുറിയിൽ ജയിൽവാസമനുഭവിക്കാൻ വിധിക്കപ്പെട്ടവരുടെ മോചനത്തിനായി സാധ്യമായതെല്ലാം ചെയ്തവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. സ്വന്തം ജീവനു നൽകുന്ന അതേ പ്രാധാന്യം ഒരു പരിചയവുമില്ലാത്ത ഇവർക്കും നൽകാൻ സുഷമാ സ്വരാജിനെയും ഉമ്മൻചാണ്ടിയെയും പോലുള്ളവർ തയ്യാറായപ്പോഴാണ് ആ മോചനം സാധ്യമായത്. മാതൃകാപരമാണ് ആ ഇടപെടൽ. മനുഷ്യനിൽ വിശ്വസിക്കുന്നവരെ ആവേശം കൊള്ളിക്കുന്ന അനുഭവം.

Read More >>