കടൽക്കൊളളക്കാർക്ക് കഠിനശിക്ഷ ഉറപ്പുവരുത്തുന്ന രാജ്യമെന്ന് തെളിയിക്കാൻ മലയാളികളെ ടോഗോ അവസരമാക്കി, അഭിഭാഷകൻ നാരദാ ന്യൂസിനോട്

ഇന്ത്യാ സർക്കാർ എന്ന നിലയിൽ ഇടപെട്ടാൽ മാത്രമേ എന്തെങ്കിലും കാര്യമുളളൂ എന്നു മനസിലായി. ആഫ്രിക്കയിലെ ജയിലുകൾ വളരെ മോശമാണ്. അതൊക്കെ നേരിട്ടു കണ്ടതാണ്. ഏതു വിധേനെയും ഈ ചെറുപ്പക്കാരെ മോചിപ്പിക്കാൻ എല്ലാ ശ്രമവും തുടർന്നു. ടോഗോയിൽ തടവിലായ മലയാളികൾക്കു തുണയായ അഭിഭാഷകൻ നിസാർ കോച്ചേരി പറയുന്നു.

കടൽക്കൊളളക്കാർക്ക് കഠിനശിക്ഷ ഉറപ്പുവരുത്തുന്ന രാജ്യമെന്ന് തെളിയിക്കാൻ മലയാളികളെ ടോഗോ അവസരമാക്കി, അഭിഭാഷകൻ നാരദാ ന്യൂസിനോട്

കടൽക്കൊളളക്കാർക്ക് ടോഗോയിൽ കഠിനശിക്ഷ ലഭിക്കുമെന്നു തെളിയിക്കാൻ തടവിലായ മലയാളികളെ ടോഗോ സർക്കാർ അവസരമാക്കുകയായിരുന്നുവെന്ന് മലയാളികൾക്കു വേണ്ടി പലവട്ടം ഹാജരായ അഭിഭാഷകൻ നിസാർ കോച്ചേരി നാരദാ ന്യൂസിനോട്. ഇത്തരം കേസുകൾ ചുമത്തപ്പെടുന്നവർക്ക് നാലു വർഷമാണ് ഏറ്റവും കുറഞ്ഞ ശിക്ഷ. വളരെ ദരിദ്രമായ രാജ്യമാണ് ടോഗോ. കപ്പലുകളുടെ പാർക്കിംഗും അറ്റകുറ്റപ്പണികളുമൊക്കെയാണ് പ്രധാന വരുമാനമാർഗം. കടൽക്കൊളളക്കാരോട് വിട്ടുവീഴ്ചയില്ലെന്ന സൽപ്പേര് പ്രധാനമാണ്. കവർച്ചയും കവർച്ചാശ്രമവും ആരോപിച്ച് 2013ൽ ശിക്ഷിക്കപ്പെട്ട നാലു മലയാളികളെയും നിയമവഴിയിലൂടെ പുറത്തിറക്കാൻ നടത്തിയ ശ്രമങ്ങളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓഫീസിൽ വിദേശത്ത് ഇത്തരത്തിൽ പെട്ടുപോകുന്നവരെക്കുറിച്ച് അന്വേഷിക്കുന്നതിനും ഇടപെടുന്നതിനുമായി ശിവദാസ് എന്നൊരാളിനെ ചുമതലപ്പെടുത്തിയിരുന്നു. (അദ്ദേഹം ഈയിടെ മരണപ്പെട്ടു). അദ്ദേഹമാണ് എന്നെ ഈ കേസുമായി ബന്ധിപ്പിച്ചത്. വിദേശ രാജ്യങ്ങളിൽ തടവിലാകുന്നവരെ നിയമപരമായി സഹായിക്കുകയും അവരുടെ മോചനത്തിനു വേണ്ടി ശ്രമിക്കുകയും ചെയ്യുന്ന ഒരാളെന്ന നിലയിലാണ് എന്നെ സമീപിച്ചത്. ഏകദേശം മുന്നൂറോളം പേരെ ഇത്തരത്തിൽ മോചിപ്പിച്ച ചരിത്രം എനിക്കുണ്ട് - നിസാർ കോച്ചേരി പറയുന്നു.

2013 ജൂൺ മാസത്തിലാണ് ഇവർ അറസ്റ്റു ചെയ്യപ്പെട്ടത്. കേസ് കൈയിലെത്തിയത് 2015 നവംബറിലും. കാര്യങ്ങൾ മനസിലാക്കിയശേഷം അന്ന് ഇന്ത്യാ സർക്കാരിൽ ആഫ്രിക്കൻ രാജ്യങ്ങളുടെ ചുമതല വഹിച്ചിരുന്ന സഞ്ജീവ് കൌളി എന്ന ഐഎഫ്ഐസ് ഉദ്യോഗസ്ഥനെ സമീപിച്ചു. അദ്ദേഹം ടോഗോയിലെ എംബസിയുമായി ബന്ധപ്പെടുത്തിത്തന്നു. അവിടെ എത്തിയപ്പോഴേയ്ക്കും വിചാരണയും ശിക്ഷയുമൊക്കെ കഴിഞ്ഞിരുന്നു. നാലു വർഷത്തെ തടവും വൻ തുക പിഴയും. അതായിരുന്നു ശിക്ഷ.

അപ്പീൽ നൽകാനായി അടുത്ത ശ്രമം. അപ്പീൽ കൊടുത്തിരുന്നുവെങ്കിലും കേസ് അനിശ്ചിതമായി നീണ്ടുപോയി. ആരെങ്കിലും ഇടപെട്ടാലേ മുന്നോട്ടു പോകൂ എന്ന അവസ്ഥ. ജയിലിൽ കിടക്കുന്നവർക്കു വേണ്ടി ആരിടപെടാനാണ്. ആരുമുണ്ടായില്ല.അവിടെ ചെന്നതിനുശേഷം എംപിയും പഴയ നിയമമന്ത്രിയും ഞങ്ങളെ സഹായിച്ചു. നിയമമന്ത്രി ഇപ്പോൾ അഭിഭാഷകനാണ്. അദ്ദേഹത്തിന്റെ ശ്രമഫലമായി ബാർ അസോസിയേഷൻ ചെയർമാനെ കണ്ടു. അദ്ദേഹം കേസു പരിഗണിക്കുന്ന ജഡ്ജിയുമായി ഒരു മുഖാമുഖത്തിന് അവസരമുണ്ടാക്കിത്തന്നു. അങ്ങനെയാണ് അപ്പീൽ പരിഗണിക്കാൻ തയ്യാറായത്.

എന്നാൽ അപ്പീലിലെ വിധിയും മറ്റൊന്നായിരുന്നില്ല. 2016 ഒക്ടോബറിൽ നടക്കുന്ന മാരിടൈം ഉച്ചകോടി കഴിയാതെ ഒരു അനുകൂല തീരുമാനവും പ്രതീക്ഷിക്കേണ്ടതില്ലെന്ന് അപ്പോഴേയ്ക്കും ബോധ്യമായിരുന്നു.

ഇന്ത്യാ സർക്കാർ എന്ന നിലയിൽ ഇടപെട്ടാൽ മാത്രമേ എന്തെങ്കിലും കാര്യമുളളൂ എന്നു മനസിലായി. ആഫ്രിക്കയിലെ ജയിലുകൾ വളരെ മോശമാണ്. അതൊക്കെ നേരിട്ടു കണ്ടതാണ്. ഏതു വിധേനെയും ഈ ചെറുപ്പക്കാരെ മോചിപ്പിക്കാൻ എല്ലാ ശ്രമവും തുടർന്നു.

ജയിലിലുളളവരുടെ ബന്ധുക്കളെയും കുടുംബാംഗങ്ങളെയും കൂട്ടി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ വസതിയിലെത്തി. കാര്യങ്ങൾ ഗ്രഹിച്ച അവർ വളരെ കാര്യമായി പ്രശ്നത്തിൽ ഇടപെട്ടു. അതിന്റെ അവസാനമാണ് ഈ ജയിൽ മോചനം.

എറണാകുളം സ്വദേശിയായ നിസാർ കൊച്ചേരി ഇപ്പോൾ ഖത്തറിലാണ്. വിദേശ രാജ്യങ്ങളിൽ തടവിലാകുന്നവരെ മോചിപ്പിക്കാൻ ഇടപെടുക എന്നതൊരു സന്നദ്ധ പ്രവർത്തനമായി ഏറ്റെടുത്ത അഭിഭാഷകനാണ് അദ്ദേഹം. ഈയിടെ സുഡാൻ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ മലയാളിയ്ക്കു വേണ്ടി ഇടനില നിന്ന ചരിത്രവും അദ്ദേഹം വെളിപ്പെടുത്തി. സ്വന്തം ചെലവിലാണ് ഇത്തരം കാര്യങ്ങൾക്കു വേണ്ടി വിദേശ യാത്രകളൊക്കെ നടത്തുന്നത്. ഈ കേസിൽ മാത്രം ടോഗോയിലേയ്ക്കുളള യാത്രാച്ചെലവ് കേരള സർക്കാർ വഹിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഓരോ യാത്രയും ഒന്നര ലക്ഷം രൂപയോളം ചെലവു വന്നിട്ടുണ്ട്. പണം കിട്ടിയില്ലെങ്കിലും തടവുകാരുടെ മോചനം യാഥാർത്ഥ്യമായതിന്റെ ത്രില്ലിലാണ് നിസാർ കോച്ചേരി.