ആദ്യമായൊരു സ്ത്രീ വേമ്പനാട് നീന്തിക്കടന്നു; ഇനി മാളുവിന്റെ ലക്ഷ്യം സിവില്‍ സര്‍വ്വീസ്

മാളു ഷെയ്ക ഒറ്റയ്ക്ക് ജീവിക്കുന്ന 20 വയസുകാരിയാണ്. ഏഴുഭാഷകളറിയാം. കുമരകം ബോട്ട് ദുരന്തം നടന്ന കായല്‍ ഭാഗം നീന്തിക്കടന്ന് ചരിത്രം സൃഷ്ടിച്ച മാളുവിന് ഇനിയും ലക്ഷ്യങ്ങളുണ്ട്.

ആദ്യമായൊരു സ്ത്രീ വേമ്പനാട് നീന്തിക്കടന്നു; ഇനി മാളുവിന്റെ ലക്ഷ്യം സിവില്‍ സര്‍വ്വീസ്

ശ്രീജിത്ത് കെ.ജി

കടലോളം സങ്കടമുണ്ട് മാളു ഷെയ്ക എന്ന ഇരുപതുകാരിയുടെ മനസ്സില്‍. അച്ഛന്റെയോ അമ്മയുടെയോ തണല്‍ ഇല്ലാതെയാണ് ജീവിതം. ഏഴു വയസ്സു മുതലുള്ള ഒറ്റപ്പെട്ടലാണ് മാളു ഷെയ്ക് എന്ന പെണ്‍കുട്ടിയുടെ മനസ്സില്‍ മോഹങ്ങള്‍ നിറച്ചത്. ബികോം ഉയര്‍ന്ന മാര്‍ക്കോടെ പാസ്സായി യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് ലിമിറ്റഡ് ആലുവ ശാഖയില്‍ അഡൈ്വസറായി ജോലി വാങ്ങിയതും ഈ കൊച്ചു മിടുക്കിയുടെ വിജയമായിരുന്നു.

ഇപ്പോഴിതാ ക്യാമറകളെല്ലാം മാളുവിനു നേരെ തിരിയുന്നു. എവിടെയും അഭിനന്ദന പ്രവാഹം. വേമ്പനാട്ടു കായല്‍ കടന്നാണ് മാളു വാര്‍ത്തകളില്‍ നിറയുന്നത്. കുമരകത്തു നിന്ന് മുഹമ്മ വരെയുള്ള 9 കിലോമീറ്റര്‍ ദൂരം നീന്തിക്കടന്നാണ് വേമ്പനാട്ടു കായല്‍ നീന്തിക്കടക്കുന്ന ആദ്യ വനിതയെന്ന നേട്ടം മാളു സ്വന്തമാക്കിയത്. കുമരകം ബോട്ട് ദുരന്തത്തില്‍ 29 ജീവനുകള്‍ മുങ്ങിത്താണുപോയ കായല്‍ ഭാഗമാണ് നീന്തിക്കടന്നത്. ബോട്ട് ചാലിലൂടെ നീന്തുമ്പോള്‍ മാളുവിന്റെ മനസു നിറയെ മുങ്ങി മരിച്ചവരുടെ നിലവിളികളായിരുന്നു. എടയാര്‍ സ്വദേശിനിയായ മാളു അത്താണി ഹോളി ഫാമിലി കോണ്‍വെന്റിലാണ് താമസം.


മറുകര കാണാത്ത കായലില്‍ നീന്തുമ്പോള്‍ ഏറെ ധൈര്യം പകര്‍ന്നത് പരിശീലകന്‍ സജി വളാശ്ശേരിയായിരുന്നു. ഫെബ്രുവരി 19-ാം തിയതി ഞായറാഴ്ചയാണ് മാളുവിന്റെ ഏറെ നാളത്തെ ആഗ്രഹം സഫലമായത്. നാലു മണിക്കൂര്‍ ഇരുപതു മിനിട്ടു എടുത്താണ് ആലപ്പുഴ ജില്ലയിലെ മുഹമ്മ ജെട്ടിയില്‍ മാളു നീന്തി കയറിയത്. നീന്തല്‍ തുടങ്ങുമ്പോള്‍ ബോട്ടിന്റെ ദിശാ സൂചനയ്ക്കുള്ള ബോയകള്‍ നോക്കിയായിരുന്നു മാളു ദൂരം കണക്കാക്കിയത്.

[caption id="attachment_83220" align="aligncenter" width="786"] മാളുവിന് സഹപ്രവര്‍ത്തകര്‍ ആദരിക്കുന്നു.[/caption]

ബികോം ബിരുദധാരിയായ മാളുവിന്‌ ആറ്‌ ഭാഷകള്‍ അനായാസമായി കൈകാര്യം ചെയ്യാന്‍ സാധിക്കും. വോളീബോളിലും കബഡിയിലും സംസ്ഥാന തല മത്സരങ്ങളില്‍ എന്നും ഒന്നാം സ്ഥാനമാണ് മാളുവിന്. കണ്ടെയ്‌നര്‍, കാറുകള്‍, ബൈക്കുകള്‍ തുടങ്ങി എല്ലാ വിധ വാഹനങ്ങളും ഓടിക്കുവാനുള്ള ലൈസന്‍സ് മാളു നേടിയെടുത്തിട്ടുണ്ട്. ജിവിതം മുന്നോട്ടുകൊണ്ടുപോകാനായി ഡ്രൈവിങ് പരിശീലനം കൊടുക്കുന്നുണ്ട് മാളു.
അവധി ദിവസങ്ങളിലാണ് നീന്തല്‍ പഠിക്കാന്‍ പോയിരുന്നത്. രാവിലെ ആറു മണി മുതല്‍ എട്ടര വരെ നീന്തല്‍ പരിശീലനം. തുടര്‍ന്നാണ് ജോലിയ്ക്ക് പോകുന്നത്. നീന്തല്‍ പരിശീലനത്തിനിടെയാണ് വേമ്പനാട്ടു കായല്‍ നീന്തിക്കടക്കണമെന്ന ആഗ്രഹം ഉണ്ടായത്. ഒത്തിരി കഷ്ടപ്പാടുകളിലൂടെ കടന്നു വന്ന തനിയ്ക്ക് അതു സാധിക്കുമെന്ന് മാളുവിന് ഉറപ്പുണ്ടായിരുന്നു.

പിന്തുണ നല്‍കാന്‍ ആരുമില്ലെന്ന എന്നുള്ളത് ഒരു പോരായ്മയായി കാണേണ്ട കാര്യമില്ലെന്നാണ് മാളുവിന്റെ നിലപാട്. ഇനിയുള്ള ആഗ്രഹം എംകോം പൂര്‍ത്തികരിക്കുകയെന്നാതാണ് ശേഷം സിവില്‍ സര്‍വ്വീസിന് ആത്മാര്‍ത്ഥമായി ശ്രമിക്കും. എന്റെ എല്ലാ കാര്യങ്ങളും ഞാന്‍ തനിയെയാണ് ചെയ്യുന്നത്. എനിക്കു ദൈവമുണ്ട്. മാളുവിന്റെ വാക്കുകളില്‍ ആത്മ വിശ്വാസം.

നീര്‍നായയും മറ്റു ജലജീവികളും ധാരാളം ഉള്ള സ്ഥലമാണ് പെരിയാര്‍. അതിനെ പേടിക്കാതെയാണ് പരിശീലിച്ചത്. വേമ്പനാട്ടു കായല്‍ നീന്തിക്കടക്കണമെന്ന ലക്ഷ്യം മുന്നില്‍ ഉണ്ടായിരുന്നതു കൊണ്ട് അതിനെ പറ്റിയൊന്നും മാളു ഓര്‍ത്തതേയില്ല.വേമ്പനാട്ട് കായല്‍ പ്രധാനമായിട്ടും തെരഞ്ഞെടുത്തത് കേരളത്തിലെ ഏറ്റവും വലിയ കായലിനു പുറമെ ഏറ്റവും ആഴവും കൂടിയ ജലാശയം കൂടി ആയതിനാലാണ്. അങ്ങനെയുള്ള ജലത്തില്‍ നീന്തിയാല്‍ മാത്രമേ ജനങ്ങള്‍ക്ക് പ്രാധാന്യം മനസ്സിലാകു. മുന്‍ റെക്കോര്‍ഡുകള്‍ ആരോക്കെ നേടിയിട്ടുണ്ടോ അവരുടെല്ലാം പിന്നില്‍ അത് നേടണമെന്നുള്ള ഒരു പ്രേരണയുണ്ട്. അതിനെയെല്ലാം അതിജീവിച്ചാണ് ഇന്നവര്‍ മുഖ്യധാരയില്‍ എത്തിയത്. നമ്മുടെ സമൂഹത്തില്‍ സ്ത്രീകള്‍ക്കു അവരുടേതായ സ്വപ്‌നങ്ങളും ആഗ്രഹങ്ങളും വ്യക്തി സ്വാതന്ത്യങ്ങളും ഉണ്ടെങ്കിലും ചെറുപ്പത്തില്‍ തന്നെ രക്ഷിതാക്കള്‍ അവരുടെ ചിറകുകള്‍ അരിയുകയാണ്. കായല്‍ മാത്രമല്ല സ്ത്രീകളുടെ ഇച്ഛാശക്തിയ്ക്കു മുന്നില്‍ കീഴടങ്ങാത്തതായി ഒന്നുമില്ല. ജീവിത സാഹചര്യമാണ് എന്റെ നേട്ടങ്ങള്‍ക്കു എന്നെ പ്രേരിപ്പിക്കുന്ന ഘടകം. വെറുതെ കരഞ്ഞിരിക്കാന്‍ മാളുവിന് കഴിയുമായിരുന്നില്ല.

[caption id="attachment_83222" align="aligncenter" width="1280"] വേമ്പനാട്ടു കായല്‍ നീന്തിക്കടക്കുന്നു. പരിശീലകന്‍ സമീപം [/caption]

നീന്തല്‍ പരിശീലിക്കുന്ന സമയത്ത് തന്റെ കഴിവുകള്‍ പുറം ലോകം അറിയണമെന്ന് ആഗ്രഹിച്ചത് വിദേശത്ത് ജോലിയുള്ള ഒരു വ്യക്തിയാണ്. തനിക്കു ഏറ്റവും കൂടുതല്‍ പ്രചോദനം നല്‍കിയ അദ്ദേഹം ആരാന്നു മാളു പറയുന്നില്ല. കഴിഞ്ഞ ഡിസംബറിലാണ് ഞങ്ങള്‍ പരിചയപ്പെടുകയും എല്ലാ കാര്യങ്ങള്‍ക്കും മുന്‍പന്തിയില്‍ അദ്ദേഹം ഉണ്ടായിരുന്നു. എന്റെ അടുത്ത ലക്ഷ്യം സിവില്‍ സര്‍വ്വീസാണ് അത് പുര്‍ത്തികരിക്കുന്ന സമയം മാളു അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്തും. തന്റെ പ്രവൃത്തി നീന്തല്‍ പഠിക്കാത്ത പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാകുമെന്ന പ്രതീക്ഷയിലാണ്‌മാളു. നിസ്വാര്‍ത്ഥത, ത്യാഗനിര്‍ഭരം, ധീരത തുടങ്ങിയ വാക്കുകള്‍ക്കെല്ലാം പുതിയ നിര്‍വചനങ്ങള്‍ എഴുതിത്തീര്‍ത്ത പുതിയ പെണ്‍കുട്ടിയായി മാളു മാറുന്നു.