ജിന്ന് ചികിത്സയ്ക്കിടെ പെട്രോളില്‍ നിന്ന് തീപടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു

വീടിനകത്ത് ഇടുങ്ങിയ ഇരുട്ടുമുറിയില്‍ ഷമീനയെ പ്‌ളാസ്റ്റിക് കസേരയിലിരുത്തി മുന്‍വശത്ത് മണ്‍ചട്ടിയില്‍ പാലമരത്തിന്റെ ഇലകളും അറബി വാക്കുകള്‍ എഴുതിയ കോഴിമുട്ടയുംവെച്ച് പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ പ്രതിയെ വീട്ടിലത്തെിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കര്‍മത്തിനുപയോഗിച്ച സാധന സാമഗ്രികളും ചികിത്സക്കിടെ യുവതിയെ ഇരുത്തിയ കത്തിയ കസേരയും വസ്ത്രങ്ങളുടെ കത്തിയ അവശിഷ്ടങ്ങളും വീട്ടില്‍നിന്ന് പൊലീസ് പരിശോധനക്കിടെ കണ്ടത്തെുകയും ചെയ്തു.

ജിന്ന് ചികിത്സയ്ക്കിടെ പെട്രോളില്‍ നിന്ന് തീപടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു

ജിന്ന് ചികിത്സ നടത്തുന്നതിനിടെ പെട്രോള്‍ പടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോഴിക്കോട് പുതിയ കടവില്‍ ലൈല മന്‍സിലില്‍ ഷമീന (29) ആണ് മരിച്ചത്. ദേഹമാസകലം പൊള്ളലേറ്റ ഷമീന ഗുരുതരാവസ്ഥയില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംഭവത്തില്‍ ജിന്ന് ചികിത്സ നടത്തിയ കുറ്റ്യാടി അടുക്കത്ത് കൂവോട്ട്‌പൊയില്‍ നജ്മയെ (35) നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയ്ക്ക് പൊള്ളലേറ്റപ്പോള്‍ത്തന്നെ നജ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.




ജിന്ന് ചികിത്സയ്ക്കിടെ യുവതി മരിച്ച സംഭവത്തില്‍ അറസ്റ്റിലായ നജ്മ

കൊലപാതക ശ്രമം, ബോധപൂര്‍വം പരിക്കേല്‍പ്പിക്കല്‍, തെളിവുകള്‍ നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ഇവര്‍ക്കെതിരെ നാദാപുരം പൊലീസ് കേസ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. തീപിടിത്തമുണ്ടായ ഉടന്‍ അടുക്കളയിലും മറ്റുമുണ്ടായിരുന്ന വെള്ളം യുവതിയുടെ ദേഹത്തൊഴിച്ചാണ് തീ കെടുത്തിയതെന്ന് നജ്മ പൊലീസിനോട് പറഞ്ഞു.

വിവാഹബന്ധം വേര്‍പെടുത്തിയെങ്കിലും മികച്ച ആലോചനകള്‍ വരാനാണ് ലെെല ഷമീന ജിന്ന് ചികിത്സ നടത്തിയത്. ചികിത്സയ്്ക്കിടെ മണ്‍ചട്ടിയില്‍നിന്ന് തീ പുറത്തുണ്ടായിരുന്ന കുപ്പിയിലേക്കും ഷമീനയുടെ ദേഹത്തേക്കും ആളിപ്പടരുകയായിരുന്നു. ദേഹമാസകലം പൊള്ളലേറ്റ ഷമീനയെ വീട്ടിനകത്തെ കുളിമുറിയിലത്തെിച്ച് ശരീരത്തില്‍ ഒട്ടിപ്പിടിച്ച വസ്ത്രങ്ങള്‍ നീക്കുകയും ഒപ്പമുണ്ടായിരുന്നവര്‍ ചേര്‍ന്ന് നാദാപുരം താലൂക്ക് ആശുപത്രിയിലും കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. പൊള്ളലേറ്റ ഷമീനയെ ആശുപത്രിയില്‍ കൊണ്ട് പോയതിനുശേഷം തീപിടിത്തമുണ്ടായ മുറി പൂര്‍ണമായി കഴുകി വൃത്തിയാക്കുകയും മുറിയിലെ ചുമരുകള്‍ വെള്ളപൂശുകയും ചെയ്തിരുന്നു. ദേഹത്തുണ്ടായിരുന്ന കത്തിയ വസ്ത്രങ്ങള്‍ നീക്കംചെയ്ത ശേഷം വീടിന്റെ പിന്‍ഭാഗത്തെ പറമ്പിലിട്ട് കത്തിക്കുകയും ചെയ്തുവെന്ന് നജ്മ പൊലീസിന് മൊഴി നല്‍കി.

ഷമീനക്ക് രണ്ടാം വിവാഹം നടക്കുന്നതു വൈകിയതിനെ തുടര്‍ന്നാണു വീട്ടുകാര്‍ക്കൊപ്പം യുവതി നജ്മയുടെ അടുത്തെത്തിയത്. മാഹിയിലെ ബന്ധുക്കള്‍ വഴിയാണ് ജിന്നു ചികിത്സയെക്കുറിച്ച് ഷമീനയുടെ വീട്ടുകാര്‍ അറിയുന്നത്. ശനിയാഴ്ച്ച ഉച്ചക്ക് രണ്ടരയോടെ പുറമേരിയിലത്തെിയ ഇവര്‍ക്ക് ജിന്ന് ചികിത്സക്കാവശ്യമായ സാധനങ്ങള്‍ നജ്മ കുറിച്ചുനല്‍കി. ഇതുപ്രകാരം പുറമേരി ടൗണിലെ കടകളില്‍നിന്നാണ് സാധനങ്ങള്‍ വാങ്ങിയത്. എന്നാല്‍, നജ്മ ആവശ്യപ്പെട്ടപ്രകാരം മണ്ണെണ്ണ ലഭിച്ചില്ല. തിരിച്ച് വീട്ടിലത്തെിയവരോട് പകരം പെട്രോള്‍ വാങ്ങിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് കക്കംവെള്ളിയിലെ പെട്രോള്‍ പമ്പില്‍നിന്ന് ഒരു ലിറ്റര്‍ പെട്രോള്‍ വാങ്ങി നജ്മയ്ക്ക് നല്‍കി.

വീടിനകത്ത് ഇടുങ്ങിയ ഇരുട്ടുമുറിയില്‍ ഷമീനയെ പ്‌ളാസ്റ്റിക് കസേരയിലിരുത്തി മുന്‍വശത്ത് മണ്‍ചട്ടിയില്‍ പാലമരത്തിന്റെ ഇലകളും അറബി വാക്കുകള്‍ എഴുതിയ കോഴിമുട്ടയുംവെച്ച് പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ പ്രതിയെ വീട്ടിലത്തെിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കര്‍മത്തിനുപയോഗിച്ച സാധന സാമഗ്രികളും ചികിത്സക്കിടെ യുവതിയെ ഇരുത്തിയ കത്തിയ കസേരയും വസ്ത്രങ്ങളുടെ കത്തിയ അവശിഷ്ടങ്ങളും വീട്ടില്‍നിന്ന് പൊലീസ് പരിശോധനക്കിടെ കണ്ടത്തെുകയും ചെയ്തു.

ഗ്യാസ് സ്റ്റൗവില്‍നിന്ന് തീ പടര്‍ന്നെന്നാണ് ബന്ധുക്കള്‍ ആശുപത്രിയില്‍ ആദ്യം പറഞ്ഞത്. നേരത്തേ നജ്മ കുറ്റ്യാടി ദേവര്‍കോവില്‍, മരുതോങ്കര വേട്ടോറ, പാലേരി കന്നാട്ടി എന്നിവിടങ്ങളില്‍ സമാനരീതിയിലുള്ള മന്ത്രവാദ ചികിത്സ നടത്തിയിരുന്നു. ജിന്ന് ചികിത്സയിലൂടെ നജ്മ ലക്ഷങ്ങളാണ് പ്രതിമാസം സമ്പാദിക്കുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ജില്ലയ്ക്ക് പുറത്തുപോയും ഇവര്‍ ജിന്ന് ചികിത്സ നടത്തുന്നതായാണ് വിവരം.