ചൂട് കനക്കുന്നു; ട്രാൻസ്ഫോർമറിൽ നിന്ന് വീണ തീപ്പൊരിയിൽ അമ്പത് ഏക്കർ കൃഷിയിടം കത്തി നശിച്ചു; അഗ്നിബാധ ഭീഷണിയിൽ മലയോരം

ഫെബ്രുവരി അവസാനിക്കും മുൻപേ ചെറു അരുവികളും കിണറുകളും വറ്റിത്തുടങ്ങിയത് ഏറെ ആശങ്കകൾ ഉയർത്തുന്നതിനിടെയാണ് വേനൽ ചൂടിൽ ഉണങ്ങാൻ തുടങ്ങിയ അടിക്കാടുകളും കാർഷികവിളകളും തീപിടുത്തത്തിന് കാരണമാകുന്നത്.

ചൂട് കനക്കുന്നു; ട്രാൻസ്ഫോർമറിൽ നിന്ന് വീണ തീപ്പൊരിയിൽ അമ്പത് ഏക്കർ കൃഷിയിടം കത്തി നശിച്ചു; അഗ്നിബാധ ഭീഷണിയിൽ മലയോരം

വേനൽചൂട് കനക്കുമ്പോൾ കുടിവെള്ള ക്ഷാമത്തോടൊപ്പം അഗ്നിബാധ ഭീഷണിയും കണ്ണൂരിലെ മലയോരനിവാസികളുടെ സ്വൈര്യജീവിതം തകർക്കുകയാണ്. ഫെബ്രുവരി അവസാനിക്കും മുൻപേ ചെറു അരുവികളും കിണറുകളും വറ്റിത്തുടങ്ങിയത് ഏറെ ആശങ്കകൾ ഉയർത്തുന്നതിനിടെയാണ് വേനൽ ചൂടിൽ ഉണങ്ങാൻ തുടങ്ങിയ അടിക്കാടുകളും കാർഷികവിളകളും തീപിടുത്തത്തിന് കാരണമാകുന്നത്.

ആലക്കോട് മേലാരംതട്ട് മാന്തട്ടിൽ ട്രാൻസ്ഫോർമറിനു മുകളിൽ തെങ്ങോല വീണതിനെത്തുടർന്നുണ്ടായ തീപ്പൊരിയിൽ 50 ഏക്കർ കൃഷിയിടം കത്തിനശിച്ചു. കുത്തനെയുള്ള മലകളായതിനാലും കടുത്ത ജലക്ഷാമം നേരിടുന്ന പ്രദേശമായതിനാലും തീ അണക്കാൻ നാട്ടുകാർക്ക് കഴിഞ്ഞില്ല. ഫയർഫോഴ്‌സ് എത്താൻ വൈകിയതും പ്രശ്നം ഗുരുതരമാക്കിയതായി നാട്ടുകാർ ആരോപിക്കുന്നു. വാഴ, റബ്ബർ, കവുങ്ങ്, തെങ്ങ്, കുരുമുളക് തുടങ്ങിയ വിളകൾ പൂർണമായും കത്തി നശിച്ചു.

വരൾച്ച രൂക്ഷമാവുന്നതോടെ ചെറുതും വലുതുമായ തീപ്പിടുത്തങ്ങൾ വർധിക്കുന്നത് മലയോര ജനതയുടെ ഉറക്കം കെടുത്തുകയാണ്. വേണ്ടത്ര ഫയർഫോഴ്‌സ് യൂണിറ്റുകളും ജീവനക്കാരും ഈ മേഖലയിൽ ഇല്ലാത്തത് തീ അണക്കലിനെ പ്രതിക്കൂലമായി ബാധിക്കുന്നുണ്ട്.

Read More >>