അഡ്വ. ഐ സാജുവിനെതിരായ നുണക്കഥ സംഘപരിവാര്‍ സൃഷ്ടി

സാമൂഹികവിരുദ്ധ പ്രവണതകളുള്ളവരെ സംഘപരിവാര്‍ വിലയ്‌ക്കെടുത്ത്, മാതൃകാപരമായി പൊതുപ്രവര്‍ത്തനം സംഘടിപ്പിക്കുന്ന ത്യാഗസന്നദ്ധരെ അവഹേളിക്കുന്നതിനും അപകീര്‍ത്തിപ്പെടുത്തുന്നതിനും ഉപയോഗപ്പെടുത്തുന്നത് ഈ വിധമാണ്. ഇതെല്ലാം കണ്ട് നുണ കത്തിച്ച് ദിവ്യപ്രഭ തീര്‍ക്കാന്‍ സ്വത്വവാദികള്‍ വിറകുവെട്ടേണ്ടതില്ല. കാരണം, ഇത് ഡിവൈഎഫ്‌ഐ ആണ്; സാജു അതിന്റെ ജില്ലാ സെക്രട്ടറിയും. കൈയേറിയല്ല നിറവോടെ പങ്കുവെച്ചാണു ശീലം.

അഡ്വ. ഐ സാജുവിനെതിരായ നുണക്കഥ സംഘപരിവാര്‍ സൃഷ്ടി

കെ ജി സൂരജ്

നേതൃത്വത്തെ ഒറ്റതിരിഞ്ഞും കുടുംബാഗങ്ങളെ വെവ്വേറെയും ആക്രമിച്ച് മനോബലം തകര്‍ക്കുകയെന്നത് പരമ്പരാഗതമായി വലതുപക്ഷം അനുവര്‍ത്തിച്ചുവരുന്ന മാതൃകയാണ്. അതിനായവര്‍ കെട്ടുകഥകളും കിംവദന്തികളും നുണക്കഥകളും നിര്‍മ്മിച്ച് സാധ്യമാര്‍ഗ്ഗങ്ങളിലൂടെല്ലാം പ്രചരണം നടത്തും. ഇടതുപക്ഷത്തിനെതിരായ ഇത്തരം ഏകപക്ഷീയമായ അതിക്രമണങ്ങള്‍ക്ക് ഉദാഹരണങ്ങള്‍ നിരവധിയുണ്ട്. ജാതി- മതം ഇവയുമായി ബന്ധപ്പെട്ട വിവേചനങ്ങള്‍ സദാചാര കേന്ദ്രീകൃതമായ ഊഹാപോഹങ്ങള്‍ തുടങ്ങിയവയെല്ലാം പ്രസ്തുത വ്യവസായത്തിനായി ബന്ധപ്പെട്ടവര്‍ സമര്‍ത്ഥം ഉപയോഗിക്കുകയും ചെയ്യും. ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഡ്വ. ഐ സാജുവിനെതിരായ ഒറ്റതിരിഞ്ഞ സംഘപരിവാര്‍ പ്രയോജക അതിക്രമവും മേല്‍സൂചനകളെ ശരിവയ്ക്കുന്നു.


ആമീന്‍ ഡി രാമചന്ദ്രന്‍ കാണി

ഐ സാജുവിന്റെ അച്ഛന്‍ ഇസ്മായില്‍ കണ്ണിന്റെ ഉടമസ്ഥതയിലുള്ള 84 സെന്റ് ഭൂമിയിലാണ് സി കുമാരിയും കുടുംബവും കുടില്‍കെട്ടി താമസിച്ചിരുന്നത്. ഒരുതരി മണ്ണിനുപോലും അവകാശവാദങ്ങളുയരുന്ന പ്രത്യേക കാലഘട്ടത്തിലും അനധികൃത കൈയേറ്റത്തെ മനുഷ്യത്വത്തിന്റെ പേരില്‍ ഇസ്മായില്‍ കണ്ണ് അനുവദിച്ചു കൊടുക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം ബന്ധപ്പെട്ട ഭൂമി അപ്പാടെ തങ്ങളുടേതാണെന്ന വാദമുയര്‍ത്തി കൈയേറ്റം വിപുലപ്പെടുത്താനാണ് തല്‍പ്പരര്‍ പരിശ്രമിച്ചത്. ഇതുമായി ബന്ധെപ്പട്ടുനടന്ന നിയമവ്യവഹാരങ്ങളില്‍ നെടുമങ്ങാട് അഡീഷണല്‍ മുന്‍സിഫ് കോടതി ഇസ്മായില്‍ കണ്ണ് തന്റെ മകള്‍ക്ക് ഇഷ്ടദാനം നല്‍കിയ 74 സെന്റിലും കൈവശഭൂമിയായ 10 സെന്റിലും ബലാല്‍ക്കാരമായി താമസിക്കുന്ന സി കുമാരി രാജന്‍ എന്നിവരെ ഒഴിപ്പിക്കുവാനും വിധിപ്രസ്താവം നടത്തുകയായിരുന്നു. തദനുസരണം കോടതി പ്രോസസ് A 2456 / 14 ാം നമ്പര്‍ ഉത്തരവ് പ്രകാരം 2014 നവംബര്‍ 24 ന് 12 മണിയോടെ പട്ടിക വസ്തുവില്‍ ആമീന്‍ ഡി രാമചന്ദ്രന്‍ കാണി ഹാജരാകുകയും നിയമനടപടികള്‍ പൂര്‍ത്തിത്തീകരിച്ച് കോടതിക്കു റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

സിപിഐഎം കാട്ടാക്കട ഏരിയാ സെക്രട്ടറിയായിരുന്നു അഡ്വ. ഐ ബി സതീഷ് എംഎല്‍എ, 2014 നവംബര്‍ 24 ലെ ആ 10 മണി നേരത്തെ ഇങ്ങനെ പകര്‍ത്തിവെയ്ക്കുന്നു.

'സിപിഐഎം കാട്ടാക്കട ഏരിയാ കമ്മിറ്റി ഓഫീസിനു മുന്നില്‍ കൈയേറ്റം നടത്തിയവരെത്തി. നെടുമങ്ങാട് മുന്‍സിഫ് കോടതിയുടെ OS/76/06 വിധിയും സബ് കോടതിയുടെ 09/2012 വിധിയും അവര്‍ക്കെതിരായിരുന്നു. അനധികൃതമായി കൈയ്യേറി സ്ഥാപിച്ച നിര്‍മ്മാണങ്ങള്‍ പൊളിച്ച് സ്ഥലത്തു നിന്നു ഒഴിപ്പിക്കാന്‍ ആമീനെ ചുമതലപ്പെടുത്തിയ ദിവസമായിരുന്നു അത്. നിയമപരമായോ ധാര്‍മ്മികയോ യാതൊരു അവകാശവുമില്ലാത്ത സന്ദര്‍ശകരോട് വസ്തുതകള്‍ ബോധ്യപ്പെടുത്തി. കരഞ്ഞുകൊണ്ട്... ഞങ്ങള്‍ക്ക് പാര്‍ട്ടിയല്ലാതെ മറ്റാരുമില്ലെന്ന്'.

സാജുവിനെ വിളിച്ചു, സംസാരിച്ചു

സാജുവിനെ വിളിച്ചു സംസാരിച്ചപ്പോള്‍ ആ വ്യക്തിയിലെ സഖാവിനെ രൂപപ്പെടുത്തിയ കമ്മ്യുണിസ്റ്റ് ബോധമാണ് അനുഭവിക്കാനായത്... നിയമപരമായി തനിക്കു ലഭിക്കുമായിരുന്ന ലക്ഷകണക്കിനു രൂപ വിലമതിക്കുന്ന ഭൂമി വേണ്ടെന്നു വച്ചതിന് സാജുവിനെ വേണ്ടപ്പെട്ട പലരും ശാസിക്കുന്നുണ്ടായിരുന്നു. തന്റെ രാഷ്ട്രീയത്തിനു വേണ്ടി നഷ്ടപ്പെടുത്തിയ രൂപയുടെയും ഭൂമിയുടെയും മൂല്യത്തെക്കുറിച്ച്. വസ്തു രജിസ്റ്റര്‍ ചെയ്യാമെന്ന് പറഞ്ഞു പോയവര്‍ ചെന്നെത്തിയത് ആര്‍എസ്എസ് കൂടാരത്തിലാണ്. സാജുവിന്റെ ദയാവായ്പു കൊണ്ട് മാത്രം ലഭിച്ച മണ്ണില്‍ ജീവിച്ച് സാജുവിന്റെ സഹോദരിയുടെ ഭൂമി കൈയേറി കിണര്‍ കുഴിക്കാന്‍ ശ്രമിച്ചപ്പോള്‍ പോലീസില്‍ പരാതി നല്‍കിയത് തെറ്റാകുമോ? ഫാസിസ്റ്റ് നുണ ഉത്പാദനത്തിന്റെ സകല നൃശംസ്യതകളും വെളിവായി... സ: സാജുവിനെ അറിയുന്നവര്‍ കക്ഷി രാഷട്രീയത്തിന്റെ കളങ്ങളില്‍പ്പെടാത്തവര്‍ കൂടിയാണ്...

അപ്പോഴും എപ്പോഴും സ. സാജു കമ്മ്യൂണിസ്റ്റ് ആശയം പകര്‍ന്നുനല്‍കിയ സഹാനുഭൂതിയാണ് ഉയര്‍ത്തിപ്പിടിച്ചത്. അതു വേട്ടയാടാനുള്ള കാരണമെങ്കില്‍ പ്രതിരോധിക്കാനുള്ള ബാധ്യത ഞങ്ങള്‍ക്കുള്ളതാണ്...കുഴല്‍ക്കിണറും നുണക്കഥയും


എന്നാല്‍ കക്ഷികള്‍ വീണ്ടും ഭൂമിയില്‍ കടന്നുകയറി പാര്‍പ്പുറപ്പിച്ച് കോടതി വിധിയെ അതിലംഘിക്കുന്ന സ്ഥിതിയാണ് പിന്നീടുണ്ടായത്. ഇതിനെതിരെയും നിയമപരമായ വ്യവഹാരം തുടര്‍ന്നുവരികയാണ്. കഴിഞ്ഞദിവസം ബന്ധപ്പെട്ടവരുടെ നേതൃത്വത്തില്‍ കോടതിവിധി ധിക്കരിച്ച് അനധികൃത കുടിയേറ്റം നടത്തിവരുന്നതിനൊപ്പം കുഴല്‍ക്കിണര്‍ നിര്‍മിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. കിണര്‍ നിര്‍മിക്കുന്നവരോട് നിയമനടപടികളുടെ പകര്‍പ്പടക്കം കാട്ടി ബോധ്യപ്പെടുത്തി. ഇത് സൂചിപ്പിച്ച് 2017 ഫെബ്രുവരി 17 ന് കാട്ടാക്കട സബ് ഇന്‍സ്‌പെക്ടര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലം സന്ദര്‍ശിച്ച് കിണര്‍ നിര്‍മ്മാണം നിര്‍ത്തിവയ്പ്പിച്ചെങ്കിലും മടങ്ങിയതോടെ അവരത് പുനരാംഭിക്കുകയായിരുന്നു. കാട്ടാക്കട പൊലീസ് കിണര്‍ നിര്‍മ്മാണം നടത്തിയവരോട് അനുമതി പത്രം ആവശ്യപ്പെട്ടെങ്കിലും അതു ഹാജരാക്കാന്‍ അവര്‍ക്കു കഴിയാത്തതിനാല്‍ നിര്‍ത്തി മടങ്ങുകയായിരുന്നു.

വസ്തുതകള്‍ ഇതായിരിക്കെ കുഴല്‍ക്കിണര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അഡ്വ. ഐ സാജു തന്റെ ഉടുമുണ്ടഴിയ്ക്കാന്‍ ശ്രമിയ്ക്കുകയും ജാതിപ്പേരു വിളിച്ച് അധിക്ഷേപിക്കാന്‍ ശ്രമിയ്ക്കുകയും ചെയ്തു എന്ന നിലയില്‍ വ്യാജ പരാതി ചമച്ച് സി കുമാരി നാടകീയമായി രംഗത്തെത്തിയിരി്ക്കുകയാണ്. വിവിധ രാഷ്ട്രീയ കക്ഷികളുമായി ബന്ധപ്പെട്ടവരും നാട്ടുകാരുമടക്കം ഒട്ടനവധി പേരുടെ സാന്നിധ്യത്തിലാണ് സാജുവും അച്ഛനും കിണര്‍ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കാനാവശ്യപ്പെട്ട് ബന്ധപ്പെട്ട പ്രദേശത്തെത്തി മടങ്ങുന്നത്. പരാതിക്കാരി ഉന്നയിക്കുന്ന വിധമുള്ളൊരു പ്രവൃത്തിയും നടന്നിട്ടില്ലെന്ന് നാട്ടുകാരക്കടക്കം സാക്ഷ്യപ്പെടുത്തുമ്പോഴും അഡ്വ. ഐ സാജുവിനെ ഒറ്റതിരിഞ്ഞാക്രമിച്ച് വ്യാജപ്രചരണം സംഘടിപ്പിക്കാനാണ് ശ്രമം നടക്കുന്നത്.വ്യാജ പരാതി ആദ്യം ഉണ്ടായിരുന്നില്ല

കാട്ടാക്കട സബ് ഇന്‍സ്പെക്ടറുമായി നടത്തിയ ആശയവിനിമയത്തില്‍ കുഴല്‍ക്കിണര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട വേളയിലോ പൊലീസ് സ്ഥലസന്ദര്‍ശനം നടത്തിയപ്പോഴോ പരാതിക്കാരി ഒരുവിധ ആക്ഷേപവും ഉന്നയിച്ചിരുന്നില്ലെന്നതായി വ്യക്തമാകുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ തങ്ങളുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ക്കും ആര്‍എസ്എസ് അജണ്ടകള്‍ക്കും അനുസൃതമായി സി കുമാരി വ്യാജപരാതി നല്‍കുകയായിരുന്നു. സമാനമായ നിലയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രസ്തുത വ്യക്തി, സാജു തന്നെ ആക്രമിച്ചതായി കാണിച്ച് പരാതി നല്‍കിയിരുന്നു. എന്നാല്‍ ആക്രമിക്കപ്പെട്ടു എന്നവകാശപ്പെട്ട സമയം രജനി എസ് ആനന്ദ് മരണപ്പെട്ടതുമായി ബന്ധപ്പെട്ട ഖാലിദ് കമ്മീഷനുമുമ്പാകെ ഹാജരായി തെളിവു നല്‍കുകയായിരുന്നു. അതോടെ പ്രസ്തുത നുണക്കഥയും പൊളിഞ്ഞുവീഴുകയായിരുന്നു.സംഘപരിവാറിന്റെ സൂത്രപ്പണികള്‍

പട്ടികജാതി /വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ വിവേചനങ്ങളും അതിക്രമങ്ങളും കേരളീയ സാഹചര്യങ്ങളില്‍ തികഞ്ഞ യാഥാര്‍തഥ്യമാണ്. രാഷ്ട്രീയവും നിയമപരവുമായ പോരാട്ടങ്ങള്‍ ഇവയ്ക്കെതിരായി സംഘടിപ്പിക്കപ്പെടുകയും വേണം. പട്ടികജാതി /വര്‍ഗ വിഭാഗങ്ങള്‍ക്ക് ഭരണഘടന അനുശാസിക്കുന്ന നിയമപരമായ സംരക്ഷണം കാലവിളംബമില്ലാതെ നടപ്പാക്കപ്പെടുന്നതിനോടൊപ്പം ഇവയുടെ ദുരുപയോഗം കര്‍ശനമായി നിരുത്സാഹപ്പെടുത്തേണ്ടതുണ്ട്. സാമൂഹികവിരുദ്ധ പ്രവണതകളുള്ളവരെ സംഘപരിവാര്‍ വിലയ്‌ക്കെടുത്ത്, മാതൃകാപരമായി പൊതുപ്രവര്‍ത്തനം സംഘടിപ്പിക്കുന്ന ത്യാഗസന്നദ്ധരെ അവഹേളിക്കുന്നതിനും അപകീര്‍ത്തിപ്പെടുത്തുന്നതിനും ഉപയോഗപ്പെടുത്തുന്നത് ഈ വിധമാണ്. ഇതെല്ലാം കണ്ട് നുണ കത്തിച്ച് ദിവ്യപ്രഭ തീര്‍ക്കാന്‍ സ്വത്വവാദികള്‍ വിറകുവെട്ടേണ്ടതില്ല. കാരണം, ഇത് ഡിവൈഎഫ്‌ഐ ആണ്; സാജു അതിന്റെ ജില്ലാ സെക്രട്ടറിയും. കൈയേറിയല്ല നിറവോടെ പങ്കുവെച്ചാണു ശീലം.

Read More >>