നഗരസഭാ അദ്ധ്യക്ഷനെ മാറ്റാൻ സിപിഐഎമ്മിനു പി സി ജോർജ്ജിന്റെ കത്ത്; അനധികൃത നിർമ്മാണം തടഞ്ഞതാണു കാരണമെന്നു ചെയർമാന്റെ ആരോപണം

പി സി ജോര്‍ജിന്റെ നടപടി അംഗീകരിക്കാനാകില്ലെന്നും ഇക്കാര്യത്തില്‍ ചെയര്‍മാനു പിന്നില്‍ ഉറച്ചു നില്‍ക്കുമെന്നും ഈരാറ്റുപേട്ട നഗരസഭാ മെമ്പറും കൈയേറ്റം സംബന്ധിച്ചു ഹര്‍ജി നല്‍കിയ വ്യക്തിയുമായ ഹസീബ് വ്യക്തമാക്കി. എല്‍ഡിഎഫിന് 13, യുഡിഎഫിന് 11, എസ്‌ഡിപിഐ നാല് എന്നിങ്ങനെയാണു ഈരാറ്റുപേട്ട നഗരസഭയിലെ കക്ഷിനില. അതുകൊണ്ടുതന്നെ പിസി ജോര്‍ജിന്റെ നീക്കങ്ങളോട് എസ്‌ഡിപിഐയുടെ നിലപാടും പ്രധാനമാണ്.

നഗരസഭാ അദ്ധ്യക്ഷനെ മാറ്റാൻ സിപിഐഎമ്മിനു പി സി ജോർജ്ജിന്റെ കത്ത്; അനധികൃത നിർമ്മാണം തടഞ്ഞതാണു കാരണമെന്നു ചെയർമാന്റെ ആരോപണം

പുഴയും തോടും കൈയേറിയുള്ള അടുത്ത അനുയായിയുടെ അനധികൃത നിര്‍മ്മാണങ്ങള്‍ തടഞ്ഞതിന്റെ പേരിലാണ് തന്നെ നീക്കം ചെയ്യാൻ പി സി ജോർജ്ജ് സിപിഐഎം ഏരിയ നേതൃത്വത്തിനു കത്തുനൽകിയത് എന്ന് ഈരാറ്റുപേട്ട നഗരസഭാ അധ്യക്ഷൻ ടി എം റഷീദ്. കഴിഞ്ഞദിവസമാണ് ഈ ആവശ്യമുന്നയിച്ചു പി സി ജോര്‍ജ് കത്തു നല്‍കിയത്. ചെയര്‍മാന്‍ ഗുരുതരമായ ആരോപണങ്ങള്‍ക്കു വിധേയനാണെന്നും ഭരണപരിചയമില്ലാത്തതിനാല്‍ നഗരസഭാ ഭരണം താറുമാറാണെന്നും പി സി ജോര്‍ജ് കത്തിൽ ആരോപിക്കുന്നു.


എന്നാല്‍ കോടതി ഉത്തരവു നിലനില്‍ക്കേ നഗരസഭയിലെ കടുവാമുഴി ഡിവിഷനില്‍ മീനച്ചിലാറിന്റെയും പാറത്തോടു തോടിന്റെയും അരികുകള്‍ കൈയേറി പി സി ജോര്‍ജിന്റെ ഉറ്റ അനുയായിയായ പെരുന്നിലത്തു കുട്ടിച്ചന്‍ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തിയതിന്റെ പ്രതികാരമാണ് പി സി ജോര്‍ജിന്റെ നടപടിയെന്നു ടി എം റഷീദ് നാരദാ ന്യൂസിനോടു പറഞ്ഞു. കൈയേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് എംഎല്‍എയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. പഞ്ചായത്തു ഭരണസമിതി കൂടിയാണ് കൈയേറി നടത്തിയ നിര്‍മ്മാണങ്ങള്‍ പൊളിക്കാന്‍ തീരുമാനമെടുത്തത്. ഭരണസമിതിയുടെ പൂര്‍ണ്ണ പിന്തുണയും ഭരണസമിതിയിലുള്‍പ്പെടാത്ത എസ്‌ഡിപിഐയുടെ പിന്തുണയും ഈ നീക്കത്തിനുണ്ടെന്നും ടി എം റഷീദ് പറഞ്ഞു.

ഏഴ് സിപിഐഎം അംഗങ്ങളും രണ്ടു സിപിഐ അംഗങ്ങളുമുള്ള ഇടതുമുന്നണി പി സി ജോര്‍ജ് നേതൃത്വം നല്‍കുന്ന ജനപക്ഷത്തിന്റെ നാല് അംഗങ്ങളുടെ പിന്തുണയോടെയാണ് നഗരസഭ ഭരിക്കുന്നത്. ജനപക്ഷത്തിന്റെ പ്രാദേശിക നേതാവും ഇന്നത്തെ ഈരാറ്റുപേട്ട നഗരസഭാ മെമ്പറുമായ പി എച്ച് ഹസീബ് 2015 ല്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണു ഹൈക്കോടതി കൈയേറ്റ വിഷയത്തില്‍ ഇടപെട്ടത്.

ഈരാറ്റുപേട്ട നഗരസഭയാകുന്നതിനു മുമ്പായിരുന്നു ഹസീബ് കൈയേറ്റ വിഷയത്തില്‍ കോടതിയെ സമീപിച്ചത്. യുഡിഎഫിന്റെ നേതൃത്വത്തിലായിരുന്നു അന്ന് ഈരാറ്റുപേട്ട പഞ്ചായത്ത് ഭരണം നടത്തിയിരുന്നത്. ഹര്‍ജി പരിശോധിച്ച കോടതി ഒരു സര്‍വ്വേ കമ്മീഷനെ വയ്ക്കുകയും തുടര്‍ന്നു നടന്ന തെളിവെടുപ്പിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ കോടതിക്കു റിപ്പോര്‍ട്ടു നല്‍കുകയും ചെയ്തിരുന്നു. പാറത്തോടു തോടിനു അരികിലുള്ള 7.5 സെന്റ് സ്ഥലവും മീനച്ചിലാറിനു സമീപമുള്ള 2.5 സെന്റ് സ്ഥലവും കൈയേറിയെന്ന റിപ്പോര്‍ട്ടാണ്  കോടതിക്കു നല്‍കിയത്.

തുടര്‍ന്നു ഹൈക്കോടതി ഉചിതമായ നടപടി സ്വീകരിക്കാന്‍ തഹസീല്‍ദാർക്കു നിര്‍ദ്ദേശം നല്‍കി. ഈ സമയം തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുകയും ആദ്യ ഈരാറ്റുപേട്ട നഗരസഭാ ഭരണത്തില്‍ ജനപക്ഷത്തിന്റെ പിന്തുണയോടെ എല്‍ഡിഎഫ് അധികാരത്തിലെത്തുകയും ചെയ്തു. അതിനുശേഷം ഭരണസമിതി കൂടി കൈയേറ്റം ഒഴിപ്പിക്കാനും ഭൂമി തിരിച്ചുപിടിക്കാനും തീരുമാനിക്കുകയായിരുന്നു. അതിനിടയിലാണ് പാറത്തോട് തോടിനു സമീപത്തെ കൈയേറ്റ ഭൂമി കുട്ടിയച്ചന്‍ എന്ന വ്യക്തിയുടെ നേതൃത്വത്തില്‍ കല്ലുകെട്ടി സ്വന്തമാക്കാനുള്ള നീക്കം നടന്നത്. ഇതിനെതിരെ സിപിഐഎം- എസ്‌ഡിപിഐ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

നാട്ടുകാര്‍ അറിയിച്ചതനുസരിച്ചു നഗരസഭാ ചെയര്‍മാന്‍ ടി എം റഷീദ് സ്ഥലത്തെത്തുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയകയും ചെയ്തു. ഇതിനുശേഷമാണ് ടി എം റഷീദിനെതിരെ പി സി ജോര്‍ജ് സിപിഐഎം ഏരിയ കമ്മിറ്റിക്കു പരാതി നല്‍കിയത് എന്നാണ് ആരോപണം. ഈരാറ്റുപേട്ട നഗരസഭയുടെ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ടി എം റഷീദിന് കാര്യക്ഷമത പ്രകടിപ്പിക്കാനാകാഞ്ഞതുകൊണ്ടും ഭരണപരിചയം ഇല്ലാത്തതിനാലും മാറ്റണമെന്നുള്ളതാണ് പി സിയുടെ ആവശ്യം. ജനപക്ഷത്തിന്റെ പിന്തുണയോടെയാണ് സിപിഐഎം ഭരണം നടത്തുന്നതെന്ന സൂചനയും പി സി ഏരിയാ കമ്മിറ്റിക്കു നല്‍കിയ കത്തില്‍ പറയുന്നുണ്ട്.

[caption id="attachment_80656" align="aligncenter" width="720"] പി സി ജോര്‍ജ് സിപിഐഎം ഏരിയാ കമ്മിറ്റിക്കു നല്‍കിയ കത്ത്[/caption]

എന്നാല്‍ പി സി ജോര്‍ജിന്റെ അടുപ്പക്കാരന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞതിന്റെ പ്രതികാരമാണ് ഇതെന്നാണ് റഷീദ് അനുകൂലികളുടെ നിലപാട്. അതുകൊണ്ടുതന്നെ പി സി ജോര്‍ജിനോടു വിട്ടുവീഴ്ച വേണ്ടെന്നുള്ള തീരുമാനത്തിലാണ് ഇടതുപക്ഷം നില്‍ക്കുന്നതും. കഴിഞ്ഞദിവസം കൂടിയ ജനപക്ഷത്തിന്റെ യോഗത്തില്‍ ഇടതുപക്ഷത്തിനു നല്‍കുന്ന പിന്തുണ പിന്‍വലിക്കാന്‍ അംഗങ്ങള്‍ക്കു പി സി ജോര്‍ജ് നിര്‍ദ്ദേശം നല്‍കിയെന്നാണ് സൂചന. എന്നാല്‍ നാല് അംഗങ്ങളില്‍ രണ്ടുപേര്‍ ഈ നിര്‍ദ്ദേശം തള്ളിക്കളഞ്ഞുവെന്നും കൈയേറ്റ വിഷയത്തില്‍ ഭരണപക്ഷത്തിനൊപ്പം നില്‍ക്കുമെന്നു പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

കൈയേറ്റം ഒഴിപ്പിക്കാന്‍ ശ്രമിച്ച നഗരസഭാ ചെയര്‍മാന്‍ ടി എം റഷീദിനെ മാറ്റണമെന്ന പിസി ജോര്‍ജ് എംഎല്‍എയുടെ ആവശ്യത്തെ ഒരു കാരണവശാലും പിന്തുണയ്ക്കില്ലെന്ന് എസ്‌ഡിപിഐ ഈരാറ്റുപേട്ട മണ്ഡലം സെക്രട്ടറി ആരിഫ് നാരദാ ന്യൂസിനോടു പറഞ്ഞു.
'കൈയേറ്റം ഒഴിപ്പിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചത് എസ്‌ഡിപിഐ കൂടിയാണ്. ഒഴിപ്പിക്കാനുള്ള സമരങ്ങള്‍ക്ക് സിപിഐഎമ്മിനൊപ്പം നേതൃത്വം നല്‍കാന്‍ ഞങ്ങളും ഉണ്ടായിരുന്നു. അതിന്റെ പേരില്‍ ചെയര്‍മാനെ മാറ്റാനുള്ള നീക്കങ്ങളെ ഞങ്ങള്‍ അംഗീകരിക്കില്ല. പിസി ജോര്‍ജിന്റേത് അനുയായികൾക്കു വേണ്ടിയുള്ള പകപോക്കല്‍ മാത്രമാണ്'- ആരിഫ് പറഞ്ഞു.

പിസി ജോര്‍ജിന്റെ നടപടി അംഗീകരിക്കാനാകില്ലെന്നും ഇക്കാര്യത്തില്‍ ചെയര്‍മാനു പിന്നില്‍ ഉറച്ചുനില്‍ക്കുമെന്നും ഈരാറ്റുപേട്ട നഗരസഭാ മെമ്പറും കൈയേറ്റം സംബന്ധിച്ചു ഹര്‍ജിനല്‍കിയ വ്യക്തിയുമായ ഹസീബും വ്യക്തമാക്കി. എല്‍ഡിഎഫിന് 13, യുഡിഎഫിന് 11, എസ്‌ഡിപിഐ നാല് എന്നിങ്ങനെയാണ് ഈരാറ്റുപേട്ട നഗരസഭയിലെ കക്ഷിനില. അതുകൊണ്ടുതന്നെ പി സി ജോര്‍ജിന്റെ നീക്കങ്ങള്‍ക്ക് എസ്‌ഡിപിഐയുടെ നിലപാടും പ്രധാനമാണ്.

Read More >>