'വിദ്യാഭ്യാസമാണ് ഏറ്റവും ശക്തമായ ആയുധം'; വിജ്ഞാനത്തിന്റെ വിപ്ലവം തീര്‍ത്ത് ഒരു ദേശത്തിന്റെ തലവര മാറ്റിയെഴുതിയ ഇ അഹമ്മദ്

സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ എട്ടാം ക്ലാസ്സ് തോറ്റ രണ്ടു പെൺകുട്ടികൾക്ക് കണ്ണൂർ സിറ്റിയിൽ സ്വീകരണം നൽകിയിരുന്നു. കാരണം അന്ന് എട്ടാം ക്ലാസിന്റെ പടികണ്ട വേറെ ആരുമില്ല. പെൺകുട്ടികളൊക്കെ പള്ളിക്കൂടം കാണുകയേ ഇല്ല. അതായിരുന്നു അന്നത്തെ അവസ്ഥ. ദശാബ്ദങ്ങൾക്കിപ്പുറത്ത് ഉന്നത ഉദ്യോഗങ്ങളിലും തൊഴിൽ മേഖലകളിലും വിരാചിക്കുന്ന മുസ്ലിം പെൺകുട്ടികളെയും ആൺകുട്ടികളെയും കണ്ണൂർ സിറ്റിയിൽ കാണാം. വൃത്തിയുള്ള തെരുവുകൾ കാണാം. നല്ല വീടുകൾ കാണാം. ഇതിനൊക്കെ സിറ്റിക്കാർ നന്ദിപറയുന്നത് യശ്ശശരീരനായ തങ്ങളുടെ പ്രിയ നേതാവിനോടാണ് - ഇ അഹമ്മദ് സാഹിബിനോടാണ്.

ഇ അഹമ്മദിന്റെ ദേശം കണ്ണൂർ എന്ന് ഒറ്റവാചകത്തിൽ പറഞ്ഞവസാനിപ്പിക്കാൻ കഴിയില്ല. പ്രത്യേകിച്ചും കണ്ണൂരുകാർക്ക്. ഇ അഹമ്മദ് പിറന്നത് കണ്ണൂർ സിറ്റിയിലാണ്. പേരിൽ സിറ്റിയെന്നൊക്കെ ഉണ്ടെങ്കിലും അറയ്ക്കല്‍ കൊട്ടാരവും പാണ്ടികശാലകളും മാറ്റിനിർത്തിയാൽ ദരിദ്രരും നിരക്ഷരരുമായ ഒരു കൂട്ടം ജനങ്ങൾ മാത്രമാണ് സിറ്റിയിൽ ഉണ്ടായിരുന്നത്.

കടലോരപ്രദേശമായ കണ്ണൂർ സിറ്റിയിലെ സാധാരണക്കാർ കടലിനെ മാത്രം ആശ്രയിച്ചു ജീവിച്ചു പോന്നു. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ എട്ടാം ക്ലാസ്സ് തോറ്റ രണ്ടു പെൺകുട്ടികൾക്ക് കണ്ണൂർ സിറ്റിയിൽ സ്വീകരണം നൽകിയിരുന്നു. കാരണം അന്ന് എട്ടാം ക്ലാസിന്റെ പടികണ്ട വേറെ ആരുമില്ല. പെൺകുട്ടികളൊക്കെ പള്ളിക്കൂടം കാണുകയേ ഇല്ല. അതായിരുന്നു അന്നത്തെ അവസ്ഥ. ദശാബ്ദങ്ങൾക്കിപ്പുറത്ത് ഉന്നത ഉദ്യോഗങ്ങളിലും തൊഴിൽ മേഖലകളിലും വിരാചിക്കുന്ന മുസ്ലിം പെൺകുട്ടികളെയും ആൺകുട്ടികളെയും കണ്ണൂർ സിറ്റിയിൽ കാണാം. വൃത്തിയുള്ള തെരുവുകൾ കാണാം. നല്ല വീടുകൾ കാണാം. ഇതിനൊക്കെ സിറ്റിക്കാർ നന്ദിപറയുന്നത് യശ്ശശരീരനായ തങ്ങളുടെ പ്രിയ നേതാവിനോടാണ് - ഇ അഹമ്മദ് സാഹിബിനോടാണ്.
1920ൽ അറയ്ക്കൽ ആലിരാജ അബ്ദുൽ റഹ്‌മാൻ സാഹിബ് സ്ഥാപിച്ച ദീനുൽ ഇസ്‌ലാം സഭയുടെ പ്രധാന ലക്ഷ്യം അനാഥ മയ്യിത്തുകളുടെ പരിപാലനമായിരുന്നു. തെരുവുകളിലും റെയിൽവേ സ്റ്റേഷനിലും മരിച്ചുകിടക്കുന്ന അനാഥ മുസ്ലിങ്ങളുടെയും കണ്ണൂർ സെൻട്രൽ ജയിലിൽ തൂക്കിലേറ്റുകയും മറ്റും ചെയ്യപ്പെട്ട മുസ്ലിംകളുടെ മൃതദേഹങ്ങളെയും ഏറ്റെടുത്ത് മതാചാരപ്രകാരം മറവുചെയ്യുക എന്ന കർമമായിരുന്നു ദീനുൽ ഇസ്‌ലാം സഭയുടേത്.

എന്നാൽ അറുപതുകളിൽ എത്തിയപ്പോൾ ഇ അഹമ്മദ് ഉൾപ്പെടെയുള്ള യുവനേതൃത്വം ദീനുൽ ഇസ്‌ലാം സഭയുടെ തലപ്പത്ത് വരികയും വിദ്യാഭ്യാസരംഗത്ത് ശ്രദ്ധപതിപ്പിക്കാൻ തുടങ്ങുകയും ചെയ്തു. ദീനുൽ ഇസ്‌ലാം സഭയുടെ നേതൃത്വത്തിൽ സ്ഥാപിച്ച ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ മേഖലയിൽ സാമൂഹികമാറ്റത്തിന്റെ കൊടുങ്കാറ്റ് സൃഷ്ടിച്ചു. വീടുകളിൽ തളച്ചിടപ്പെട്ട പെൺകുട്ടികളെ പെൺപള്ളിക്കൂടത്തിലേക്ക് അയക്കാൻ തുടങ്ങി. ഇത് സമൂഹത്തിന്റെ ആകെയുള്ള മാറ്റത്തിനു തുടക്കമായി. ബാല്യവിവാഹങ്ങൾ ഇല്ലാതായി.

സിഎച്ച് മുഹമ്മദ് കോയ മുഖ്യമന്ത്രിയായിരുന്നപ്പോഴും പിന്നീട് മുസ്ലിം ലീഗ് വിദ്യാഭ്യാസ മന്ത്രിമാരുടെ കാലത്തും മാത്രമല്ല, ഇടതുപക്ഷം ഭരണത്തിലിരിക്കുമ്പോഴും ഇ അഹമ്മദ് കണ്ണൂർ സിറ്റിയുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ ആനുകൂല്യങ്ങൾ നേടിയെടുക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അറുപതുകൾ മുതൽ മരണപ്പെടും വരെ ഇ അഹമ്മദ് ആയിരുന്നു ദീനുൽ ഇസ്‌ലാം സഭയുടെ പ്രസിഡന്റ്.

ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിനു പുറമെ ഇംഗ്ലീഷ് മീഡിയം ഹയർസെക്കണ്ടറി സ്‌കൂൾ, വനിതാ കോളേജ്, അറബിക് കോളേജ്, ഹംദർദ് യൂണിവേഴ്സിറ്റി ഓഫ് കാമ്പസ്, മതപഠനശാലകൾ, യതീംഖാന, അനാഥ പെൺകുട്ടികളുടെ സംരക്ഷണപദ്ധതി എന്നിങ്ങനെ ഒരു ദേശത്തെ സമൂല പുരോഗതിയിലേക്ക് നയിക്കാവുന്ന നിലയിലേക്ക് ദീനുൽ ഇസ്‌ലാം സഭയെ ഇ അഹമ്മദ് വളർത്തി.

മുസ്ലിം വിഭാഗങ്ങളിൽപ്പെട്ടവർക്ക് മാത്രമല്ല ദീനുൽ ഇസ്‌ലാം സഭ ആശ്വാസമാകുന്നത്. പ്രദേശത്തെ പിന്നാക്കാവസ്ഥയിൽ കഴിയുന്ന ഹിന്ദു, മുസ്ലിം വിഭാഗങ്ങളിൽ ഉള്ളവർക്കും വിദ്യാഭ്യാസം പകർന്നു നൽകുന്നത് സഭയുടെ സ്ഥാപനങ്ങളാണ്. കോളേജുകളിലും മറ്റും അധ്യാപകരായടക്കം ജോലി ചെയ്യുന്നത് എല്ലാ സമുദായങ്ങളിലുംപെട്ടവരാണ്. ഈ മതേതരസ്വഭാവം നിർമിച്ചെടുക്കുന്നതിലും കാത്തുസൂക്ഷിക്കുന്നതിലും ഇ അഹമ്മദ് നേതൃപരമായ സ്ഥാനത്തുനിന്നു.

വിദേശബന്ധങ്ങളും ഭരണതലങ്ങളിലെ സ്വാധീനവും തന്റെ ജന്മനാടിന്റെ പുരോഗതിക്കായി ഇപ്പോഴും ഉപയോഗിക്കാൻ ഇ അഹമ്മദ് ശ്രമിച്ചിരുന്നു. തൊണ്ണൂറുകളിൽ തന്നെ ദീനുൽ ഇസ്‌ലാം സഭ സ്ഥാപനങ്ങളിലെ കുട്ടികൾക്ക് കമ്പ്യൂട്ടർ വിദ്യാഭ്യാസം നൽകാൻ തുടങ്ങിയതു മുതൽ ഹംദർദ് യൂണിവേഴ്സിറ്റിയുടെ ഓഫ്‌ ക്യാമ്പസ് സിറ്റിയിൽ സ്ഥാപിക്കുന്നതു വരെയുള്ള കാര്യങ്ങള്‍ക്കു പിന്നില്‍ ഇ അഹമ്മദ് മാത്രമാണ്. എൽകെജി മുതൽ പോസ്റ്റ് ഗ്രാജുവേഷന്‍ വരെ പഠിക്കാനുള്ള സൗകര്യം ഇ അഹമ്മദ് തന്റെ ജന്മദേശത്ത് ഒരുക്കി.

വിദ്യാഭ്യാസമാണ് ഏറ്റവും ശക്തമായ ആയുധം എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ദീനുൽ ഇസ്‌ലാം സഭയുടെ സ്ഥാപനങ്ങൾ അറിവുള്ള തലമുറകളെയും അവർ കരുത്തുള്ള ദേശത്തെയും സൃഷ്ടിച്ചു. എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടുന്ന വിദ്യാർത്ഥികൾക്ക് തന്റെ മാതാവിന്റെ പേരിലുള്ള എൻഡോവ്മെന്റ് നൽകിയും കഴിവുള്ള ഓരോ കുഞ്ഞുങ്ങളെയും തോളിൽ തട്ടി അഭിനന്ദിച്ചും എപ്പോഴും അവർക്കൊപ്പം നിന്നു. മെഡിക്കൽ- എൻട്രൻസ് അടക്കമുള്ള മത്സരപരീക്ഷകളിൽ സിറ്റിയിലെ പെൺകുട്ടികൾ അനായാസം ജയിച്ചു കയറി. എട്ടാം ക്ലാസ്‌ തോറ്റ പെൺകുട്ടികൾക്ക് സ്വീകരണം നൽകിയ നാടിന്റെ മാറ്റമായിരുന്നു അത്. ഇ അഹമ്മദ് എന്ന വ്യക്തി ഒരു ദേശത്തിന്റെ തലവര മാറ്റിയ ചരിത്രം കൂടിയായി അത് മാറുന്നു.

Read More >>