ഡിവൈഎഫ്‌ഐ നേതാവിനെ ഗുണ്ടാസംഘം വെട്ടിക്കൊന്നു

ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം ജിഷ്ണുവിനെ വെട്ടിയ ശേഷം സ്ഥലം വിടുകയായിരുന്നു.

ഡിവൈഎഫ്‌ഐ നേതാവിനെ ഗുണ്ടാസംഘം വെട്ടിക്കൊന്നു

ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ഗുണ്ടാസംഘം വെട്ടിക്കൊന്നു. കരുവാറ്റ വിഷ്ണു ഭവനത്തില്‍ ജിഷ്ണു(24) ആണ് മരിച്ചത്. ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. ഹരിപ്പാട് സുബ്രമണ്യ സ്വാമി ക്ഷേത്രത്തിലെ കാവടി മഹോത്സവത്തില്‍ പങ്കെടുത്തു മടങ്ങിയ ജിഷ്ണുവിനെയും സുഹൃത്ത് സൂരജിനെയും കരുവാറ്റ വടക്കു റെയില്‍ വേക്രോസിനു സമീപം വച്ചാണ് വെട്ടിയത്. ബൈക്കിലെത്തിയ പതിനഞ്ചോളം പേര്‍ വരുന്ന സംഘം മുഖം മൂടി ധരിച്ചിരുന്നു.


സൂരജിനെയാണ് സംഘം ആദ്യം ആക്രമിച്ചത്. ജിഷ്ണു തടസം പിടിച്ചതോടെ അക്രമം ജിഷ്ണുവിന് നേരേയായി. വെട്ടുകൊണ്ട സൂരജ് ഒരു ഭാഗത്തേക്കും ജിഷ്ണു മറ്റൊരു ഭാഗത്തേക്കും ഓടി. പ്രാണരക്ഷാര്‍ത്ഥം അടുത്തുള്ള വീട്ടില്‍ അഭയം തേടിയ ജിഷ്ണുവിനെ പിന്തുടര്‍ന്നു ചെന്നാണ് ആക്രമികള്‍ വെട്ടിയത്. ജിഷ്ണുവിന്റെ ശരീരത്തില്‍ ഇരുപതിലധികം മുറിവുകളാണ് ഉള്ളത്. മുറിവേറ്റ ജിഷ്ണു രക്തം വാര്‍ന്നു മരിച്ചുവെന്നു ഉറപ്പാക്കിയ ശേഷമാണ് സംഘം സ്ഥലം വിട്ടത്.

പ്രദേശത്ത് അരമണിക്കൂറോളം വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം ജനങ്ങളെ പരിഭ്രാന്തിയിലാക്കി.

കരുവാറ്റ പ്രദേശത്തു ഗൂണ്ടാ സംഘങ്ങളുടെ ആക്രമണം ഇടയ്ക്കിടെ ഉണ്ടാകാറുള്ളതായി നാട്ടുകാര്‍ പറഞ്ഞു.

കൂലിപ്പണിക്കാരനായ ജിഷ്ണു ഡിവൈഎഫ്‌ഐ കരുവാറ്റ വടക്ക് മേഖല കമ്മിറ്റിയുടെ ജോയിന്റ് സെക്രട്ടറിയാണ്. പരിക്കേറ്റ സൂരജിനെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആലപ്പുഴ തോട്ടപ്പള്ളി കന്നുകാലിപ്പാലം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് ഡിവൈഎഫ്‌ഐ പ്രാദേശിക പ്രവര്‍ത്തകരുടെ അനുമാനം.

Story by