രാഷ്ട്രീയ പ്രവർത്തകർക്കു നേരെ കാപ്പ ചുമത്തരുതെന്ന് സിപിഐഎം; ഡിവൈഎഫ്ഐ പ്രവർത്തകനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത് പൊലീസ്

സിപിഐഎം നയത്തിന് വിരുദ്ധമായി യുഎപിഎ ഉൾപ്പെടെയുള്ള കരിനിയമങ്ങൾ പ്രയോഗിക്കുന്ന പൊലീസിന് നേരെ പാർട്ടിക്കുള്ളിൽ നിന്നും വിമർശനങ്ങൾ കനക്കവെയാണ് ഇപ്പോൾ കാസർഗോഡ് ഡിവൈഎഫ്ഐ പ്രവർത്തകനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്.

രാഷ്ട്രീയ പ്രവർത്തകർക്കു നേരെ കാപ്പ ചുമത്തരുതെന്ന് സിപിഐഎം; ഡിവൈഎഫ്ഐ പ്രവർത്തകനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത് പൊലീസ്

രാഷ്ട്രീയ പ്രവർത്തകർക്കു നേരെ കാപ്പ ചുമത്തരുതെന്ന നിലപാട് സിപിഐഎം ആവർത്തിച്ചുകൊണ്ടിരിക്കെ കാസർഗോഡ് ഡിവൈഎഫ്ഐ പ്രവർത്തകനെ പോലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. മാങ്ങാട് അമ്പാപുരത്തെ ഡിവൈഎഫ്ഐ പ്രവർത്തകൻ മനോജിനെയാണ് ബേക്കൽ പോലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. മനോജിനെ പിന്നീട് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

സ്ഥിരം കുറ്റവാളികളെ നാടുകടത്തുക എന്ന ഉദ്ദേശത്തോടെ കൊണ്ടുവന്ന നിയമം രാഷ്ട്രീയ പ്രവർത്തകർക്ക് നേരെ പ്രയോഗിക്കുന്നതിനെതിരെ യുഡിഎഫ് ഭരണകാലത്ത് തന്നെ സിപിഐഎം ശക്തമായി എതിർത്തിരുന്നു. ഇതേച്ചൊല്ലി 2014ൽ പ്രതിപക്ഷമായിരുന്ന സിപിഐഎം നിയമസഭ സ്തംഭിപ്പിക്കുകയും ചെയ്തിരുന്നു.

എൽഡിഎഫ് അധികാരത്തിൽ വന്നതിനുശേഷവും ഇതേ നിലപാടാണ് പാർട്ടി സ്വീകരിച്ചത്.

പയ്യന്നൂരിൽ ബിഎംഎസ് പ്രവർത്തകൻ രാമചന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഡിവൈഎഫ്ഐ നേതാവ് ടി സി വി നന്ദകുമാറിനെതിരെ പോലീസ് കാപ്പ ചുമത്തിയപ്പോൾ ശക്തമായ പ്രതിഷേധവുമായി സിപിഐഎം ജില്ലാ സെക്രട്ടറി പി ജയരാജൻ രംഗത്ത് വന്നിരുന്നു. രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ യുഡിഎഫ് ഭരണകാലത്ത് നടപ്പാക്കിയ പൊലീസ് നയമാണ് ഇപ്പോഴും  തുടരുന്നത് എന്നായിരുന്നു പി ജയരാജന്റെ വിമർശനം.

രാഷ്ട്രീയ കേസുകളിലും ചില അടിപിടിക്കേസുകളിലും പ്രതിയാണ് ഇപ്പോൾ കാപ്പ ചുമത്തപ്പെട്ടിട്ടുള്ള മനോജ്. നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കി ജില്ലാ കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മനോജിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊലപാതകമടക്കമുള്ള നിരവധി കേസുകളിൽ പ്രതികളായ മണൽ മാഫിയാ അംഗങ്ങൾ വരെയുള്ള ജില്ലയിലാണ് ഡിവൈഎഫ്ഐ പ്രവർത്തകനെതിരെ കാപ്പ ചുമത്തപ്പെട്ടിരിക്കുന്നത്.

പാർട്ടി നയത്തിന് വിരുദ്ധമായി യുഎപിഎ ഉൾപ്പെടെയുള്ള കരിനിയമങ്ങൾ പ്രയോഗിക്കുന്ന പൊലീസിന് നേരെ പാർട്ടിക്കുള്ളിൽ നിന്നും വിമർശനങ്ങൾ കനക്കവെയാണ് ഇപ്പോൾ കാപ്പ അറസ്റ്റും ഉണ്ടായിരിക്കുന്നത്.

Read More >>