കനിയുടെ അമ്മ ഡോ. ജയശ്രീ പറയുന്നു; രാത്രിയില്‍ ഒറ്റയ്ക്കു സഞ്ചരിക്കാന്‍ പേടിയാണ്!

നടി കനിയുടെ അമ്മയാണ് ഡോ. ഏ.കെ ജയശ്രീ- കേരളത്തിലെ ലൈംഗിക സദാചാരത്തിനെതിരായ നിരവധി പോരാട്ടങ്ങളും പഠനങ്ങളും നടത്തിയ വ്യക്തിത്വം. ലൈംഗികത്തൊഴിലാളി മാനിഫെസ്റ്റോ പോലെ കണ്ണുതുറപ്പിക്കുന്ന തുറന്നു പറച്ചിലുകളുടെ നേതൃത്വപരമായ പങ്കു വഹിച്ചയാള്‍. ലിംഗ നീതിയിലൂന്നിയ ധീരമായ പോരാട്ടം നടത്തുന്ന ജയശ്രീക്ക് ഈ സമൂഹത്തെ കുറിച്ചു പറയാനുള്ളത് അത്ര നല്ല കാര്യങ്ങളൊന്നുമല്ല.

കനിയുടെ അമ്മ  ഡോ. ജയശ്രീ പറയുന്നു; രാത്രിയില്‍ ഒറ്റയ്ക്കു സഞ്ചരിക്കാന്‍ പേടിയാണ്!

നടി അക്രമത്തിനു ഇരയായ സംഭവത്തില്‍ പേരു പുറത്തു പറയണമോ വേണ്ടയോ എന്ന ചര്‍ച്ച നടക്കുന്നുണ്ടല്ലോ. അക്രമങ്ങളിനി ഇല്ലാതാകാന്‍ പേരു പറയണമെന്ന വാദമുണ്ടല്ലോ?

ഡോ. ഏകെ ജയശ്രീ: പുറത്തു  നിന്നു ആര്‍ക്കും അത് തീരുമാനിക്കാന്‍ പറ്റില്ല. ആ സ്ത്രീയുടെ നിലപാടാണ് പ്രധാനം. നടിയുടെ കാര്യത്തില്‍ എനിക്കു തോന്നിയത് അവര്‍ ഇത്രയും കാര്യങ്ങള്‍ പുറത്തു പറയാന്‍ ധൈര്യം കാണിച്ചുവെന്നതു തന്നെ വലിയ കാര്യമാണെന്നാണ്. അവരുടെ പേരു പറയണമോയെന്ന കാര്യം അവര്‍ തന്നെയാണ് തീരുമാനിക്കേണ്ടത്. നിയമം അനുസരിച്ച് ഇത്തരം കേസുകളില്‍ ഇരയുടെ പേരു പുറത്തു പറയാന്‍ പാടില്ല. നിയമം എല്ലാവര്‍ക്കും ബാധകമാണു താനും. എന്നിരുന്നാലും ഈ കാര്യത്തില്‍ അന്തിമ നിലപാട് ആ പെണ്‍കുട്ടിയുടേത് തന്നെയാണെന്നാണ് എന്റെ അഭിപ്രായം. പൊലീസിന് ഈ കാര്യത്തില്‍ ഒന്നും ചെയ്യാന്‍ പറ്റില്ലെന്നാണ് എനിക്കു തോന്നുന്നത്.


റേപ്പിലെ അക്രമത്തെ അതായി തന്നെ കാണേണ്ടതില്ലേ. അതിലെ ലൈംഗിക ഉള്ളടക്കത്തിനാണല്ലോ അമിത പ്രാധാന്യം?


സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇത്തരം പ്രവൃത്തികള്‍ അക്രമം തന്നെയാണ്. വാര്‍ത്തകളില്‍ സെക്‌സ് ഇലമെന്റിനാണ് പ്രാമുഖ്യം കൊടുക്കുന്നത്. എന്നാല്‍ സമ്മതമില്ലാതെ ശരീരത്തില്‍ തൊട്ടാല്‍ തന്നെ അത് അക്രമാണ്. സെക്‌സ് എന്ന രീതിയില്‍ അവതരിപ്പിക്കുന്നതിനോട് കടുത്ത വിയോജിപ്പുണ്ട്. ക്രിമിനല്‍ സ്വഭാവമുള്ള ആളുകള്‍ ചെയ്ത ഈ കാര്യത്തെ അക്രമം എന്നു തന്നെയായിട്ടാണ് അടയാളപ്പെടുത്തേണ്ടത്. മാനസികമായിട്ടും ശാരീരികമായിട്ടും സ്ത്രീകളില്‍ മുറിവുണ്ടാക്കുന്ന അക്രമം തന്നെയാണ്.

[caption id="" align="alignleft" width="390"]Image result for PULSAR SUNI നടിയെ അക്രമിച്ച സുനി[/caption]


ഇത്തരം അതിക്രമങ്ങള്‍ക്കു വിധേയമാകുന്നവര്‍ സമൂഹത്തില്‍ ഒളിച്ചു കഴിയേണ്ടി വരുന്നു. ഇതൊരു പരിഷ്‌കൃത സമൂഹത്തിനു ചേര്‍ന്നതാണോ?


ഞാന്‍ ഇത്തരം കേസുകളില്‍ സജീവമായി ഇടപെടുന്ന ഒരാളാണ്. ബലാത്സംഗവും ലൈംഗികാതിക്രമവും സ്ത്രീകളില്‍ ഏല്‍പ്പിക്കുന്ന ആഘാതത്തെക്കുറിച്ച് സംസാരിക്കുമ്പോഴും അവരുടെ ജീവിതം ഇപ്പോള്‍ എങ്ങനെയാണ് എന്നും നാം ചിന്തിക്കാറില്ല. സംസാരിക്കുന്നു. അവര്‍ക്ക് സമൂഹത്തില്‍ ഇറങ്ങി ജീവിക്കാന്‍ കഴിയുംകൂടി വേണമല്ലോ. അപ്പോ ഇതിനകത്ത് ബാലന്‍സ് ഉണ്ട് . സ്ത്രീകള്‍ക്ക് അവകാശമുണ്ട്. രാത്രിയില്‍ ഇറങ്ങി നടക്കണമെന്നു ഞാന്‍ വിചാരിച്ചാല്‍ എപ്പോഴും പറ്റിയെന്നു വരില്ല. നമ്മള്‍ അത് കുറച്ചു കൊണ്ടുവന്നാലല്ലേ സാധിക്കൂ. സിനിമാ നടിയുടെ കാര്യത്തില്‍ മുന്നോട്ടുള്ള ജീവിതത്തില്‍ അക്രമത്തിനു ഇരയാകുന്ന മറ്റു സ്ത്രീകളെ പോലെ ബുദ്ധിമുട്ട് ഉണ്ടാകില്ലായിരിക്കാം. എന്നാല്‍ മറ്റു സ്ത്രീകളുടെ കാര്യം അങ്ങനെയല്ല അക്രമത്തോടെ അവര്‍ക്കു നഷ്ടപ്പെടുന്നത് അവരുടെ ജീവിതം കൂടിയാണ്. ഇരയാകേണ്ടി വരുന്നവള്‍ സൂര്യനെല്ലി പെണ്‍കുട്ടിയെ പോലെ എന്നും സമൂഹത്തില്‍ നിന്ന് ഒളിച്ചു ജീവിക്കേണ്ടി വരുന്നു.

ലൈംഗികാതിക്രമങ്ങള്‍ ഒളിപ്പിച്ചു വെയ്ക്കണം എന്നാണോ?

ഇത്തരം അക്രമങ്ങള്‍ക്കു ഇരയാകുന്നവര്‍ തുറന്ന് പറയണമെന്ന് തന്നെയാണ് ഞാന്‍ പറയുന്നത്. അങ്ങനെ പറയുമ്പോള്‍ തന്നെ ഇത്തരം കാര്യങ്ങള്‍ തുറന്നു പറയുന്ന പെണ്‍കുട്ടികളുടെ മുന്നോട്ടുള്ള ജീവിതം സുരക്ഷിതമാക്കാന്‍ നമുക്കു പറ്റിയില്ലെങ്കില്‍ നമ്മള്‍ ഇതു പറഞ്ഞു മാറി നില്‍ക്കുന്നതില്‍ യാതൊരു കാര്യവും ഇല്ല. സമൂഹം പിന്തുണ നല്‍കണം. സമൂഹത്തിന്റെ പിന്തുണ ഉള്ളതു കൊണ്ടാണ് അക്രമത്തിനു ഇരയായ സിനിമാനടിയ്ക്കു ശക്തമായ നിലപാട് എടുക്കാന്‍ സാധിച്ചത്. സാധാരണ ആളുകളെ സംബന്ധിച്ച് അവര്‍ക്ക് അവരുടെ ജീവിതം തന്നെ നഷ്ട്‌പ്പെടുകയാണ്. എന്നാലും ഇത്തരം കാര്യങ്ങള്‍ പുറത്തു പറയണമെന്ന നിലപാടാണ് എനിക്കുള്ളത്.


Image result for nirbhaya photo facebookസ്ത്രീകളുടെ സുരക്ഷയ്ക്കു വേണ്ടി എന്നവിധം അതിരുകളും മതിലുകളും അടിച്ചേല്‍പ്പിക്കുകയാണോ?


സുരക്ഷ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ പോലെ തന്നെ വേണ്ട കാര്യമാണ്. ഈ ഫ്രെയിമില്‍ നില്‍ക്കുന്നതു കൊണ്ടാണ് നമുക്ക് ഇത് മാറ്റാന്‍ സാധിക്കാത്തത്. നമ്മുടെ സുരക്ഷിത്വം, നമ്മുടെ കുട്ടികളുടെ സുരക്ഷിതത്വം എന്ന രീതിയിലാണ് സേഫ്റ്റിയെന്ന വാക്കിനെ ഉപയോഗിക്കുന്നതെങ്കില്‍ ഈ സിസ്റ്റം ഒരിക്കലും മാറാന്‍ പോകുന്നില്ല. സുരക്ഷിതത്വം എല്ലാവര്‍ക്കു വേണം സ്ത്രീകള്‍ക്കു വേണ്ടി മാത്രം നിജപ്പെടുത്തേണ്ട ഒന്നല്ല അത്. ആ ഒരു ഫ്രെയിമില്‍ നിന്നു കൊണ്ട് മാത്രമല്ല നാം ഇതിനെ കാണേണ്ടത്. സുരക്ഷ ഉറപ്പു വരുത്തേണ്ടത് സര്‍ക്കാരിന്റെയും പൊലീസിന്റെയും കടമയാണ്. അവരത് നിര്‍വഹിക്കുക തന്നെ വേണം. പക്ഷേ സുരക്ഷയെന്ന വാക്ക് സ്ത്രീകളെ ഉദ്ദേശിച്ചു മാത്രമല്ല പ്രയോഗിക്കേണ്ടത്.

പൊതുഇടങ്ങളിലും രാത്രികളിലും സ്ത്രീകള്‍ അയിത്തം കല്‍പ്പിക്കപ്പെടുന്നു അകറ്റി നിര്‍ത്തപ്പെടുന്നു?
പൊതുയിടങ്ങള്‍ സ്ത്രീയുടെ അല്ലെന്ന പൊതുബോധമാണ് സമൂഹത്തില്‍ ഉള്ളത്. സ്ത്രീകള്‍ വീട്ടില്‍ ഇരിക്കേണ്ടവരാണ് എന്ന ബോധമാണ് മാറേണ്ടത്. സ്ത്രീകള്‍ എപ്പോഴും വീട്ടിലിരിക്കേണ്ടവരാണ് എന്ന ചിന്തയാണ് ഭൂരിഭാഗം പുരുഷന്മാരും വച്ചു പുലര്‍ത്തുന്നത്. എന്തിന് വൈകിട്ട് പോയി, എന്തിനു പുറത്തു പോകുന്നുവെന്ന ചോദ്യം പലപ്പോഴും സ്ത്രീ അഭിമുഖീകരിക്കേണ്ടി വരുന്നു.  25 ശതമാനത്തില്‍ താഴെയുള്ള സ്ത്രീകള്‍ മാത്രമേ ജോലിയ്ക്കു പോകുന്നുള്ളു. കൂടുതല്‍ സ്ത്രീകള്‍ തൊഴില്‍ ചെയ്യുന്ന സാഹചര്യം ഉണ്ടായാല്‍ മാത്രമേ സ്ത്രീകള്‍ രാത്രിയും പുറത്തിറങ്ങി നടക്കാവുന്ന സാഹചര്യം ഉണ്ടാകുകയുള്ളു.

ഒന്നോ രണ്ടോ പേര്‍ വിചാരിച്ചാല്‍ മാത്രം മാറ്റം സംഭവിക്കാന്‍ പോകുന്നില്ല. ഇതിലൊരു നെഗോസേഷിയേഷന്‍ ഉണ്ട്. പക്ഷെ നമ്മുടെ ഫ്രെയിം മാറണമെന്ന് തന്നെയാണ് ഞാന്‍ പറയുന്നത്. സംരക്ഷണം മാത്രമല്ല വിഷയം അവകാശത്തിന്റെ പ്രശ്‌നമാണ് ഇത്. അവകാശത്തിന്റെ ഒരു ആങ്കിളില്‍ നിന്നു വേണം ഇതിനെ കാണാന്‍. സ്ത്രീയ്ക്കു വേണ്ടത് സംരക്ഷണമല്ല അവകാശമാണ്. രാത്രിയും ഇറങ്ങി നടക്കാന്‍ അവള്‍ക്കു അവകാശമുണ്ട്.

സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് നിരവധി ഫണ്ടും പദ്ധതികളുമുണ്ട്. എന്നിട്ടും?

സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഏതു പദ്ധതികള്‍ വന്നാലും കോടിക്കണക്കിന് രൂപ ചെലവാക്കുന്നതില്‍ വിമര്‍ശനമുണ്ട്. നിര്‍ഭയ വന്നതിനു ശേഷം കോടിക്കണക്കിന് രൂപ ഇത്തരം കാര്യങ്ങള്‍ക്കായി ചെലവാക്കുന്നുണ്ട്. ഈ തുകയെല്ലാം വീണ്ടും സ്ത്രീകളെ അടച്ചിടാന്‍ വേണ്ടിയാണ് ചെലവാക്കുന്നത്. സംരക്ഷണം എന്നു പറഞ്ഞു ജയില്‍ പോലെയുള്ള സ്ഥാപനങ്ങള്‍ ഉണ്ടാക്കിയിടുകയാണ്. ബോധവത്കരണം കൊടുക്കേണ്ടത് പുരുഷന്മാര്‍ക്കാണ്. കുട്ടിക്കാലം മുതല്‍ വീടുകള്‍ മുതല്‍ എല്ലാ തലങ്ങളിലും എങ്ങനെ സ്ത്രീകളുമായി ഇടപഴകണമെന്നു ആണ്‍കുട്ടികള്‍ക്കു പറഞ്ഞു കൊടുക്കണം. സ്ത്രീകളുമായി ആരോഗ്യപരമായി ഇടപെടാനുള്ള സ്‌പേയ്‌സ് നമ്മുടെ ആണ്‍കുട്ടികള്‍ക്ക് ലഭിക്കുന്നുമില്ല. ആണും പെണ്ണും ഒരുമിച്ചിരുന്നാല്‍ മോറല്‍ പൊലീസിന്റെ പ്രശ്‌നം വരും. എല്ലായിടത്തും അടിച്ചമര്‍ത്തലാണ്.

Image result for school girls india

ബോധവല്‍ക്കരണ ക്ലാസുകള്‍ നിറയെ ഉണ്ടല്ലോ... കാലങ്ങളായി ഉണ്ടല്ലോ...?

ഏതൊരു ബോധവത്കരണ ക്ലാസ്സ് വെച്ചാലും കുറെ സ്ത്രീകള്‍ വന്ന് ഇരിക്കും. അതാണ് ഇവിടെ നടക്കുന്നത്. പുരുഷന്മാര്‍ അതിന് തയ്യാറല്ല. എങ്ങനെ പണം ഉണ്ടാക്കാമെന്നതാണ് അവരുടെ ചിന്ത. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഇതൊന്നും പറയുന്നില്ല. സ്ത്രീകളെ എങ്ങനെയാണ് ബഹുമാനിക്കുന്നതെന്നോ, എങ്ങനെ നല്ല ബന്ധങ്ങള്‍ ഉണ്ടാക്കണമെന്നോ പറയുന്നില്ല. വീടുകളിലും ഇത്തരം കാര്യങ്ങള്‍ മാതാപിതാക്കള്‍ പറഞ്ഞു കൊടുക്കുന്നുമില്ല. ജെന്‍ഡര്‍ റോളുകളില്‍ വ്യത്യാസം വരണം. ബോധവത്കരണം വേണ്ടയെന്നല്ല അത് ആര്‍ക്ക് എങ്ങനെ എവിടെ കൊടുക്കണം എന്നുള്ളതാണ്.

പെണ്‍കുട്ടികള്‍ക്കെന്ന പോലെ ആണ്‍കുട്ടികള്‍ക്കും ഇത്തരം കാര്യങ്ങളില്‍ ഉത്തരവാദിത്വം ഉണ്ട് എന്നുള്ളതാണ്. പെണ്‍കുട്ടികളെ പഠിപ്പിച്ചിരിക്കുന്നത്. നീ ഫോണ്‍ ഉപയോഗിക്കരുത്. ഫോണില്‍ ഫോട്ടോയെടുക്കും. ഫോട്ടോ എടുത്താല്‍, നമ്മുടെ ശരീരം കാണിച്ചാല്‍ വലിയൊരു അപകടമാണ്. ഈ മൂല്യത്തെയാണ് മുതലെടുക്കുന്നത്. അപ്പോ, പെണ്‍കുട്ടികളുടെ ശരീരം കണ്ടാല്‍ എന്താണ് കുഴപ്പം, എന്താണ് പേടിക്കാനുള്ളത്. ആ രീതിയില്‍ കാഴ്ച്ചപാട് വന്നാല്‍ മാത്രമെ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുകയുള്ളു. ഭയത്തെ മുതലെടുക്കാന്‍ മറ്റുള്ളവരെ അനുവദിക്കാതിരിക്കുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം.

[caption id="attachment_83288" align="alignleft" width="416"] കനിയും ജയശ്രീയും[/caption]

മകള്‍ കനിയും സിനിമയിലാണ്. അമ്മയെന്ന നിലയില്‍, പേടിയുണ്ടോ?

മകളുടെ കാര്യത്തില്‍ അമ്മയെന്ന നിലയില്‍ ടെന്‍ഷന്‍ ഉണ്ടാകാറുണ്ട്. എന്നു കരുതി അവളോട് രാത്രി പുറത്തു പോകരുതെന്ന് ഞാന്‍ പറയാറില്ല. എനിക്കും കനിയ്ക്കും രാത്രിയില്‍ സഞ്ചരിക്കാന്‍ പേടിയുണ്ട്. രാത്രിയില്‍ ഒറ്റയ്ക്കു സഞ്ചരിക്കാന്‍ പേടിയാണ്. അങ്ങനെ സഞ്ചരിക്കാനുള്ള സുരക്ഷിതത്വം നമുക്കുണ്ടോ. ട്രെയിനില്‍ സഞ്ചരിക്കാന്‍ കുഴപ്പമില്ല. എന്നാലും അവിടെയും പ്രശ്‌നങ്ങള്‍ ഉണ്ട്യ എന്നാല്‍ ഇതുപോലുള്ള സാഹചര്യങ്ങളില്‍ കാറില്‍ സഞ്ചരിക്കുമ്പോള്‍ നമ്മുടെ ഉള്ളില്‍ ആ പേടിയുണ്ടാകും. പക്ഷെ അപ്പോഴും നമ്മള്‍ സഞ്ചരിക്കേണ്ടയെന്നല്ല വിചാരിക്കേണ്ടത്. സമൂഹത്തില്‍ എങ്ങനെ മാറ്റങ്ങള്‍ കൊണ്ടു വരാമെന്നാണ് ചിന്തിക്കേണ്ടത്. സമൂഹം മാറണമല്ലോ അല്ലാതെ നിവൃത്തിയില്ല. മകള്‍ തന്നെ പറയും ബോംബെ പോലുള്ള സ്ഥലങ്ങളില്‍ കുറച്ചുകുടി രാത്രിയില്‍ ഫ്രീ ആയിട്ട് നടക്കാന്‍ പറ്റുമെന്ന്.മറ്റു രാജ്യങ്ങളിലൊക്കെ സ്ത്രീകള്‍ സുരക്ഷിതത്വത്തോടെ രാത്രിയില്‍ പുറത്തിറങ്ങി നടക്കുന്നുണ്ടല്ലോ.

[caption id="attachment_83292" align="aligncenter" width="603"] കനി[/caption]

പൊലീസും സംഘടനകളും പറയുന്നത് സുരക്ഷിതയാകാന്‍ സ്ത്രീ രാത്രികളിലിറങ്ങണ്ട എന്നാണ്?


പൊലീസിനായാലും വീട്ടിലുള്ളവര്‍ക്കായാലും പുറത്തിറങ്ങി നടക്കാന്‍ അനുവദിക്കുന്നതിനെക്കാള്‍ നല്ലത് പുറത്തിറങ്ങേണ്ടെന്ന് സ്ത്രീകളോട് പറയുന്നതാണ്. രാത്രിയിലെ ഡ്യൂട്ടി ഒഴിവായി കിട്ടുമെന്നുള്ളതാണ് പൊലീസിനെ സംബന്ധിച്ചിടത്തോളമുള്ള ലാഭം. നമ്മുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറി എങ്ങനെ എളുപ്പത്തില്‍ കാര്യങ്ങള്‍ ചെയ്യാമെന്നാണ് എല്ലാവരും ആലോചിക്കുന്നത് തന്നെ. സ്ത്രീകളോട് സ്റ്റേറ്റിനു എവിടെയാണ് പരിഗണന ഉള്ളത്.മനുഷ്യരോട് പരിഗണന ഉള്ള സമൂഹത്തില്‍ എല്ലാവര്‍ക്കും ഒരു ഇടമുണ്ടാകും. ലൈംഗിക തൊഴിലാളികള്‍ രാത്രിയിലൊക്കെ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിലൂടെയല്ലേ പോകുന്നത്. അവര്‍ക്കും സുരക്ഷിതത്വം ഇല്ലല്ലോ. രാത്രിയിലെ സുരക്ഷയുടെ കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വമുണ്ട്.

അക്രമിക്കപ്പെട്ട നടിയുടെ കാര്യത്തിലടക്കം, അവള്‍ക്ക് അഭിപ്രായമുള്ളവളാണ്. സ്വന്തം കാലില്‍ നില്‍ക്കുന്നവളാണ്. ഇത്തരത്തില്‍ തന്റേടികളായവരാണ് അക്രമിക്കപ്പെടുന്നത്?


നടിയുടെ അക്രമവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ എനിക്ക് അറിയില്ല. ടിവിയില്‍ വരുന്നകാര്യങ്ങള്‍ അല്ലാതെ നേരിട്ട് അറിയില്ല. തൊഴിലെടുക്കുന്ന, സ്വന്തം കാലില്‍ നില്‍ക്കുന്ന സ്ത്രീയ്ക്ക് അതിജീവനം പ്രയാസമേറിയതാണ്. ഏതു മേഖലയിലാണെങ്കിലും തൊഴിലിടത്തിലാണെങ്കിലും അമ്മ, ഭാര്യ എന്ന റോളിലേയ്ക്കാണ് സ്ത്രീയെ കൊണ്ടു വരുന്നത്. അതിനപ്പുറത്തേയ്ക്ക് സ്വതന്ത്രമായി നില്‍ക്കുന്ന സ്ത്രീയെ തകര്‍ക്കാന്‍ നോക്കും. പ്രത്യേകിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളെ. സ്ത്രീകള്‍ക്കു പണവും ജോലിയുമുണ്ടെങ്കില്‍ പോലും ഒറ്റയ്ക്ക് താമസിക്കാനും ജോലി ചെയ്യാനും യാത്ര ചെയ്യാനുമൊക്കെ പരിമിതകളുണ്ട്. ഭയങ്കരമായി പ്രയാസം അനുഭവിക്കേണ്ട സ്ഥിതിയാണ് നിലവില്‍ ഉള്ളത്.

സ്‌കൂളുകളില്‍ സെക്‌സ് എജ്യൂക്കേഷന്‍ ഇത്തരം ലൈംഗിക അതിക്രമങ്ങള്‍ക്ക് പരിഹാരമെന്ന ചര്‍ച്ചകള്‍ പോലും ഇപ്പോള്‍ കേള്‍ക്കുന്നില്ലല്ലോ?


സ്ത്രീകളെ നിശബ്ദരാക്കുന്ന സമീപനമാണ് ഇപ്പോള്‍ ഉള്ളത്. പ്രതികരിക്കുന്നവര്‍ക്കു നേരെയാകും കൂടുതല്‍ അക്രമണം ഉണ്ടാകുന്നത്. പേടിക്കുന്നവരെയല്ലേ നിശബ്ദമാക്കാന്‍ പറ്റു.സ്ത്രീകളുടെ കാര്യം വരുമ്പോള്‍ അവര്‍ രക്ഷിക്കപെടേണ്ടവരാണ് എന്ന ചിന്തയാണ് വരുന്നത്. പൊതുബോധം അങ്ങനെയാണ്. നമ്മള്‍ സെക്സിനെ കുറിച്ച് മിണ്ടാതിരുന്നാല്‍ അതില്ല എന്നാണ് ചിന്തിക്കുന്നത്. സെക്സിനെ പൊതിഞ്ഞാണ് ഇത്തരം ബോധവത്കരണ ക്ലാസുകളില്‍ അവതരിപ്പിക്കുക.

സെക്‌സിനെക്കുറിച്ച് ആരും പറഞ്ഞു കൊടുക്കുമെന്നുള്ളതും പ്രശ്‌നമാണ്. മാതാപിതാക്കള്‍ ഇത്തരം കാര്യങ്ങളില്‍ ആശയവിനിമയം നടത്താന്‍ മടിക്കുന്നു. അധ്യാപകര്‍ക്കും ധൈര്യമില്ല. സെക്‌സിനെക്കുറിച്ചു പറഞ്ഞാല്‍ അവരെ മോശക്കാരായി ചിത്രീകരിക്കുമോയെന്ന ഭയമാണ് അവര്‍ക്ക്. കേന്ദ്ര സര്‍ക്കാര്‍ ഇത്തരം പരിപാടികള്‍ കൊണ്ടു വരാന്‍ ഉദ്ദേശിച്ചിരുന്നുവെങ്കിലും എതിര്‍പ്പുണ്ടായപ്പോള്‍ പിന്‍വലിച്ചു. കപട സദാചാരം പൊതിഞ്ഞാണ് എല്ലാവരും ജിവിക്കുന്നത്.

(തയ്യാറാക്കിയത്: ശ്രീജിത്ത് കെ.ജി)