'കൊലപാതകിയായ പുടിനെ ഞാന്‍ ബഹുമാനിക്കുന്നു'; റഷ്യയിലെ രാഷ്ട്രീയ കൊലപാതകങ്ങളെ ന്യായീകരിച്ച ട്രംപ് പുലിവാല്‍ പിടിച്ചു

റഷ്യയിലെ രാഷ്ട്രീയ കൊലപാതകങ്ങളേയും രാജ്യത്തിന്റെ ഉക്രൈന്‍ അധിനിവേശത്തേയുമാണ് ട്രംപ് ന്യായീകരിച്ചത്.

റഷ്യയിലെ രാഷ്ട്രീയ കൊലാപതകങ്ങളേയും ഉക്രൈന്‍ അധിനിവേശത്തേയും ന്യായീകരിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും വിവാദത്തില്‍. കൊലപാതകിയായ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനെ താന്‍ ഇഷ്ടപ്പെടുന്നതായുള്ള ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരേ ഡെമോക്രാറ്റിക്-റിപ്പബ്ലിക്കന്‍ പാര്‍ട്ടികളിലെ നേതാക്കള്‍ ഒരുപോലെ രംഗത്തുവന്നിട്ടുണ്ട്. ഫോക്‌സ് ന്യൂസിലെ ബില്‍ ഒ റെയ്‌ലി നടത്തിയ അഭിമുഖത്തിലാണ് ട്രംപ് വിവാദ പ്രസ്താവന നടത്തിയത്. താന്‍ പുടിനെ ബഹുമാനിക്കുന്നതായി റഷ്യയില്‍ വിമതരും മാധ്യമപ്രവര്‍ത്തകരും കൊല്ലപ്പെടുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ട്രംപ് പറഞ്ഞു.


വിവാദ അഭിമുഖം പ്രക്ഷേപണം ചെയ്തയുടന്‍ ട്രംപിന്റെ പാര്‍ട്ടിയിലെ തന്നെ പ്രമുഖ നേതാവ് മിച്ച് മക്കോണല്‍ വിമര്‍ശനവുമായി രംഗത്തെത്തി. പുടിന്‍ മുന്‍ കെ.ജി.ബി ഏജന്റായിരുന്നെന്നും ശരിയായ തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്നയാളല്ലെന്നും അദ്ദേഹം ആരോപിച്ചു. ട്രംപിന്റെ പ്രസ്താവന ലജ്ജിപ്പിക്കുന്നതാണെന്ന് മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ മുഖ്യ ഉപദേശകന്‍ മൈക്കല്‍ മക്‌ഫോല്‍ പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റിനെതിരെ റഷ്യ നടത്തുന്ന പോരാട്ടങ്ങളെ ട്രംപ് അഭിമുഖത്തില്‍ അഭിനന്ദിച്ചു. ലോകത്താകമാനമുള്ള ഇസ്ലാമിക ഭീകരവാദത്തെ തുടച്ചുനീക്കാനുള്ള പോരാട്ടത്തിന് റഷ്യ തങ്ങളെ സഹായിക്കുകയാണെങ്കില്‍ അത് നിര്‍ണായക ഫലങ്ങള്‍ നല്‍കുമെന്ന് ട്രംപ് പറഞ്ഞു.