ചെന്നൈയില്‍ യുവതിയുടെ തലയോട്ടിയില്‍ നിന്നു ജീവനുള്ള പാറ്റയെ പുറത്തെടുത്തു

രാത്രി ഉറക്കത്തിനിടെ മൂക്കിലൂടെ കയറിയ പാറ്റ തലയോട്ടിയിലെത്തുകയായിരുന്നു.

ചെന്നൈയില്‍ യുവതിയുടെ തലയോട്ടിയില്‍ നിന്നു ജീവനുള്ള പാറ്റയെ പുറത്തെടുത്തു

ഉറക്കത്തിനിടെ മൂക്കിലൂടെ കയറി തലയോട്ടിയിലെത്തിയ പാറ്റയെ ഡോക്ടര്‍ പുറത്തെടുത്തു. സ്റ്റാന്‍ലി മെഡിക്കല്‍ കോളജിലെ ഇ എന്‍ ടി സ്‌പെഷ്യലിസ്റ്റ് എം എന്‍ ശങ്കറാണ് ചെന്നൈ സ്വദേശിനിയായ 42കാരിയുടെ തലയോട്ടിയില്‍ നിന്നു ജീവനുള്ള പാറ്റയെ പുറത്തെടുത്തത്. രാത്രി ഉറക്കത്തിനിടെ മൂക്കിലൂടെ കയറിയ പാറ്റ തലയോട്ടിയിലെത്തുകയായിരുന്നു.

എന്‍ഡോസ്‌കോപ്പിയിലാണ് പാറ്റ തലയോട്ടിയില്‍ അനങ്ങുന്നത് കണ്ടതെന്ന് ഡോക്ടര്‍ പറഞ്ഞു. തലയോട്ടിയില്‍ കടന്ന് 12 മണിക്കൂര്‍ പിന്നിട്ടിട്ടും ജീവനോടെയിരുന്ന പാറ്റയെ വാക്വം ക്ലീനറിന് സമാനമായ ഉപകരണം കൊണ്ട് വലിച്ചെടുക്കുകയായിരുന്നു.

ഉറക്കമുണർന്ന ഇവര്‍ക്ക് കണ്ണിന് പുറകുഭാഗത്ത് അസ്വസ്ഥത തോന്നിയതോടെ സമീപത്തെ ആശുപത്രിയില്‍ പോകുകയായിരുന്നു. എന്നാല്‍ മൂക്കിനകത്ത് വെള്ളം ഉപയോഗിച്ച് ഫ്‌ളഷ് ചെയ്ത് ഡോക്ടര്‍ ഇവരെ വീട്ടിലേക്ക് തിരിച്ചയച്ചു. വീട്ടിലെത്തിയിട്ടും അസ്വസ്ഥതകള്‍ തുടര്‍ന്നതോടെയാണ് ഇവര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്.