നേവൽ അക്കാദമിയിലെ മാലിന്യപ്രശ്നം: ഡിഎംഒയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം സ്ഥലം സന്ദർശിച്ചു

നേരത്തെ രാമന്തളി പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ ആവശ്യപ്രകാരം വാട്ടർ അതോറിറ്റി റീജിയണൽ ലാബിൽ നടത്തിയ പരിശോധനയിൽ പ്രദേശത്തെ കിണറുകളിൽ കോളിഫോം ബാക്ടീരിയയുടെ അളവ് 1100+ cfu ആണ് എന്ന് കണ്ടെത്തിയിരുന്നു.

നേവൽ അക്കാദമിയിലെ മാലിന്യപ്രശ്നം: ഡിഎംഒയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം സ്ഥലം സന്ദർശിച്ചു

ഏഴിമല നേവൽ അക്കാദമി ജനവാസ കേന്ദ്രത്തോട് ചേർന്ന് സ്ഥാപിച്ച മാലിന്യ പ്ലാന്റിൽ നിന്നുമുള്ള മലിനീകരണ പ്രശ്നത്തെക്കുറിച്ച് മനസ്സിലാക്കാൻ ഡിഎംഒ ഡോ. നാരായണ നായിക്കിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘം സ്ഥലം സന്ദർശിച്ചു. കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ള മലിനജലം കലർന്ന കിണറുകൾ പരിശോധിക്കുകയും ബാധിക്കപ്പെട്ടവരുടെ വീടുകൾ സംദർശിക്കുകയും ചെയ്ത സംഘം സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെട്ടതായി സമരസമിതിയെ അറിയിച്ചു.

നേരത്തെ രാമന്തളി പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ ആവശ്യപ്രകാരം വാട്ടർ അതോറിറ്റി റീജിയണൽ ലാബിൽ നടത്തിയ പരിശോധനയിൽ പ്രദേശത്തെ കിണറുകളിൽ കോളിഫോം ബാക്ടീരിയയുടെ അളവ് 1100+ cfu ആണ് എന്ന് കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്ന് സമരസമിതിയായ ജനാരോഗ്യ സംരക്ഷണസമിതി' പ്രത്യക്ഷ സമരപരിപാടികളിലേക്ക് കടക്കുകയും കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ച കണ്ണൂർ സബ് കളക്ടർ രോഹിത് മീണയ്ക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

വിഷയത്തിൽ ആരോഗ്യവകുപ്പ് അനാസ്ഥ കാട്ടുകയാണെന്ന് ആരോപിച്ച് സമരസമിതിയുടെ നേതൃത്വത്തിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാർച്ച് നടത്താൻ ഒരുങ്ങവേയാണ് ഡിഎംഒ സ്ഥലം സന്ദർശിച്ചിരിക്കുന്നത്. മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുക, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുക തുടങ്ങി സമരസമിതി ഉന്നയിച്ച ആവശ്യങ്ങളോട് അനുഭാവപൂർവ്വമായ സമീപനം സ്വീകരിക്കാമെന്ന് ഡിഎംഒ ഉറപ്പു നൽകിയ സാഹചര്യത്തിൽ പിഎച്ച്സിയിലേക്ക് നടത്താനിരുന്ന മാർച്ച് മാറ്റി വച്ചതായി സമരസമിതി അറിയിച്ചു.