മുപ്പത് രൂപാതര്‍ക്കം: മധ്യവയസ്‌കനായ ദളിതനെ കൊല്ലത്ത് വിമുക്തഭടനായ 'നാട്ടുപ്രമാണി' തല്ലിക്കൊന്നു

നാലും അഞ്ചും വയസുള്ള പേരക്കിടാങ്ങളുടെ മുമ്പിലിട്ടാണ് തുളസിയെ ക്രൂരമായി മര്‍ദ്ദിച്ചത്. കടംവാങ്ങിയ 30 രൂപ മടക്കി കൊടുക്കാത്തതിന് വിമുക്തഭടന്‍ ഭവന ഭേദനം നടത്തി അക്രമിക്കുകയായിരുന്നു.

മുപ്പത് രൂപാതര്‍ക്കം:  മധ്യവയസ്‌കനായ ദളിതനെ കൊല്ലത്ത് വിമുക്തഭടനായ

കൊല്ലത്ത് മധ്യവസയ്കനായ ദളിതനെ 30 രൂപ തര്‍ക്കത്തില്‍ ഇടപെട്ട മുന്‍ പട്ടാളക്കാരന്‍ തല്ലിക്കൊന്നു. കൊട്ടാരക്കര താലൂക്കിലെ അമ്പലംകുന്ന് മിച്ചഭൂമി കോളനിയിലെ തുളസി (55) ആണ് കൊല്ലപ്പെട്ടത്‌. മുന്‍ സൈനികോദ്യോഗസ്ഥനായ യതീന്ദ്രദാസിന്റെ മര്‍ദ്ദനമേറ്റാണ് തുളസി മരിച്ചത്. ഞായറാഴ്ച വൈകിട്ടു നടന്ന സംഭവം മറച്ചുവെയ്ക്കപ്പെടുകയായിരുന്നു. മുന്‍ സൈനികോദ്യോഗസ്ഥനായ യതീന്ദ്രദാസിന്റെ മര്‍ദ്ദനമേറ്റാണ് തുളസി മരിച്ചത്.

ഞായറാഴ്ച വൈകിട്ട് അഞ്ചോടെ പണത്തെച്ചൊല്ലി തുളസിയോട് രണ്ടംഗ സംഘം തര്‍ക്കം ആരംഭിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.  മോഹനന്‍, രാജു എന്നീ പ്രദേശവാസികള്‍ തുളസിയുടെ വീട്ടിലെത്തി. ആ സമയം ഭാര്യ വിലാസിനിയും വീട്ടിലുണ്ടായിരുന്നു. അടുക്കളയിലായിരുന്ന ഭാര്യയോട് വന്നവര്‍ക്ക് മടക്കി കൊടുക്കാന്‍ 30 രൂപ തുളസി ചോദിച്ചു. വിലാസിനിയുടെ കയ്യില്‍ പണമില്ലായിരുന്നു. തുടര്‍ന്നു നടന്ന തര്‍ക്കത്തിനൊടുവില്‍ 'പട്ടാളത്തോട് പറയാം' എന്ന് ഭീഷണിപ്പെടുത്തി ഇവര്‍ തുളസിയുടെ വീട്ടില്‍ നിന്ന് മടങ്ങിപ്പോയി.


ഈ സമയം മാനസികാസ്വസ്ഥ്യമുള്ള മകളുടെ ചികിത്സയുമായി ബന്ധപ്പെട്ട് തുളസിയുടെ ഭാര്യ വിലാസിനി കോളനിയിലെ മറ്റ് വീടുകളില്‍ സഹായമഭ്യര്‍ത്ഥിച്ച് പോയിരിക്കുകയായിരുന്നു. അവര്‍ തിരികെ വരുമ്പോള്‍ വഴിയരികില്‍ നില്‍ക്കുകയായിരുന്ന യതീന്ദ്രദാസ് പരിഹാസത്തോടെ 'ഒരടിയും ഒരു ചവിട്ടും' എന്ന് വിലാസിനിയെ നോക്കി പറഞ്ഞു.

നേരത്തെ നടന്ന തര്‍ക്കത്തിന് ദൃക്‌സാക്ഷിയായിരുന്ന വിലാസിനി ഓടി വീട്ടിലെത്തുമ്പോള്‍ നിലത്ത് അബോധാവസ്ഥയില്‍ കിടക്കുന്ന ഭര്‍ത്താവിനെയാണ് കാണുന്നത്. 15 അടി ഉയരത്തില്‍ നിന്ന് താഴെ വീണ നിലയിലായിരുന്നു തുളസി കിടന്നിരുന്നത്. നാലും അഞ്ചും വയസുള്ള മകളുടെ കുട്ടികളുടെ മുമ്പിലിട്ടാണ് തുളസിയെ ക്രൂരമായി മര്‍ദ്ദിച്ചത്. പിന്നീട് രാത്രി പത്തോടെ ബോധം തിരികെ കിട്ടിയ തുളസി വേദന കൊണ്ട് പിടഞ്ഞു. വിലാസിനി പലരോടും സഹായമഭ്യര്‍ത്ഥിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. ഒടുവില്‍ പുലര്‍ച്ചെ 5.30ന് അയല്‍വാസിയായ യുവാവിന്റെ സഹായത്തോടെ തുളസിയെ കൊട്ടാരക്കര താലൂക്കാശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം എക്‌സ്‌റേ എടുക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കെ തുളസി 9 മണിയോടെ മരിച്ചു. ഇതിനിടെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചെങ്കിലും പണമില്ലാത്തതിനാല്‍ അവിടെത്തന്നെ അഡ്മിറ്റ് ചെയ്യാന്‍ കുടുംബം നിര്‍ബന്ധിതരായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം സംസ്‌കരിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല.

തുളസിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ യതീന്ദ്രദാസ്, മോഹനന്‍, രാജു എന്നിവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇതില്‍ മോഹനന്‍ പ്രദേശത്ത് മദ്യം ചെയ്യുന്നയാളാണെന്ന് ആരോപണമുണ്ട്. പട്ടാളം എന്ന് വിളിപ്പേരുള്ള യതീന്ദ്രദാസ് നാട്ടുപ്രമാണി ചമഞ്ഞ് പ്രശ്‌നങ്ങളില്‍ ഇടപെട്ട് പോലീസ് ചമയുന്ന ആളാണ്. തുളസിയെ മര്‍ദ്ദിച്ച ശേഷം തൊട്ടടുത്ത കടയിലെത്തിയ യതീന്ദ്രദാസ്് ഇനി കുഴിയിലേക്ക് എടുത്തിട്ടാല്‍ മതി ജീവിക്കില്ലെന്നും പറഞ്ഞത്രേ. ദളിത് വിഭാഗങ്ങള്‍ താമസിക്കുന്ന ഈ കോളനിയിലേക്ക് യാത്രാസൗകര്യങ്ങള്‍ കുറവാണ്. ഏറ്റവുമടുത്ത് ഓട്ടോറിക്ഷയെങ്കിലും ലഭിക്കണമെങ്കില്‍ ഒരു കിലോമീറ്റര്‍ ദൂരമെങ്കിലും ദുര്‍ഘടമായ പാതകളിലൂടെ സഞ്ചരിക്കണം. ഈ സാഹചര്യവും തുളസിയുടെ ജീവന്‍ നഷ്ടമാകുന്നതിന് കാരണമായി. ഭര്‍ത്താവ് മരിച്ച് രണ്ട് പിഞ്ചുകുട്ടികളോടൊപ്പം സ്വന്തം വീട്ടില്‍ താമസിക്കുന്ന തുളസി-വിലാസിനി ദമ്പതികളുടെ ഏക മകള്‍ മാനസികാസ്വസ്ഥ്യത്തിന് ചികിത്സയിലാണ്. വരുമാനമുള്ള ഏക അംഗമായ തുളസിയുടെ മരണത്തോടെ ഈ കുടുംബം അനാഥമായി. വീടെന്ന് വിളിക്കാനാകാത്ത ഓല മേഞ്ഞ ചായ്പിലാണ് ഈ കുടുംബം താമസിക്കുന്നത്.

ദളിത് കുടുംബങ്ങള്‍  നേരിടുന്ന വിവേചനവും അവര്‍ താമസിക്കുന്ന ഇടങ്ങളുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും ഈ മരണവുമായി ചേര്‍ത്തുവായിക്കേണ്ടതാണ്. വാഹനങ്ങള്‍ പോലും പ്രവേശിക്കാനാകാത്ത കൈവഴികള്‍ മാത്രമുള്ള കുന്നിന് മുകളിലുള്ള കോളനി നിവാസികള്‍ക്ക് അത്യാവശ്യമായി ആശുപത്രിയില്‍ പോകേണ്ട സന്ദര്‍ഭങ്ങളില്‍ രോഗികളെ കിലോമീറ്ററുകള്‍ ചുമന്നുകൊണ്ടുപോകേണ്ട അവസ്ഥയാണുള്ളത്.

Read More >>