സിനിമയ്ക്ക് സെക്‌സി ദുര്‍ഗ്ഗയെന്നു പേരിട്ടത് മതവികാരം വ്രണപ്പെടുത്തി; സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന് ഹൈന്ദവ സംഘടനാ നേതാവിന്റെ ഭീഷണി

സിനിമയ്ക്ക് സെക്‌സി ദുര്‍ഗ്ഗ എന്നു പേരു നല്‍കിയത് തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന് ഹൈന്ദവ സംഘടനയായ ഹിന്ദു സ്വാഭിമാന്‍ സംഘിന്റെ ഭീഷണി. ഇന്ത്യയില്‍ എത്തിയാല്‍ സംസ്‌കാരം എന്തെന്ന് കാണിച്ചു തരാമെന്നും വാട്‌സ് അപ്പ് സന്ദേശത്തിലൂടെയുള്ള ഭീഷണിയില്‍ സംഘടനയുടെ നേതാവ് പറയുന്നു.

സിനിമയ്ക്ക് സെക്‌സി ദുര്‍ഗ്ഗയെന്നു പേരിട്ടത് മതവികാരം വ്രണപ്പെടുത്തി; സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന് ഹൈന്ദവ സംഘടനാ നേതാവിന്റെ ഭീഷണി

സെക്‌സി ദുര്‍ഗ്ഗ എന്ന സിനിമയുടെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന് ഹൈന്ദവ സംഘടനാ നേതാവിന്റെ ഭീഷണി. സിനിമയ്ക്ക് സെക്‌സി ദുര്‍ഗ്ഗ എന്നു പോരിട്ടത് മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹിന്ദു സ്വാഭിമാന്‍ സംഘിന്റെ പ്രസിഡന്റ് രാഹുല്‍ ശ്രീവാസ്തവ എന്നയാളുടെ വാട്‌സ് അപ്പ് സന്ദേശമെത്തിയത്. അടുത്ത തവണ സിനിമയെടുക്കുമ്പോള്‍ ഹിന്ദു സ്വാഭിമാന്‍ സംഘിനെക്കുറിച്ച് ഓര്‍ക്കേണ്ടി വരുമെന്ന് സന്ദേശത്തില്‍ പറയുന്നു.


ഹിന്ദു വിഭാഗത്തിന്റെ ദേവിയായ ദുര്‍ഗ്ഗയുടെ പേരിന് മുന്നില്‍ സെക്‌സി എന്ന വാക്ക് ചേര്‍ത്തത് മതവികാരം വ്രണപ്പെടുത്തിയെന്നാണ് ഹിന്ദു സ്വാഭിമാന്‍ സംഘിന്റെ പരാതി. എന്നാല്‍ ചിത്രം ദേവി ദുര്‍ഗ്ഗയുമായി ബന്ധപ്പെടുന്നില്ലെന്ന് പറഞ്ഞിട്ടും ഭീഷണിക്കാര്‍ വഴങ്ങുന്നില്ലെന്ന് സനല്‍കുമാര്‍ ശശിധരന്‍ ഫേസ്ബുക്കില്‍ പറയുന്നു.

എന്തുകൊണ്ട് ചിത്രത്തിന് സെക്‌സി ശ്രീജ എന്ന് പേര് നല്‍കികൂടാ എന്നാണ് അവരുടെ ചോദ്യം. ശ്രീജ എന്നതും ദേവിയുടെ പേരാണെന്ന് മറുപടി നല്‍കിയപ്പോള്‍ അത് തന്റെ ഭാര്യയുടെ കൂടി പേരാണെന്നായിരുന്നു നേതാവില്‍ നിന്ന് മറുപടി ലഭിച്ചത്. ദുര്‍ഗ എന്ന പേരില്‍ പാവം പെണ്‍കുട്ടികള്‍ക്കും പേരുണ്ടെന്ന് സനല്‍കുമാര്‍ ശശിധരന്‍ പറയുന്നു.

രാഹുല്‍ ശ്രീവാസ്തവയുടെ പേഴ്‌സണല്‍ വാട്‌സ് ആപ്പില്‍ നിന്നും, മറ്റൊരു ഗ്രൂപ്പില്‍ നിന്നും ലഭിച്ച ഭീഷണി സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടും സനല്‍കുമാര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സനല്‍കുമാറിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും രാഹുല്‍ അയച്ച സന്ദേശത്തിലുണ്ട്. ഇന്ത്യയിലെത്തിയാല്‍ സംസ്‌കാരം എന്തെന്ന് കാണിച്ച് തരാമെന്നും രാഹുല്‍ കൂടി അംഗമായ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ വന്ന സന്ദേശത്തില്‍ പറയുന്നു.

റോട്ടര്‍ഡാം ചലച്ചിത്ര മേളയിലെ മികച്ച ചിത്രമായി സെക്‌സി ദുര്‍ഗ്ഗ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ പുരസ്‌കാരം നേടുന്ന ആദ്യത്തെ ഇന്ത്യന്‍ സിനിമയാണ് സെക്‌സി ദുര്‍ഗ്ഗ.