അഭിപ്രായസ്വാതന്ത്ര്യം കാപട്യമാണ്: സനൽ കുമാർ ശശിധരൻ

റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിൽ മികച്ച ചിത്രത്തിനുള്ള ഹിവോസ് ടൈഗർ പുരസ്കാരം നേടിയ സനൽ കുമാർ ശശിധരൻ സംസാരിക്കുന്നു.

അഭിപ്രായസ്വാതന്ത്ര്യം കാപട്യമാണ്: സനൽ കുമാർ ശശിധരൻ

താങ്കൾ കവി, കഥാകൃത്ത്, ബ്ലോഗർ എന്നിവയെല്ലാമാണ്. നിയമത്തിൽ ബിരുദവുമുണ്ട്. എന്നിട്ടും സിനിമ തന്റെ മേഖലയായി തിരഞ്ഞെടുക്കാനുള്ള കാരണം എന്തായിരുന്നു?

കാരണം എനിക്കും വ്യക്തമല്ല. അതൊരു ഉള്ളുണർവ്വിലൂടെയുള്ള യാത്രയായിരുന്നു. എന്റെ ജീവിതത്തിലേയ്ക്കു തിരിഞ്ഞു നോക്കുമ്പോൾ തമാശ തോന്നും. ഞാൻ എന്റെ ഗ്രാമത്തിലെ സ്കൂളിൽ ഒരു ശരാശരി വിദ്യാർഥിയായിരുന്നു. പഠിക്കാനൊന്നും മിടുക്കനല്ലായിരുന്നു. പക്ഷേ, സ്കൂൾ കലോൽസവത്തിൽ ഏതാണ്ട് എല്ലാ വിഭാഗങ്ങളിലും മൽസരിക്കുമായിരുന്നു. കവിതാരചന, കഥാരചന, പ്രബന്ധരചന, പെൻസിൽ ഡ്രോയിംഗ്, ശില്പനിർമ്മാണം, കവിതാവായന, മൈം എന്നിങ്ങനെ എല്ലാം. സമ്മാനങ്ങളും കിട്ടാറുണ്ടായിരുന്നു. എന്നാലും അതിലേതെങ്കിലും വിഭാഗത്തിൽ ഞാൻ മികച്ചതായിരുന്നു എന്ന് തോന്നിയിട്ടില്ലായിരുന്നു. സ്കൂൾ ലെവലിൽ മാത്രമേ ഞാൻ മൽസരിച്ചിരുന്നുള്ളൂ. എന്നാലും ഞാനൊരു എഴുത്തുകാരൻ ആകണം എന്ന എന്തോ ഒന്ന് എന്റെ മനസ്സിൽ ഉണ്ടായിരുന്നു. സയൻസിലും എനിക്ക് താല്പര്യം ഉണ്ടായിരുന്നു. എന്റെ അച്ഛന് ഞാനൊരു ഡോക്ടർ ആകണമെന്നായിരുന്നു ആഗ്രഹം; എന്റെ ശാസ്ത്രത്തിലുള്ള താല്പര്യം അതുമായി യോജിച്ചിരുന്നു.


ഞാൻ അദ്ദേഹത്തിന്റെ ആഗ്രഹം അനുസരിച്ച് മെഡിക്കൽ എൻട്രൻസ് എഴുതി, പരാജയപ്പെട്ടു. മെഡിക്കൽ എൻട്രൻസ് ശുദ്ധമായ ബയോളജി അല്ല. അതിൽ രസതന്ത്രവും ഊർജ്ജതന്ത്രവും ഉണ്ട്. അതെല്ലാം എനിക്ക് പ്രയാസമായിരുന്നു. അതുകൊണ്ട് ഞാൻ ജീവശാസ്ത്രം പഠിക്കാൻ ബി എസ് സി സൂവോളജിയ്ക്കു ചേർന്നു. എന്നാൽ കോളേജിൽ എത്തിയപ്പോൾ എന്റെ താല്പര്യം വായനയും സിനിമയുമായി. ഞാൻ സാഹിത്യം പഠിക്കുന്ന കൂട്ടുകാരുമായി ലൈബ്രറിയിൽ വളരെ നേരം ചെലവഴിക്കുമായിരുന്നു. ബിരുദപഠനം കഴിയാറായപ്പോൾ എന്റെ വഴി സിനിമയാണെന്ന് ഉറപ്പായിക്കഴിഞ്ഞിരുന്നു. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി പഠിക്കണമെന്നുണ്ടായിരുന്നെങ്കിലും സാമ്പത്തികബുദ്ധിമുട്ടുകളും കുടുംബസാഹചര്യങ്ങളും കാരണം അത് നടന്നില്ല.

പിന്നീട് സഹസംവിധായകൻ ആകാൻ ശ്രമിച്ചു. ധാരാളം സംവിധായകരുമായി സംസാരിച്ചെങ്കിലും അവരെല്ലാം എന്നെ നിരസിച്ചു. അതുകൊണ്ട് സിനിമാരംഗത്ത് കയറിപ്പറ്റാൻ പറ്റിയ തൊഴിൽ അന്വേഷിക്കാൻ തുടങ്ങി. ഒരു പ്രൊഫഷണൽ ഡിഗ്രി ഉണ്ടെങ്കിൽ ഏതെങ്കിലും സംവിധായകൻ എന്നെ കൂടെക്കൂട്ടുമെന്ന് കരുതി. അങ്ങിനെ ഞാൻ എൽ എൽ ബിയ്ക്കു ചേർന്നു. നിയമബിരുദം ലഭിച്ചതും നെയ്യാറ്റിൻ ‌കരയിലെ സബ് കോർട്ടിൽ പ്രാക്റ്റീസ് ചെയ്യാൻ തുടങ്ങി. അവിടെ തുടർന്നാൽ ഞാൻ ഒരു വക്കീൽ മാത്രമായി അവശേഷിക്കും എന്ന് പെട്ടെന്നു തന്നെ മനസ്സിലായി. അതുകൊണ്ട് ഞാനത് ഉപേക്ഷിച്ചു. ഒരു ജോലിയിൽ നിന്നും പുറത്തുകടക്കുന്നത് വിചാരിക്കുന്നത്ര എളുപ്പമല്ല. അത് നമ്മളെ പിന്തുടർന്നു അതിന്റെ ഗോദയിൽ തിരിച്ചെത്തിക്കും. ഞാൻ ഒരുപാട് പ്രാവശ്യം ആ പ്രൊഫഷൻ ഉപേക്ഷിക്കുകയും അതു തന്നെ തിരിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. അതിൽ നിന്നും രക്ഷപ്പെട്ട് എന്റെ സ്വപ്നത്തിലെത്താൻ എനിക്ക് കൊതിയായിരുന്നു.

ഒരു ഘട്ടത്തിൽ സിനിമ സ്വപ്നം കണ്ട് മരിച്ച വക്കീൽ ആയി ഞാൻ എന്നെ കാണാൻ തുടങ്ങിയിരുന്നു. അങ്ങിനെ ഞാൻ തൊഴിൽ ഉപേക്ഷിച്ച് ദൂരേയ്ക്കു ഡൽഹിയിലേയ്ക്കു പോയി. അവിടെ ഒരു കമ്പനിയിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടിവ് ആയി ജോലിയ്ക്കു ചേർന്നു. അവിടെ നിന്നും സൗദി അറേബ്യയിലേയ്ക്ക് പോയി ഒരു കമ്പനിയിൽ അഡ്മിനിസ്ട്രേറ്റർ ആയി ജോലി ചെയ്തു. അവിടെ ഞാൻ ഒരു പണക്കാരൻ പ്രവാസി ആയി മരിക്കാൻ തയ്യാറെടുക്കുകയായിരുന്നു.

ഞാൻ അറിയാതെ തന്നെ അവസരങ്ങൾക്കായി തിരയുന്നുണ്ടായിരുന്നു. അങ്ങിനെയൊരു തിരച്ചിലിനിടയിലാണു ബ്ലോഗിൽ എത്തിപ്പെടുന്നത്. കവിതയെഴുത്ത് എനിക്ക് ആശ്വാസം നൽകുന്നതായിരുന്നു. ‘ജീവിക്കുന്നത് തന്നെ സിനിമാക്കാരനായി മരിക്കാനാണ്’ എന്ന എന്റെ ഗൂഗിൾ പ്രൊഫൈൽ ടാഗ്ലൈൻ ഇപ്പോഴും ഓർമ്മയുണ്ട്. എങ്ങിനെയോ, ഒടുക്കം ഞാൻ സിനിമയിലെത്തി. ഇപ്പോൾ ഞാൻ മരിച്ചാലും സിനിമാക്കാരൻ ആയിട്ടായിരിക്കും. എവിടെ നിന്നും വന്നെന്നറിയാത്ത ഒരു സ്വപ്നമായിരുന്നു അത്. ചിലപ്പോൾ അത് എന്റെ അച്ഛനിൽ നിന്നുമായിരിക്കും; അദ്ദേഹത്തിനു സിനിമയും കലയും വലിയ താല്പര്യമായിരുന്നു. അല്ലെങ്കിൽ എന്റെ ഗ്രാമത്തിലെ സി ക്ലാസ്സ് സിനിമാ തിയേറ്ററിൽ നിന്നുമായിരിക്കും. എനിക്കറിയില്ല.

[caption id="attachment_79138" align="alignleft" width="318"] സെക്സി ദുർഗ പോസ്റ്റർ[/caption]

പലർക്കും സിനിമ ഒരു തൊഴിൽ സാധ്യതയാണ്. താല്പര്യം എന്നതിലുപരി അതിലെ സാമ്പത്തികഘടകം ആയിരിക്കും ചെറുപ്പക്കാരെ സിനിമയിലേയ്ക്കു ആകർഷിക്കുക. പക്ഷേ, താങ്കൾ ഇതുവരെ കൊമേർഷ്യൽ സിനിമകളൊന്നും എടുത്തിട്ടില്ല. അപ്പോൾ ജീവിതം എങ്ങിനെ മുന്നോട്ട് കൊണ്ടുപോകുന്നു?


ഇത് ഒരുപാട് പേർ ചോദിക്കാറുണ്ട്. എങ്ങിനെ ജീവിക്കുന്നു? ആ ചോദ്യം സമ്മർദ്ദം ചെലുത്താനുള്ളതാണെന്നു മാത്രമേ ഉള്ളൂ. ജീവിക്കുക എന്നത് ആവശ്യമാണു, നിങ്ങൾ ഈ ചോദ്യം ചോദിച്ചാലും ഇല്ലെങ്കിലും. പലരുടേയും വിചാരം ജീവിക്കാൻ വലിയ ശ്രമങ്ങൾ വേണമെന്നാണ്. അതൊരു തെറ്റിദ്ധാരണയാണ്. എല്ലാ ജീവജാലങ്ങൾക്കും ജീവിക്കാനുള്ള ത്വരയുണ്ട്. അത് വലിയ അദ്ധ്വാനം ഇല്ലാതെ തന്നെ ഈ പ്രപഞ്ചത്തിൽ സാധിക്കുകയും ചെയ്യും. പക്ഷേ നിങ്ങൾ ഉദ്ദേശിക്കുന്നത് ‘സമ്പാദ്യം’ ആണെങ്കിൽ, അതു വേറെയാണ്. സമ്പാദിക്കണമെങ്കിൽ ആസൂത്രണം വേണം. നിങ്ങളുടെ ജീവിതം ആസൂത്രണം ചെയ്യാൻ സമയം ചിലവിടണം.

ഭാവി കെട്ടുകഥയും സമ്പാദ്യം മണ്ടത്തരവുമാണ്. എനിക്കിഷ്ടം അർഥമുള്ള ജീവിതത്തിന്റെ അർഥശൂന്യതയാണ്. ആസൂത്രണം ചെയ്ത് വഴിമാറ്റാൻ ശ്രമിച്ചാലും അത് സ്വന്തം ഒഴുക്ക് കണ്ടെത്തും. നമ്മുടെ മണ്ടൻ ആസൂത്രണങ്ങൾ കൊണ്ട് ഈ ഭൂമി ജീവിക്കാൻ കൊള്ളാതാക്കിയിരിക്കുന്നു. നമ്മൾ സമ്പാദിച്ച്, കൂടുതൽ സമ്പാദിക്കാനായി യുദ്ധം ചെയ്ത് എല്ലാ പ്രയാസങ്ങളും വിഷമങ്ങളും അനുവഭവിച്ച് മരിക്കും. എന്റെ ആശയം വ്യത്യസ്തമാണ്. എന്റെ ജോലിയിൽ ഞാൻ സൗന്ദര്യം കണ്ടെത്തും. പണത്തിന്റെ പ്രശ്നങ്ങൾ ഇല്ലെന്നല്ല. പണം രംഗത്തുണ്ട്, പക്ഷേ സ്വാഭാവികമായ കടങ്കഥയായല്ല. അത് ജീവിതത്തിനെ ഒഴുക്കിനൊപ്പം ചുറ്റിത്തിരിയും.

സാമ്പ്രദായികമല്ലാത്ത സിനിമകളുടെ സാമ്പത്തികവശം എങ്ങിനെയാണ്?

എല്ലാ കലയും പൂർത്തിയായിക്കഴിഞ്ഞാൽ ഉല്പന്നമാകും. എല്ലാ സിനിമയും, കൊമേഴ്ഷ്യൽ ആയാലും ആർട്ടിസ്റ്റിക് ആയാലും, പുർത്തിയായിക്കഴിഞ്ഞാൽ ഉല്പന്നമാകും. എല്ലാ ഉല്പന്നങ്ങൾക്കും അതിന്റേതായ വിപണിയുണ്ട്. എല്ലാ ഉല്പന്നങ്ങളും വിൽക്കപ്പെടാവുന്നതാണ്. നിസ്സാര ഇക്കണോമിക്സ് ആണത്. ഒരു കാര്യം എന്താണെന്നാൽ, വാണിജ്യസിനിമയ്ക്കു കിട്ടുന്നത്ര പ്രേക്ഷകർ ആർട്ട് സിനിമയ്ക്കുണ്ടാവില്ല. അപ്പോൾ വിപണി ചെറുതും എണ്ണത്തിൽ കുറവും ആയിരിക്കും. പിന്നെയൊരു കാര്യം, ആർട്ട് സിനിമയെ സ്വീകരിക്കുന്നവർ ചിതറിക്കിടക്കുകയാണ്. ഈ കാര്യങ്ങൾ തിരിച്ചറിഞ്ഞാൽ സാമ്പത്തികവശം ശരിപ്പെടുത്താൻ സാധിക്കും. ആദ്യം ചിലവുകൾ ചുരുക്കണം. രണ്ടാമത് വിപണി തിരിച്ചറിയണം. മൂന്നാമത് ചിതറിക്കിടക്കുന്ന പ്രേക്ഷകരിലേയ്ക്ക് എത്തണം. നാലാമത്തേതും പ്രധാനപ്പെട്ടതും, നിങ്ങളുടെ ഉല്പന്നത്തിന് മറകളില്ലാതെ വിലയിടുകയും പ്രേക്ഷകരോട് വിലയിടാൻ ആവശ്യപ്പെടുകയും വേണം. ഇത്തരം സിനിമകൾക്ക് നല്ല വിപണി സൃഷ്ടിക്കാൻ പറ്റില്ലെന്നൊന്നുമില്ല. അത് പ്രയാസമാണെന്ന് സമ്മതിക്കാം. അത് പരിണമിക്കുന്നുണ്ട്.

[caption id="attachment_79139" align="alignleft" width="321"] ഒരാൾപ്പൊക്കം പോസ്റ്റർ[/caption]

അഭിപ്രായസ്വാതന്ത്ര്യം ഇപ്പോൾ ചർച്ച ചെയ്യപ്പെടുകയാണല്ലോ. ഇന്ത്യയിലെ രാഷ്ട്രീയ അന്തരീക്ഷം കലാകാരന്മാർക്കെതിരെ വിദ്വേഷം പരത്തുകയാണ്. എന്താണ് പറയാനുള്ളത്?

അഭിപ്രായസ്വാതന്ത്ര്യം എന്നത് തെറ്റിദ്ധാരണയാണ്. വാസ്തവത്തിൽ നമുക്ക് അഭിപ്രായസ്വാതന്ത്ര്യമല്ല ഉള്ളത്, അഭിപ്രായത്തിനെ നിയന്ത്രിക്കൽ മാത്രമാണ്. നമ്മുടെ അഭിപ്രായം പറയാനുള്ള ത്വരകളെ നിയന്ത്രിക്കുന്ന ഒരുപാട് അദൃശ്യശക്തികൾ ഉണ്ട്.

സാഹചര്യങ്ങളുടെ ഏറ്റക്കുറച്ചിലുകൾക്ക് അനുസരിച്ച് നാം നമ്മുടെ അഭിപ്രായങ്ങൾ നിയന്ത്രിക്കുന്നു. ഈ നിയന്ത്രണങ്ങളെ പലപ്പോഴും നയതന്ത്രമായി ഉയർത്തിക്കാണിക്കാറുണ്ട്, പക്ഷേ അത് വാസ്തവത്തിൽ കാപട്യമാണ്. നമ്മുടെ അപരിഷ്കൃതമായ സമൂഹത്തിൽ ഉള്ളടങ്ങിയിട്ടുള്ള അക്രമസ്വഭാവത്തിനെ നാം ഭയക്കുന്നു. അത് ഏത് നിമിഷവും പൊട്ടിത്തെടിക്കുമെന്ന് കരുതുന്നു. അതുകൊണ്ട് നമ്മൾ നിയന്ത്രിച്ച്, അതിർത്തികൾ വരച്ച് അതിന് നയതന്ത്രം എന്ന് പേരിടുന്നു. അത് വ്യാജമാണ്.

നിങ്ങൾക്ക് സ്വാതന്ത്ര്യം ഉണ്ടെങ്കിൽ ഉപയോഗിക്കുക തന്നെ വേണം. അല്ലെങ്കിൽ അത് വളിച്ചുപോകും. അതാണ് നമ്മളിപ്പോൾ അനുഭവിക്കുന്നത്. വർഷങ്ങളോളം നമ്മൾ അഭിപ്രായസ്വാതന്ത്ര്യം ഉപയോഗിക്കാതിരുന്ന് അത് വളിച്ചു പോയി. എപ്പൊഴെല്ലാം നാം ആൾക്കൂട്ടത്തിന് ഇഷ്ടമില്ലാത്ത എന്തെങ്കിലും പറയാൻ ശ്രമിക്കുന്നുവോ, ഭീഷണികൾ വരുന്നു. ഇപ്പറയുന്ന അഭിപ്രായസ്വാതന്ത്ര്യത്തിനെ രക്ഷിക്കാനുള്ള ഒരേ വഴി അതിനെ ദയയില്ലാതെ ഉപയോഗിക്കുക എന്നതാണ്. വ്യാജമായ നയതന്ത്രം ഉപയോഗിച്ച് അതിനെ തടയരുത്.

നന്ദി: അലെഫി.കോം