തുണിയലക്കി നൂറു കോടി വിളയുന്ന ധോബി ഘട്ട്; ഗിന്നസ് റെക്കോര്‍ഡ് വരെയെത്തിയ കൂട്ടായ്മ

“വീടുകളിലും ഹോട്ടലുകളിലും വാഷിങ്‌ മഷീനുകൾ വന്നതോടെ പഴയ പോലെ ഊര്‍ജസ്വലമല്ല ധോബി ഘട്ട്,” മനുലാൽ കനോജിയ എന്ന മുതിർന്ന ധോബി പറയുന്നു. സ്വകാര്യ ലോണ്‍ട്രികൾ ഒരു ഷർട്ടോ പാന്റ്സോ അലക്കുന്നതിന് 50 രൂപ വാങ്ങുമ്പോൾ ഇവിടെ അത് 5 രൂപയേയുള്ളൂയെന്നും മനുലാൽ ഓർമ്മിപ്പിക്കുന്നു.

തുണിയലക്കി നൂറു കോടി വിളയുന്ന ധോബി ഘട്ട്; ഗിന്നസ് റെക്കോര്‍ഡ് വരെയെത്തിയ കൂട്ടായ്മ

മുംബൈയിൽ ഡബ്ബാ വാലകളെപ്പോലെ പ്രശസ്തമാണ് ധോബി ഘട്ടും. ലോകത്തിലെ ഏറ്റവും വലിയ തുറന്ന അലക്കുശാല എന്നറിയപ്പെടുന്ന ധോബി ഘട്ടിന് ഏതാണ്ട് 140 വർഷത്തെ പഴക്കമുണ്ട്. ഇരുനൂറോളം കുടുംബങ്ങളാണ് ധോബി ഘട്ടിൽ അലക്കുജോലിയുമായി ജീവിക്കുന്നത്. ഒരു ദിവസം ഏതാണ്ട് ഒരു ലക്ഷം  തുണിത്തരങ്ങൾ ഇവിടെ അലക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. മുംബൈയിലെ മഹാലക്ഷ്മി റെയിൽവേ സ്റ്റേഷന്റെ അരികിലാണ് ധോബി ഘട്ട് സ്ഥിതി ചെയ്യുന്നത്.

ധോബി ഘട്ട് വെറും അലക്കുശാല മാത്രമല്ല ഇപ്പോൾ. ഇതൊരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. വർഷം 100 കോടി രൂപയുടെ പണമൊഴുക്കുള്ള സ്ഥലമാണിത്. പരമ്പരാഗത അലക്കുരീതിയിലും ആധുനികയന്ത്രങ്ങൾ ഉപയോഗിച്ചും ഇവിടെ ജോലി തകൃതിയായി നടക്കുന്നു.


“വീടുകളിലും ഹോട്ടലുകളിലും വാഷിങ്‌ മഷീനുകൾ വന്നതോടെ പഴയ പോലെ ഊര്‍ജസ്വലമല്ല ധോബി ഘട്ട്,” മനുലാൽ കനോജിയ എന്ന മുതിർന്ന ധോബി പറയുന്നു. സ്വകാര്യ ലോണ്‍ട്രികൾ ഒരു ഷർട്ടോ പാന്റ്സോ അലക്കുന്നതിന് 50 രൂപ വാങ്ങുമ്പോൾ ഇവിടെ അത് 5 രൂപയേയുള്ളൂയെന്നും മനുലാൽ ഓർമ്മിപ്പിക്കുന്നു.

ദാദർ, ചെമ്പൂർ, കുർള, അന്ധേരി എന്നിവിടങ്ങളിൽ നിന്നുമുള്ള തുണിക്കച്ചവടക്കാർ പഴയ തുണികൾ ധോബി ഘട്ടിൽ കൊണ്ടുവന്ന് ചായമടിച്ച് പുത്തനാക്കി വിൽക്കാറുണ്ട്. സാരികളും വലിയ അളവിൽ വരാറുണ്ട്. ഒരു ധോബി ഒരു ദിവസം കുറഞ്ഞത് 400 സാരികൾ അലക്കാറുണ്ട്. മിക്കതും രണ്ടാം വിൽപ്പനയ്ക്കായുള്ളത്. അലക്കാൻ കൊടുത്താൽ അടുത്ത ദിവസം തന്നെ ഡെലിവറി ഉറപ്പ്.

ധോബികൾ നഗരത്തിന്റെ എല്ലാ കോണിൽ നിന്നും തുണികൾ ശേഖരിക്കും. അവരുടെ ഏറ്റവും വലിയ ഉപഭോക്താക്കൾ അയൽ പ്രദേശങ്ങളിലുള്ള ലോണ്‍ട്രികളും തുണിക്കച്ചവടക്കാരും വിവാഹ അലങ്കാരക്കാരും ക്ലബ്ബുകളും ഹോട്ടലുകളുമാണ്.“ഇപ്പോൾ കച്ചവടം വളരെ കുറഞ്ഞിരിക്കുന്നു. മുൻപ് ഏറ്റവും വലിയ ആവശ്യക്കാരിൽ ഇന്ത്യൻ റെയിൽവേയും ഉണ്ടായിരുന്നു. അവർ ഇപ്പോൾ സ്വന്തം അലക്കുയന്ത്രങ്ങൾ ഉപയോഗിക്കുകയാണ്,” മനുലാൽ പറഞ്ഞു.

എന്നാൽ ഗിന്നസ് വേൾഡ് റെക്കോർഡ് നൽകിയ അംഗീകാരത്തിന്റെ ലോഹഫലകം ധോബി ഘട്ടിന്റെ കവാടത്തിൽ വച്ചിട്ടുണ്ട്. ഒരു സ്ഥലത്ത് ഒരേ സമയം അലക്കിയിട്ടുള്ള തുണികളുടെ എണ്ണത്തിനായിരുന്നു അംഗീകാരം.

15 ഏക്കറിൽ പരന്നുകിടക്കുന്ന ധോബി ഘട്ട് റിയൽ എസ്റ്റേറ്റ് കച്ചവടക്കാരുടെയും സ്വർണ്ണഖനിയാണ്. ചെറ്റക്കുടിലുകൾ നീക്കം ചെയ്ത് ധോബി ഘട്ടിനെ പൈതൃകസ്ഥലമായി മാറ്റിയെടുക്കാനുള്ള യത്നത്തിനായി ഒഴുക്കുന്നത് എത്രയെത്ര കോടി രൂപ ആയിരിക്കും!

Story by