സ്വയം വെളിപ്പെടുത്താന്‍ തയ്യാറായി നടി; അതെന്തിന് പൊലീസ് തടയുന്നു?

മാധ്യമസമ്മേളനം നടത്തി സ്വയം വെളിപ്പെടുത്താനൊരുങ്ങിയ നടിയെ പൊലീസ് തടയുന്നത് എന്തിന്? മഞ്ജുവും ലാലും പറയുന്ന ഗൂഢാലോചനയിലെ പ്രതികളാരൊക്കെ? പ്രെമോ ഷൂട്ടു ചെയ്യാനാണ് കാറയച്ചതെന്ന് മനോജ് കാരന്തൂര്‍ പറഞ്ഞത് എന്തിന്- നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ പുതിയ ചോദ്യങ്ങളുയരുന്നു.

സ്വയം വെളിപ്പെടുത്താന്‍ തയ്യാറായി നടി; അതെന്തിന് പൊലീസ് തടയുന്നു?

അക്രമിക്കപ്പെട്ട നടി മാധ്യമങ്ങളെ കാണണമെന്നു തീരുമാനിച്ചത് പൊലീസ് മുടക്കി. തിരിച്ചറിയല്‍ പരേഡ് കഴിഞ്ഞില്ലെന്ന മുട്ടായുക്തിയാണ് പൊലീസ് പറയുന്നത്. അക്രമിക്കപ്പെട്ട നടി ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നിരിക്കെ ഏതുതരം തിരിച്ചറിയലാണ് മാധ്യമ സമ്മേളനം കൊണ്ട് മുടങ്ങുന്നതെന്നു വ്യക്തമല്ല. സുനി പിടിയിലായ ശേഷം നടി നടത്തുന്ന മാധ്യമ സമ്മേളനം തടഞ്ഞത് എന്തിനെന്ന് മനസിലാകുന്നില്ല. ഞാനാണ് അക്രമിക്കപ്പെട്ടത് എന്നു ധീരതയോടെ പറയാനും മുഖം വെളിപ്പെടുത്താനുമുള്ള നടിയുടെ തീരുമാനമാണ് മുടങ്ങിയത്.


അക്രമിക്കപ്പെട്ട നടിയുടെ പേര് പറയരുതെന്ന് മാധ്യമങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയത് ഡിജിപിയുടെ ഓഫീസാണ്. പേര് കൊടുത്തിരുന്ന മാധ്യമങ്ങളില്‍ വിളിച്ച് പേര് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും അല്ലാത്ത പക്ഷം കേസെടുക്കുമെന്നും പറഞ്ഞു. നടിയുടെ സുഹൃത്തുക്കളടക്കം അഭിമാനമാണ് എന്ന ഹാഷ് ടാഗില്‍ നടിയുടെ പേര് ഉപയോഗിച്ചു. ആളാരാണെന്ന് എല്ലാവരും അറിഞ്ഞതിനു ശേഷമായിരുന്നു നടിയുടെ പേര് പിന്‍വലിച്ചത്.

ഹണി ബി രണ്ടിന്റെ പ്രൊഡക്ഷന്‍ മാനേജരാണ് നടിയെ കൊണ്ടുവരാന്‍ തൃശൂരിലേയ്ക്ക് വാഹനം അയച്ചതെന്നും പിറ്റേന്ന് നടക്കുന്ന പ്രെമോ സോങ്ങിന്റെ ഷൂട്ടിനായാണ് താന്‍ കാര്‍ അയച്ചതെന്നു മനോജ് കാരന്തൂര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. രാത്രി എത്തുമ്പോള്‍ താമസിക്കുന്നതിന് റൂം വേണ്ടെന്നും സുഹൃത്തിന്റെ അടുത്തു പോകുമെന്നും പറഞ്ഞിരുന്നു. സുനിയോടാണ് ആദ്യം പോകാന്‍ പറഞ്ഞത്. സുനി അസൗകര്യം പറഞ്ഞ് മാറി. പകരം മാര്‍ട്ടിനെ വിടാന്‍ പറഞ്ഞതും സുനിയാണെന്ന് മനോജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഇതു നിഷേധിക്കുന്നതാണ് സംവിധായകന്‍ ലാലിന്റെ വെളിപ്പെടുത്തല്‍. നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ രണ്ടാം തവണ മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയ ലാല്‍ നടി ഹണി ബി ടുവിന്റെ പ്രൊമോ സോങ്ങിനായാണ് വന്നതെന്നത് നിഷേധിച്ചു. സിനിമയുടെ നിര്‍മ്മാതാവാണ് ലാല്‍. നടിക്ക് കൂട്ടുകാരിയും നടിയുമായ രമ്യാനമ്പീശന്റെ വീട്ടിലേയ്ക്ക് വരുന്നതിനാണ് കാറയച്ചത്. വ്യക്തിപരമായ ആവശ്യത്തിനാണെങ്കിലും സൗഹൃദത്തിന്റെ പേരിലാണ് തന്റെ നിര്‍മ്മാണക്കമ്പനിയുടെ വാഹനം അയച്ചു കൊടുത്തത്- ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

നടിയെ ലാലിന്റെ വീട്ടിലെത്തിച്ച ശേഷം രക്ഷപെടുകയായിരുന്ന മാര്‍ട്ടിനെ പിടികൂടിയത് താനാണെന്നും ലാല്‍ പറഞ്ഞു.സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചന ഉണ്ടെന്ന ആരോപണം ആദ്യം ഉന്നയിച്ചത് നടി മഞ്ജുവാര്യരാണ്. സിനിമാ പ്രവര്‍ത്തകരുടെ പ്രതിഷേധ യോഗത്തില്‍ വെച്ച് അക്രമിക്കപ്പെട്ട നടിയുടെ അടുത്ത കൂട്ടുകാരിയായ മഞ്ജു ഉന്നയിച്ച ആരോപണം ഗൗരവമുള്ളതാണ്. നടിയോട് സംസാരിച്ച ശേഷം പൊതുസമക്ഷത്തില്‍ മഞ്ജു വെളിപ്പെടുത്തിയത് ഗൗരവമേറിയ ആരോപണമാണ്. രണ്ടാം തവണ മാധ്യമങ്ങളെ കണ്ടപ്പോഴും ലാലും ഇതേ ആരോപണം ഉന്നയിച്ചു. എന്നാല്‍ പള്‍സര്‍ സുനിയില്‍ കേസന്വേഷണം അവസാനിപ്പിക്കുകയാണ് എന്ന സൂചന നല്‍കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. ഗൂഢാലോചന ആരോപണം തള്ളിക്കളയുകയാണ് അദ്ദേഹം. സുനി സങ്കല്‍പ്പിച്ചുണ്ടാക്കിയ കുറ്റകൃത്യമാണ് ഇതെന്ന് പിണറായി പറയുന്നു.

കേസിലെ പ്രധാന തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ ഇനിയും കണ്ടെത്താനായിട്ടില്ല. അക്രമം നടന്ന അതേ രാത്രി മുഖ്യപ്രതികളെ കണ്ടെത്തി ശാരീരിക പരിശോധന നടത്താനാവുമായിരുന്നുുവെങ്കില്‍ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ലഭിക്കുമായിരുന്നു. നടി മൊഴി നല്‍കിയിരിക്കുന്ന നിലയിലുള്ള കുറ്റകൃത്യത്തിനുള്ള മെഡിക്കല്‍ തെളിവുകള്‍ കണ്ടെത്താനാവുമായിരുന്നു. നടിയുടെ മെഡിക്കല്‍ പരിശോധനയും വൈകിയിട്ടുണ്ട്. സംഭവം നടന്നുവെന്നു ബോധ്യപ്പെട്ട ശേഷം തെളിവുകള്‍ നശിപ്പിക്കപ്പെടാതിരിക്കുക എന്നതിന്റെ പ്രാധാന്യം മനസിലാക്കി ഉണര്‍ന്നു പ്രവര്‍ത്തിച്ചിട്ടില്ല. മൊബൈല്‍ ഫോണടക്കം കണ്ടെത്തിയില്ല. മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ എവിടെയെങ്കിലും കോപ്പി ചെയ്തിട്ടുണ്ടോ എന്നതടക്കം പരിശോധിക്കേണ്ടി വരും. തിരിച്ചെടുക്കാനാവാത്ത വിധം മൊബൈല്‍ഫോണ്‍ നശിപ്പിക്കപ്പെട്ടു എങ്കില്‍ നടിയുടെ മൊഴിയ്ക്കപ്പുറം കുറ്റകൃത്യത്തിന് തെളിവ് സമര്‍പ്പിക്കാന്‍ പൊലീസ് കഷ്ടപ്പെടും. തെളിവുകളുടെ അഭാവത്തില്‍ കുറ്റവാളികള്‍ ശിക്ഷയില്‍ നിന്നും ഊരിപ്പോരുന്ന കാഴ്ച കാണേണ്ടി വരും.

അഞ്ചുദിവസത്തിനു ശേഷം കീഴടങ്ങിയ സുനി, പറയാനുറച്ച കാര്യങ്ങള്‍ മാത്രമേ പൊലീസിനോട് പറയുന്നുള്ളുവെന്നാണ് പൊലീസില്‍ നിന്നു ലഭിച്ച വിവരം. പറഞ്ഞു പഠിച്ച കാര്യങ്ങള്‍ മാത്രം പൊലീസിനോടു സുനി പറയുകയാണ്. അഞ്ചുദിവസമെടുത്ത് ഉണ്ടാക്കിയ പുതിയ കഥയാകും സുനി പറയുന്നതെന്നും പൊലീസ് സംശയിക്കുന്നു. സുനിയല്ലാതെ മറ്റാരൊക്കെ ഉണ്ടെന്ന് പൊലീസ് കണ്ടെത്തണമെന്നാണ് നടി പറഞ്ഞിരുന്നത്. ഗൂഢാലോചന ഇല്ലെന്ന് പറഞ്ഞിട്ടില്ല. ഒരു നടിയുടെ ക്വട്ടേഷനാണെന്നും രണ്ടു മിനിറ്റ് മാത്രമുള്ള ഒരു വീഡിയോ ഷൂട്ട് ചെയ്യുക മാത്രമാണ് ഉദ്ദേശിക്കുന്നതെന്നും സുനി പറഞ്ഞതായാണ് നടിയുടെ മൊഴി. നടി ഈ ക്വട്ടേഷന്‍ കഥ പറഞ്ഞിട്ടില്ല.

അക്രമം നടന്ന സമയം മുതല്‍ അതീവ ജാഗ്രതയോടെ പെരുമാറിയ നടിക്ക് സംഭവത്തിന്റെ ഓരോ നിമിഷവും കൃത്യതയോടെ അറിയാം. ഇന്ന് മാധ്യമ സമ്മേളനം വിളിച്ച് ജനങ്ങളോട് കാര്യങ്ങള്‍ നേരിട്ട് പറയാനിരുന്ന നടിയെ പൊലീസ് തടഞ്ഞിരിക്കുകയാണ്. മാധ്യമസമ്മേളനം നടത്തി നടിക്ക് പറയാനുള്ളതും സംഭവത്തില്‍ ഗൂഢാലോചനയുണ്ട് എന്നാണെങ്കില്‍ അന്വേഷണം പലരിലേയ്ക്കും നീളും. അക്രമത്തില്‍ തളരാതെ പുതിയ സിനിമയുടെ ഷൂട്ടിങ്ങിന് ഇന്ന് നടി എത്തിയിരുന്നു.

Read More >>