ടയറിന്റെ ലോക്ക് മാറ്റാന്‍ മറന്നു, ഡല്‍ഹി വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയ്ക്ക് എമര്‍ജന്‍സി ലാന്‍ഡിംഗ്

എയര്‍ ഇന്ത്യ എന്നാല്‍ 'വിശ്വാസ്യതയില്ലാത്ത സേവനം' എന്ന അര്‍ത്ഥം നല്‍കുകയാണോ ഈ തുടര്‍ക്കഥകള്‍?234 യാത്രക്കാരുമായി AI 933 ഡല്‍ഹി-കൊച്ചിന്‍-ദുബായ് വിമാനമാണ് വന്‍ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്.

ടയറിന്റെ ലോക്ക് മാറ്റാന്‍ മറന്നു, ഡല്‍ഹി വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയ്ക്ക് എമര്‍ജന്‍സി ലാന്‍ഡിംഗ്

എയര്‍ ഇന്ത്യയില്‍ നിന്നും ഇതിലും പ്രതീക്ഷിക്കാം. ഡല്‍ഹിയില്‍ നിന്നും ഇന്ന് രാവിലെ കൊച്ചിയിലേക്ക് പറന്നുയര്‍ന്ന വിമാനം അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് യാത്രക്കാരുടെ ഭാഗ്യവും പിന്നെ പൈലറ്റിന്റെ സമചിത്തതയോട് കൂടിയ തീരുമാനവും മൂലമായിരുന്നു.

പുലര്‍ച്ചെ അഞ്ചരയോടെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന വിമാനം 40 മിനിട്ടുകള്‍ക്ക് ശേഷം അതേ എയര്‍പോര്‍ട്ടില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി. ലാണ്ടിംഗ് ഗിയറില്‍ നിന്നും ലോക്ക് പിന്‍ മാറ്റാതിരുന്നതിനാല്‍ പൈലറ്റിന് വിമാനത്തിന്റെ ചക്രങ്ങള്‍ പിന്‍വലിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഗ്രൗണ്ട് എഞ്ചിനീയര്‍മാരില്‍ നിന്നും ഉണ്ടായ അശ്രദ്ധയാണ് കാരണം.


234 യാത്രക്കാരുമായി AI 933 ഡല്‍ഹി-കൊച്ചിന്‍-ദുബായ് വിമാനമാണ് വന്‍ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്. പറന്നുയര്‍ന്ന വിമാനത്തിന്റെ ചക്രങ്ങള്‍ പിന്‍വലിക്കാന്‍ കഴിയുന്നില്ല എന്ന പൈലറ്റിന്റെ അടിയന്തരസന്ദേശത്തെ തുടര്‍ന്ന് എമര്‍ജന്‍സി ലാന്‍ഡിംഗ് അനുവദിക്കുകയായിരുന്നു. നിലത്തിറക്കിയ വിമാനം പരിശോധിച്ചപ്പോഴാണ് ഗ്രൗണ്ട് എഞ്ചിനീയര്‍മാരുടെ 'മറവി' കണ്ടെത്തിയത്.

ലാന്‍ഡ്‌ ചെയ്ത വിമാനങ്ങള്‍ റണ്‍വേയില്‍ നിന്നും തെന്നിമാറി പോകാതിരിക്കാനായി ചക്രങ്ങള്‍ക്ക് പിന്‍ സ്ഥാപിച്ചു ലോക്ക് ചെയ്യാറുണ്ട്. വിമാനം പറന്നുയരുന്നതിന് മുന്‍പ് ഈ പിന്നുകള്‍ മാറ്റും. ഇത് ഗ്രൗണ്ട് എഞ്ചിനീയറിന്റെ ജോലിയാണ്. വിമാനം ഒരു നിശ്ചിത ഉയരത്തില്‍ എത്തുമ്പോള്‍ പൈലറ്റ് ഗിയര്‍ മാറ്റി ചക്രങ്ങള്‍ വിമാനത്തിനുള്ളിലേക്ക് വലിച്ചെടുക്കുകയും, ഒപ്പം ചിറകുകളില്‍ ആകാശത്തിലെ സമ്മര്‍ദ്ദം സന്തുലിതാവസ്ഥയില്‍ എത്തിക്കുകയും ചെയ്യും.

ഇന്ന് രാവിലെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എയര്‍ഇന്ത്യയുടെ എഞ്ചിനീയര്‍ ലോക്ക് പിന്‍ മാറ്റാന്‍ മറന്നു പോയതാണ് വിമാനം അടിയന്തരമായി ലാന്‍ഡ്‌ ചെയ്യാനുണ്ടായ സാഹചര്യം ഒരുക്കിയത്. ഈ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തതായി എയര്‍ഇന്ത്യ അറിയിച്ചു.

നാല് മണിക്കൂറിനു ശേഷം പത്തു മണിയോടെ വിമാനം യാത്ര പുനരാരംഭിച്ചു.

Read More >>