മാനനഷ്ടക്കേസ്: കെജ്രിവാളിനോട് മാര്‍ച്ച് 21ന് കോടതിയില്‍ ഹാജരാകാന്‍ ഉത്തരവ്

ഡല്‍ഹി ആന്റ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷനില്‍ സാമ്പത്തിക ക്രമക്കേടുകള്‍ കൂടാതെ സെക്‌സ് റാക്കറ്റുകളും ഉള്ളതായി ഒരു അഭിമുഖത്തില്‍ കെജ്രിവാള്‍ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യപ്പെട്ടത്. ഡല്‍ഹി മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രഥമദൃഷ്ട്യാ ക്രിക്കറ്റ് അസോസിയേഷന്റെ അന്തസിനെ കളങ്കപ്പെടുത്തുന്നതാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

മാനനഷ്ടക്കേസ്: കെജ്രിവാളിനോട് മാര്‍ച്ച് 21ന് കോടതിയില്‍ ഹാജരാകാന്‍ ഉത്തരവ്

മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് ഈ മാസം 21ന് ഡല്‍ഹി കോടതിയില്‍ ഹാജരാകാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നിര്‍ദ്ദേശം. ഡല്‍ഹി ആന്റ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്‍, ചേതന്‍ ചൗഹാന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജിയിലാണ് മെട്രോപോളിറ്റന്‍ കോടതി ജഡ്ജി അഭിലാഷ് മല്‍ഹോത്രയുടെ ഉത്തരവ്.

ഇന്ന് കോടതിയില്‍ ഹാജരാകേണ്ട തനിക്ക് ബംഗളുരുവില്‍ ചികിത്സയിലായതിനാല്‍ ഒഴിവ് നല്‍കണമെന്ന കെജ്രിവാളിന്റെ ആവശ്യം കോടതി അംഗീകരിച്ചു. ഈ മാസം 22ന് അദ്ദേഹം ചികിത്സയ്ക്കുശേഷം ഡല്‍ഹിയില്‍ തിരിച്ചെത്തും. കേസില്‍ കുറ്റാരോപിതനായ മുന്‍ ബിജെപി നേതാവ് കീര്‍ത്തി ആസാദിന് കോടതി ജാമ്യം അനുവദിച്ചു.


ക്രിക്കറ്റ് അസോസിയേഷന്‍ അഡ്മിനിസ്‌ട്രേറ്ററായി ജസ്റ്റിസ് വിക്രംജിത് സെന്നിനെ നിയമിച്ചതിനാല്‍ തനിക്കെതിരേയുള്ള പരാതി നിലനില്‍ക്കുന്നതല്ലെന്ന് കീര്‍ത്തി ആസാദിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഈ വാദത്തെ ഡിഡിസി എ അഭിഭാഷകന്‍ ചൗഹാന്‍ എതിര്‍ത്തു. കെജ്രിവാളിന്റേയും കീര്‍ത്തി ആസാദിന്റേയും പ്രസ്താവനകള്‍ പ്രഥമദൃഷ്ട്യാ ഡിഡിസിഎയെ അപകീര്‍ത്തിപ്പെടുത്തിയതായി കാണിച്ച് ജനുവരി 30ന് ഇരുവരോടും കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. ഡിഡിസിഎയില്‍ സാമ്പത്തിക ക്രമക്കേടുകള്‍ കൂടാതെ സെക്‌സ് റാക്കറ്റുകളും ഉള്ളതായി ഒരു അഭിമുഖത്തില്‍ കെജ്രിവാള്‍ ആരോപിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് അദ്ദേഹത്തിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യപ്പെട്ടത്. ഡല്‍ഹി മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രഥമദൃഷ്ട്യാ ക്രിക്കറ്റ് അസോസിയേഷന്റെ അന്തസിനെ കളങ്കപ്പെടുത്തുന്നതാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.