സിപിഐഎമ്മിന്റെ എതിര്‍പ്പ്, ലോ അക്കാദമിയുടെ അഫിലിയേഷന്‍ റദ്ദാക്കില്ല; പുതിയ പ്രിൻസിപ്പലിനെ നിയമിക്കുന്നത് സിപിഐ എതിർത്തു

എട്ടിനെതിരെ 12 വോട്ടിനാണ് ലോ അക്കാദമിയുടെ അഫിലിയേഷന്‍ റദ്ദാക്കണമെന്ന പ്രമേയം കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗം തള്ളിയത്. ലക്ഷ്മി നായരുടെ ബിരുദം സംബന്ധിച്ച് സര്‍വ്വകലാശാല ഉപസമിതി അന്വേഷിക്കും. അതിനിടെ ലോ അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജി അറിയിച്ചു കൊണ്ടുള്ള കത്ത് അയ്യപ്പന്‍പ്പിള്ള ബിജെപി നേതൃത്വത്തിന് കൈമാറി.

സിപിഐഎമ്മിന്റെ എതിര്‍പ്പ്, ലോ അക്കാദമിയുടെ അഫിലിയേഷന്‍ റദ്ദാക്കില്ല; പുതിയ പ്രിൻസിപ്പലിനെ നിയമിക്കുന്നത് സിപിഐ എതിർത്തു

തിരുവനന്തപുരം ലോ  അക്കാദമിയുടെ അഫിലിയേഷന്‍ തുടരും. അഫിലിയേഷന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫും സിപിഐയും കൊണ്ടുവന്ന പ്രമേയങ്ങള്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് വോട്ടിനിട്ട് തള്ളി. സിപിഐ അംഗങ്ങളടക്കം എട്ട് പേര്‍ പ്രമേയത്തെ പിന്തുണച്ചപ്പോള്‍, സിപിഐഎമ്മിന്റെ ഉള്‍പ്പെടെ 12 പേര്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തു. പുതിയ പ്രിന്‍സിപ്പലിനെ ഉടന്‍ നിയമിക്കണമെന്ന സിപിഐഎം അംഗങ്ങളുടെ ആവശ്യം സിന്‍ഡിക്കേറ്റ് അംഗീകരിച്ചു.


നിലവിലെ വിദ്യാര്‍ത്ഥികളെ ബാധിക്കാത്ത രീതിയില്‍ കോളേജിന്റെ അഫിലിയേഷന്‍ റദ്ദാക്കണമെന്ന ആവശ്യമാണ് സിന്‍ഡിക്കേറ്റ് യോഗത്തില്‍ യുഡിഎഫ് ഉയര്‍ത്തിയത്. സിപിഐ അംഗമായ ആര്‍ ലതാദേവിയും അക്കാദമിക്ക് എതിരായ നിലപാടാണ് സിന്‍ഡിക്കേറ്റ് യോഗത്തില്‍ സ്വീകരിച്ചത്. അക്കാദമിയുടെ അഫിലിയേഷന്‍ താത്കാലികമായി റദ്ദാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. എന്നാൽ പുതിയ പ്രിൻസിപ്പലിനെ നിയമിക്കണമെന്ന ആവശ്യം ലതാ ദേവി എതിർത്തു. വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍വകലാശാല ഇടപെടണമെന്നും ലതാദേവി പറഞ്ഞു.

കോളേജും ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുക്കണം, പ്രിന്‍സിപ്പലിനെ മാറ്റണം എന്നീ ആവശ്യങ്ങളും അംഗങ്ങള്‍ യോഗത്തില്‍ എഴുതി നല്‍കുകയായിരുന്നു. വിഷയത്തില്‍ സിന്‍ഡിക്കേറ്റില്‍ രൂക്ഷമായ വാക്കേറ്റമാണുണ്ടായത്. തര്‍ക്കത്തിനിടെ അക്കാദമിയിലെ മാര്‍ക്ക് ദാനത്തെക്കുറിച്ചും ലക്ഷ്മി നായരുടെ ബിരുദത്തെക്കുറിച്ചും അന്വേഷണം നടത്താന്‍ സിന്‍ഡിക്കേറ്റ് യോഗം അംഗീകാരം നല്‍കി. ഇതു സംബന്ധിച്ച പരീക്ഷാ സമിതിയുടെ റിപ്പോര്‍ട്ട് സിന്‍ഡിക്കേറ്റ് എതിരില്ലാതെ അംഗീകരിച്ചു.

ലക്ഷ്മി നായര്‍ ഒരേ സമയം പി ജിയും എല്‍എല്‍ബിയും നേടിയത് എങ്ങനെയെന്ന് പരീക്ഷാ ഉപസമിതിയാകും അന്വേഷിക്കുക. ലക്ഷ്മി നായരുടെ എല്‍എല്‍ബി ബിരുദമാണ് അന്വേഷിക്കുന്നത്. ലാറ്ററല്‍ എന്‍ട്രി വഴിയാണ് ലക്ഷ്മി നായര്‍ എല്‍എല്‍ബിയ്ക്ക് ചേര്‍ന്നിരുന്നത്. എല്‍എല്‍ബിയ്ക്ക് പഠിക്കുമ്പോള്‍ തന്നെ ആന്ധ്ര വെങ്കിടേശ്വര സര്‍വ്വകലാശാലയില്‍ എംഎ ഹിസ്റ്ററിയ്ക്കും ലക്ഷ്മി നായര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഒരേ സമയം രണ്ട് കോഴ്‌സ് പഠിക്കാന്‍ വ്യവസ്ഥായില്ലാത്തതിനാല്‍ കേരളാ സര്‍വ്വകലാശാല നിയമപ്രകാരം ഇവിടെ പഠിച്ച കോഴ്‌സ് നഷ്ടപ്പെടാനാണ് സാധ്യത.

ഇന്റേണല്‍ മാര്‍ക്കിന്റെ ഘടന പരിഷ്‌ക്കരിക്കുമെന്നും ലക്ഷ്മി നായരുടെ ഭാവി മരുമകള്‍ അനുരാധ പി നായരില്‍ നിന്ന് തെളിവെടുക്കുമെന്നും സിന്‍ഡിക്കേറ്റ് വ്യക്തമാക്കി. അതിനിടെ സിന്‍ഡിക്കേറ്റ് യോഗ സ്ഥത്തേയ്ക്ക് മാര്‍ച്ച് നടത്തിയ കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. യോഗസ്ഥലത്തേയ്ക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച കെഎസ്‌യു, ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അയ്യപ്പൻ പിള്ള ബിജെപി നേതൃത്വത്തിന് രാജിക്കത്ത് നൽകി

ലോ അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജി അറിയിച്ചു കൊണ്ടുള്ള കത്ത് അയ്യപ്പന്‍ പിള്ള ബിജെപി നേതൃത്വത്തിന് കൈമാറി. സര്‍ക്കാര്‍ മുന്‍കൈ എടുത്തു നല്‍കിയ ചര്‍ച്ചയില്‍ സമവായമാകാത്തസാഹചര്യത്തിലാണ് രാജിക്കത്ത് ബിജെപി നേതൃത്വത്തെ ഏല്‍പ്പിച്ചത്. കുട്ടികളുടെ ഭാവി പരിഗണിച്ച് എത്രയും പെട്ടെന്ന് നടപടിയുണ്ടായില്ലെങ്കില്‍ രാജിക്കത്ത് മാനേജ്‌മെന്റിന് കൈമാറുമെന്ന് അയ്യപ്പന്‍ പിള്ള അറിയിച്ചു.

അക്കാദമിയുടെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് ലക്ഷ്മി നായര്‍ രാജി വെച്ചില്ലെങ്കില്‍ താന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുമെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബിജെപി ലോ അക്കാദമിയില്‍ നടത്തിവരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചായിരുന്നു അദ്ദേഹം പ്രസ്താവന ഇറക്കിയത്.

Read More >>