കാസർഗോട്ടെ ആർഎസ്എസ് കോട്ടകളിൽ കടക്കാനുറച്ച് സിപിഐഎം; ആർഎസ്എസ് ഗ്രാമത്തിൽ സിപിഐഎം പൊതുയോഗം; അതെ ദിവസം തന്നെ ആർഎസ്എസ് 'ശക്തിസംഗമം' സംഘടിപ്പിക്കാനൊരുങ്ങുന്നു

ചുവന്ന മുണ്ടുടുത്തതിന് യുവാവിനെ ആക്രമിക്കുകയും ചെഗുവേരയുടെ ചിത്രം പതിച്ച ഹെൽമെറ്റ് ധരിച്ചതിന് ബൈക്ക് യാത്രക്കാരെ മർദിക്കുകയും ചെയ്ത് പ്രദേശത്തെ ആർഎസ്എസ് ഗ്രാമങ്ങൾ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇത്തരം ഗ്രാമങ്ങളിലേക്ക് കടന്നുചെല്ലാനായാണ് സിപിഐഎം കോട്ടപ്പാറയിൽ രാഷ്ട്രീയ വിശദീകരണയോഗം സംഘടിപ്പിക്കുന്നത്. അതേ ദിവസം അതെ സമയത്ത് കോട്ടപ്പാറയിൽ തന്നെ 'ശക്തിസംഗമം' നടത്താനാണ് ആർഎസ്എസ് നീക്കം.

കാസർഗോട്ടെ ആർഎസ്എസ് കോട്ടകളിൽ കടക്കാനുറച്ച് സിപിഐഎം; ആർഎസ്എസ് ഗ്രാമത്തിൽ സിപിഐഎം പൊതുയോഗം; അതെ ദിവസം തന്നെ ആർഎസ്എസ്

കാസർഗോഡ് ജില്ലയിലെ ആർഎസ്എസ് ശക്തികേന്ദ്രങ്ങളായ ഗ്രാമങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി സിപിഐഎം. ആർഎസ്എസ് ഗ്രാമമായി അറിയപ്പെടുന്ന കോട്ടപ്പാറയിൽ ഫെബ്രുവരി 13ന് രാഷ്ട്രീയ വിശദീകരണയോഗം നടത്താനാണ് സിപിഐഎം ഒരുങ്ങുന്നത്. പനത്തടി ഏരിയാ കമ്മിറ്റി സംഘടിപ്പിക്കുന്ന യോഗം സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഉത്‌ഘാടനം ചെയ്യുക.

പുറത്ത് നിന്നുള്ള ഒരു രാഷ്ട്രീയ ചിന്തകൾക്കും ഇടം നൽകാത്ത ആർഎസ്എസ് ശക്തിപ്രദേശമാണ് ഇത്. ചുവന്ന മുണ്ടുടുത്തതിന് യുവാവിനെ ആക്രമിക്കുകയും ചെഗുവേരയുടെ ചിത്രം പതിച്ച ഹെൽമെറ്റ് ധരിച്ചതിന് ബൈക്ക് യാത്രക്കാരെ മർദിക്കുകയും ചെയ്ത് പ്രദേശത്തെ ആർഎസ്എസ് ഗ്രാമങ്ങൾ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.


സിപിഐഎമ്മിന്റെ പരിപാടി മുന്നിൽകണ്ടുകൊണ്ട് അതെ ദിവസം തന്നെ കോട്ടപ്പാറയിൽ ആർഎസ്എസ് ശക്തിസംഗമം സംഘടിപ്പിച്ചിട്ടുണ്ട്. നേരത്തെ സിപിഐഎം ശക്തികേന്ദ്രമായ ചീമേനിയിലേക്ക് ആർഎസ്എസ് സംഘടിപ്പിച്ച മാർച്ചിനെ സിപിഐഎം ആക്രമിച്ചെന്ന് ആരോപിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹർത്താലിലടക്കം നിരവധി അക്രമങ്ങൾ നടന്നിരുന്നു. ഇരു കക്ഷികളും രാഷ്ട്രീയ ശക്തിപ്രകടനത്തിനൊരുങ്ങുന്നതിനെ ജനങ്ങളും പോലീസും ഏറെ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.

കോട്ടപ്പാറ ഒഴിച്ച് സമീപത്തെ മറ്റുപ്രദേശങ്ങൾ സിപിഐഎമ്മിന്റെ ശക്തികേന്ദ്രങ്ങളാണ്. പനത്തടി ഏരിയാ കമ്മിറ്റിക്ക് പുറമെ കാഞ്ഞങ്ങാട്, നീലേശ്വരം ഏരിയാ കമ്മിറ്റികളിൽ നിന്നുള്ള പ്രവർത്തകരും പരിപാടിക്കെത്തുമെന്നാണ് ലഭ്യമാകുന്ന വിവരം. സിപിഐഎം പരിപാടി ആരംഭിക്കുന്ന മൂന്നു മണിക്കുതന്നെയാണ് ആർഎസ്എസ് ശക്തിസംഗമം നടത്താനുള്ള ഒരുക്കങ്ങളും നടത്തുന്നത്.