പിണറായിയുടെ മംഗളുരു സന്ദർശനം; അക്രമിസംഘം ഉള്ളാളയിൽ സിപിഐഎം ഓഫിസ് ആക്രമിച്ച് തീയിട്ടു

ഇന്നലെ രാത്രിയിൽ ഓഫിസിന്റെ വാതിൽ തകർത്ത് അകത്തുകടന്ന സംഘം ഓഫിസ് അലങ്കോലപ്പെടുത്തുകയും ഷെൽഫ് കുത്തിത്തുറന്ന് തീയിടുകയുമായിരുന്നു. സംഘപരിവാർ സംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക സൂചനകൾ.

പിണറായിയുടെ മംഗളുരു സന്ദർശനം; അക്രമിസംഘം ഉള്ളാളയിൽ സിപിഐഎം ഓഫിസ് ആക്രമിച്ച് തീയിട്ടു

ഫെബ്രുവരി 25 കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ മംഗളൂരുവിൽ സിപിഐഎം സംഘടിപ്പിക്കുന്ന മത സൗഹാർദ്ദ റാലിയിൽ പങ്കെടുക്കുന്നത് തടയുമെന്ന് സംഘപരിവാർ പ്രഖ്യാപിച്ചതിന് പിന്നാലെ സിപിഐഎം പാർട്ടി ഓഫിസിന് നേരെ അക്രമം. ഉള്ളാളയിലെ തൊക്കോട്ടിൽ സിപിഐഎം ഓഫീസ് ആക്രമിച്ച് അജ്ഞാത സംഘം തീയിടുകയായിരുന്നു.

ഇന്നലെ രാത്രിയിൽ ഓഫിസിന്റെ വാതിൽ തകർത്ത് അകത്തുകടന്ന സംഘം ഓഫിസ് അലങ്കോലപ്പെടുത്തുകയും ഷെൽഫ് കുത്തിത്തുറന്ന് തീയിടുകയുമായിരുന്നു. ഓഫിസിൽ സൂക്ഷിച്ചിരുന്ന പ്രചാരണ സാധനങ്ങൾ ഉൾപ്പെടെ കത്തിനശിച്ചിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഘപരിവാർ സംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക സൂചനകൾ.
കേരളത്തിൽ സംഘപരിവാർ സംഘടനകളെ സിപിഐഎം പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും ആർഎസ്എസ്-ബിജെപി പ്രവർത്തകരെ സിപിഐഎം കൊന്നൊടുക്കുകയാണെന്നും ആരോപിച്ചാണ് പിണറായി വിജയനെ മംഗലുരുവിലെ പരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് സംഘപരിവാർ പ്രഖ്യാപിച്ചിരിക്കുന്നത്.