'പിണറായിക്ക് വഴിയൊരുക്കിയ സിദ്ധരാമയ്യ ഡാ' - സ്തുതി പാടുന്ന കോൺഗ്രസ് നേതാക്കൾക്കു മനസ്സിലാവാത്ത 'സിദ്ധരാമയ്യൻ രാഷ്ട്രീയം'

ടിപ്പു ജയന്തി ഉൾപ്പെടെ സിദ്ധരാമയ്യ സ്വീകരിച്ചു പോരുന്ന ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് പിണറായിക്ക് പ്രസംഗിക്കാനുള്ള സുരക്ഷയൊരുക്കിയതും. ഭരണപരമായ ചുമതല എന്നതിനപ്പുറം അത് ഒരു നിലപാടിന്റെ ഭാഗമാണ്. പിണറായിയെന്ന ഘടകത്തെ മാറ്റി നിർത്തിയാൽ പോലും, ദക്ഷിണ കന്നഡ ജില്ലയിൽ ജാതിവ്യവസ്ഥക്കെതിരായും സംഘപരിവാർ ശക്തികൾക്കെതിരായും ശക്തമായ പ്രവർത്തനം നടത്തുന്ന ഒരു പ്രസ്ഥാനത്തിന് അവരുടെ രാഷ്ട്രീയ പ്രവർത്തനത്തിനുള്ള ഇടം നൽകുക എന്ന വലിയ രാഷ്ട്രീയ ധീരതയാണ് സിദ്ധരാമയ്യ കാണിച്ചിരിക്കുന്നത്.

മംഗളൂരുവിൽ പിണറായി വിജയൻ പങ്കെടുത്ത റാലി സമാധാനപൂർണവും വൻവിജയവുമായി അവസാനിച്ചു കഴിഞ്ഞു. സംഘപരിവാർ ഭീഷണിയെ വകവെക്കാതെ മംഗളുരുവിലെത്തി മടങ്ങാൻ പിണറായിയെ സഹായിച്ചതിൽ കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ നടപടികൾക്കും വലിയ പങ്കുണ്ട് എന്നതിലും സംശയമില്ല. കേരളത്തിലെ കോൺഗ്രസ് നേതാക്കളും അണികളും സമൂഹമാധ്യമങ്ങളിൽ സിദ്ധാരാമയ്യക്ക് സ്തുതിഗീതങ്ങൾ എഴുതി നിറക്കുന്നതിന്റെ തിരക്കിലാണ്.

'മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിക്ക് സ്വന്തം സംസ്ഥാനത്ത് സുരക്ഷയൊരുക്കി ഫെഡറൽ സംവിധാനത്തിന്റെ മഹത്വം കാത്ത് സൂക്ഷിച്ച മഹാൻ' എന്ന് തുടങ്ങി കണ്ണൂരിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ സിപിഐഎമ്മുകാർ സിദ്ധാരാമയ്യയെ കണ്ടു പഠിക്കണമെന്ന ഉപദേശം വരെ വി ടി ബൽറാം അടക്കം ഫെയ്‌സ്ബുക്കിൽ സജീവമായ നേതാക്കളും അണികളും കൊട്ടിപ്പാടുന്നുണ്ട്. രാഷ്ട്രീയ വൈരിയായ നേതാവിന് പോലും സംരക്ഷണം നൽകുന്ന വിശാലഹൃദയനായ കോൺഗ്രസ് നേതാവ് എന്നൊക്കെ സിദ്ധാരാമയ്യക്ക് ജയ് വിളിക്കുമ്പോൾ ഇവരെല്ലാം ബോധപൂർവം മറക്കുകയും പിന്തുണ നൽകാതിരിക്കുകയും ചെയ്യുന്ന ഒരു 'സിദ്ധാരാമയ്യ പൊളിറ്റിക്സ്' ഉണ്ട്.

സിദ്ധാരാമയ്യ: മോഡി കാലത്തെ കോൺഗ്രസ് മുഖ്യമന്ത്രി


സ്വന്തം സംസ്ഥാനത്ത് സന്ദർശനം നടത്തുന്ന മറ്റൊരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്ക് സുരക്ഷ നൽകുക എന്ന സാങ്കേതികമായ ചുമതല നിർവഹിക്കുക മാത്രമല്ല സിദ്ധാരാമയ്യ ചെയ്തത്. പിണറായിക്ക് പ്രസംഗിക്കാൻ അവസരമൊരുക്കുക വഴി ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിനോട് ഐക്യപ്പെടൽ എന്ന മാനിഫെസ്റ്റോ മുന്നോട്ടു വെക്കുകയായിരുന്നു സിദ്ധാരാമയ്യ. പിണറായിയുടെ സാന്നിധ്യം ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന് ധൈര്യം പകരുന്നു എന്ന കർണാടക മന്ത്രി യുടി ഖാദറിന്റെ വാക്കുകൾ ഇതിനുള്ള തെളിവാണ്.

തെന്നിന്ത്യയിലെ ഏറ്റവും വലിയ സംഘപരിവാർ പരീക്ഷണം നടക്കുന്ന ഇടമാണ് കർണാടക. സംസ്കാരം, സദാചാരം, വിശ്വാസം, ഭക്തി എന്നിങ്ങനെ പല മേഖലകളിൽ പല പേരുകളിൽ സംഘപരിവാർ സംഘടനകൾ പ്രവർത്തിക്കുന്ന പ്രദേശം. കോൺഗ്രസ്സും ജനതാദളും അടക്കമുള്ള സെക്കുലർ പാർട്ടികൾക്കകത്തുപോലും സംഘപരിവാർ മനസ്സുള്ള ആളുകളെ സൃഷ്ടിക്കാൻ കർണാടകയിൽ ആർഎസ്എസിന് കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ഗുണഫലമെന്നോണമാണ് തെന്നിന്ത്യയിൽ ബിജെപി ആദ്യമായി അധികാരം പിടിച്ചെടുക്കുന്ന സംസ്ഥാനമായി കർണാടക മാറുന്നത്.

കോൺഗ്രസ്സിനകത്ത് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന സോഷ്യലിസ്റ്റ്, സെക്കുലർ ധാരകളുടെ കണ്ണികളിൽ പ്രമുഖനാണ് സിദ്ധാരാമയ്യ. മുഖ്യമന്ത്രിയായതിന് ശേഷം ദളിത് പിന്നോക്ക വിഭാഗങ്ങളെ ശക്തിപ്പെടുത്തുന്ന നിരവധി ഭരണ തീരുമാനങ്ങൾ സിദ്ധാരാമയ്യ കൈക്കൊണ്ടു. സംഘപരിവാർ വേരുറപ്പിച്ചിരിക്കുന്ന ജാതിവ്യവസ്ഥയോടുള്ള കലഹം തന്നെയായിരുന്നു അത്. മുസ്ലിം മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും സിദ്ധാരാമയ്യ പ്രത്യേക ശ്രദ്ധ ചെലുത്തി.

ടിപ്പു ജയന്തിയെന്ന ഒറ്റയാൾ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം


സംഘപരിവാറിന്റെ മുഴുവൻ ശത്രുതയും ഏറ്റുവാങ്ങിക്കൊണ്ട് ടിപ്പു ജയന്തി ആചരിക്കാനായി സിദ്ധാരാമയ്യ ഇറങ്ങിയപ്പോൾ കോൺഗ്രസിന്റെ സംസ്ഥാന ഘടകം പോലും ഒറ്റക്കെട്ടായി കൂടെ നിന്നില്ല. മോഡി ഭരണകാലത്ത് ഒരു കോൺഗ്രസ് മുഖ്യൻ സംഘപരിവാറിനെതിരെ ശക്തമായി നിൽക്കുന്നു എന്ന രാഷ്ട്രീയ പ്രസക്തി മനസ്സിലാക്കി കൂടെ നിൽക്കാൻ ദേശീയ നേതൃത്വവും തയ്യാറായില്ല. ആദ്യ ടിപ്പു ജയന്തി ആഘോഷ ദിനത്തിൽ സംഘപരിവാർ കലാപമുണ്ടാക്കുകയും കുടക് മേഖലയിൽ മരണം ഉൾപ്പെടെ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തു. രണ്ടാം ടിപ്പു ജയന്തിക്ക് ദേശീയ തലത്തിൽ സംഘപരിവാർ പ്രചാരണം നടത്തുകയും ഉന്നത നേതാക്കൾ തന്നെ ആഘോഷം തടയുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. സിദ്ധാരാമയ്യയെന്ന ഒറ്റയാൾ പോരാട്ടത്തിന് മുന്നിൽ സംഘപരിവാർ മുട്ടുമടക്കി. തികച്ചും സമാധാനപരമായി ടിപ്പു ജയന്തി ആഘോഷിക്കാൻ സർക്കാരിന് സാധിച്ചു.

സ്വാതന്ത്ര്യാനന്തരം നടന്ന ഇന്ത്യൻ ചരിത്ര പഠനങ്ങളിലും രചനയിലും കോൺഗ്രസ്സ് പാർട്ടിയിലെ മുൻഗാമികൾ തന്നെ ഒതുക്കി വച്ച ദക്ഷിണേന്ത്യൻ ചരിത്രത്തിന്റെ വീണ്ടെടുപ്പ് എന്ന നിലയിൽ കൂടി ടിപ്പു ജയന്തി ആഘോഷത്തെ നോക്കിക്കാണുമ്പോഴേ സിദ്ധാരാമയ്യയുടെ രാഷ്ട്രീയത്തെ പൂർണമായി നോക്കിക്കാണാൻ കഴിയൂ.

ഫാസിസ്റ്റ് കാലത്തെ സെക്യുലര്‍ ഐക്യപ്പെടൽ


ഉത്തരേന്ത്യൻ വരേണ്യ രാഷ്ട്രീയത്തിനോട് എന്നും കലഹിച്ചു കൊണ്ടിരുന്ന തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ ആന്ധ്രയും തെലുങ്കാനയും ക്ഷീണിതരാവുകയും തമിഴ്‌നാട് വീണുപോവുകയും ചെയ്തു. ഇത്തരം ഒരു സാഹചര്യത്തിൽ സിദ്ധാരാമയ്യയുടെയും പിണറായിയുടെയും ഐക്യപ്പെടലിന് ഒരു വലിയ രാഷ്ട്രീയ മാനമുണ്ട്. പിണറായിയുടെ സാന്നിധ്യം ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന് നൽകുന്ന മാനത്തെക്കുറിച്ച് യു ടി ഖാദർ സൂചിപ്പിച്ച കാര്യം പ്രസക്തമാകുന്നത് ഈ ഒരു നിലയിൽ കൂടിയാണ്.

ആടിയും പാടിയും സെമിനാറുകൾ നടത്തിയും തുരത്തേണ്ട ഒന്നല്ല ഫാസിസം എന്ന യാഥാർഥ്യത്തെ എന്നു തിരിച്ചറിഞ്ഞ നേതാക്കളാണ് പിണറായിയും സിദ്ധാരാമയ്യയും. കർണാടകയോട് അതിർത്തി പങ്കിടുന്ന കാസർഗോഡും കണ്ണൂരും ആർഎസ്എസ്സിനോട് പിണറായി വിജയൻ നേതൃത്വം നൽകുന്ന സിപിഐഎം നടത്തുന്ന പോരാട്ടങ്ങളും ഭരണ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് സിദ്ധാരാമയ്യ കർണാടകത്തിൽ നടത്തുന്ന സംഘപരിവാർ വിരുദ്ധ രാഷ്ട്രീയ പ്രവർത്തനങ്ങളും താദാത്മ്യം പ്രാപിക്കുന്നതും അങ്ങനെയാണ്.

കേരളത്തിലെ കോൺഗ്രസ് നേതാക്കളും സിദ്ധാരാമയ്യൻ രാഷ്ട്രീയവും


ടിപ്പുജയന്തി ഉൾപ്പെടെ സിദ്ധാരാമയ്യ സ്വീകരിച്ചു പോരുന്ന ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് പിണറായിക്ക് പ്രസംഗിക്കാനുള്ള സുരക്ഷയൊരുക്കിയതും. ഭരണപരമായ ചുമതല എന്നതിനപ്പുറം അത് ഒരു നിലപാടിന്റെ ഭാഗമാണ്. പിണറായിയെന്ന ഘടകത്തെ മാറ്റി നിർത്തിയാൽ പോലും, ദക്ഷിണ കന്നഡ ജില്ലയിൽ ജാതിവ്യവസ്ഥക്കെതിരായും സംഘപരിവാർ ശക്തികൾക്കെതിരായും ശക്തമായ പ്രവർത്തനം നടത്തുന്ന ഒരു പ്രസ്ഥാനത്തിന് അവരുടെ രാഷ്ട്രീയ പ്രവർത്തനത്തിനുള്ള ഇടം നൽകുക എന്ന വലിയ രാഷ്ട്രീയ ധീരതയാണ് സിദ്ധാരാമയ്യ കാണിച്ചിരിക്കുന്നത്.

ഇതിനെ ഉൾക്കൊള്ളാൻ കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് കഴിയുന്നില്ല എന്നതാണ് യാഥാർഥ്യം. ആർഎസ്എസ് നടപ്പാക്കുന്ന കൊലപാതകങ്ങൾ, അക്രമങ്ങൾ എന്നിവയോട് മൗനം പാലിക്കുകയും സംഘപരിവാറിന് ശക്തി പകരുന്ന നിലയിൽ തീരുമാനങ്ങൾ എടുക്കുകയും സമസ്ത മേഖലകളിലും - പ്രത്യക്ഷ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിലൊഴിച്ച് - സംഘപരിവാറുമായി സഹകരിക്കുകയും ചെയ്യുന്ന കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയ ബോധത്തിന് ഒരിക്കലും ജയ് വിളിക്കാൻ കഴിയാത്ത ഒന്നാണ് സിദ്ധാരാമയ്യയുടെ രാഷ്ട്രീയം.

കഴിഞ്ഞ കോൺഗ്രസ് ഭരണകാലത്ത് പോലീസ് അടക്കമുള്ള ഉദ്യോഗസ്ഥ സംവിധാനങ്ങളെ കാവിവൽക്കരിക്കാനും അമ്പലങ്ങളെ ആർഎസ്എസ് ശാഖകളാക്കാനും നേതൃത്വം നൽകിയത് ആരെന്ന ചോദ്യത്തിന് ഉത്തരം ലളിതമാണ്.

സംഘപരിവാറിന്റെ അതേ കണ്ണിലൂടെ നോക്കുന്നതിനാലാണ് ചെന്നിത്തല മുതൽ വി ടി ബാലറാമിന് വരെ, തങ്ങളുടെ രാഷ്ട്രീയ എതിരാളിയായ പിണറായിയെ പ്രസംഗിപ്പിക്കുന്ന ആൾ എന്ന രീതിയിൽ മാത്രം സിദ്ധാരാമയ്യ ഹീറോ ആകുന്നത്. പിണറായിയും സിദ്ധാരാമയ്യയും മുന്നോട്ടു വെക്കുന്ന രാഷ്ട്രീയത്തെയും സംഘപരിവാർ നടപ്പാക്കുന്ന അജണ്ടയും നോക്കിക്കാണാൻ ഇവിടെ ആർക്കും കഴിയാതിരിക്കുന്നതും അതിനാൽ തന്നെ.

മോഡി ഭരണത്തിന് ശേഷം ഒറ്റയ്ക്കും കൂട്ടമായും സംസ്ഥാന ഭരണത്തെ അട്ടിമറിച്ചുപോലും സംഘപരിവാർ ക്യാമ്പുകളിലേക്ക് കോൺഗ്രസ് നേതാക്കൾ ഒഴുകുന്ന കാഴ്ച പതിവായിരിക്കുകയാണ്. ഒഴുക്ക് വർധിക്കുകയും മുഴുവൻ കോൺഗ്രസ് നേതാക്കളും സംഘപരിവാർ കൂടാരത്തിൽ എത്തുകയും ചെയ്യുന്ന സ്ഥിതിയുണ്ടായാലും സിദ്ധാരാമയ്യ തന്റെ രാഷ്ട്രീയവുമായി കറകളഞ്ഞ കോൺഗ്രസ്സുകാരനായി തുടരും.
"സിദ്ധാരാമയ്യ ഡാ.."