ഗുരുതരാവസ്ഥയിലായ പിതാവിനെ കാണാന്‍ സമ്മതിച്ചില്ല; ആശുപത്രിക്കെതിരെ ഇ അഹമ്മദിന്റെ മക്കള്‍ പൊലീസില്‍ പരാതി നല്‍കി

അത്യാസന്ന നിലയിലുള്ള പിതാവിന്റെ അടുക്കിലിരുന്ന് ഖുര്‍ആന്‍ പാരായണം നടത്തണമെന്ന അഭിലാഷം പോലും ആശുപത്രി അധികൃതര്‍ നിഷേധിച്ചതായും മക്കള്‍ വ്യക്തമാക്കി. പിതാവിന്റെ അന്ത്യാഭിലാഷം നിറവേറ്റാനുള്ള മക്കളുടെ ബാധ്യതയാണ് ഇതിലൂടെ ആശുപത്രി അധികൃതര്‍ ഇല്ലാതാക്കിയതെന്നും അവര്‍ കുറ്റപ്പെടുത്തി. വിവരമറിഞ്ഞയുടനെ തന്നെ ആശുപത്രിയിലെത്തിയ തങ്ങളോട് മനുഷ്യത്വ രഹിതമായാണ് ആശുപത്രി അധികൃതര്‍ പെരുമാറിയതെന്നും മക്കള്‍ മാധ്യമങ്ങളോടു പറഞ്ഞു.

ഗുരുതരാവസ്ഥയിലായ പിതാവിനെ കാണാന്‍ സമ്മതിച്ചില്ല; ആശുപത്രിക്കെതിരെ ഇ അഹമ്മദിന്റെ മക്കള്‍ പൊലീസില്‍ പരാതി നല്‍കി

ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തങ്ങളുടെ പിതാവിനെ ഒന്നു കാണാന്‍ പോലും അനുവദിക്കാതിരുന്ന ആശുപത്രി അധികൃതര്‍ക്കെതിരെ അന്തരിച്ച ഇ അഹമ്മദ് എംപിയുടെ മക്കള്‍ പൊലീസില്‍ പരാതി നല്‍കി. ആശുപത്രി അധികൃതരുടെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച മക്കളായ നസീര്‍ അഹമ്മദ്, റഈസ് അഹമ്മദ്, മരുമകന്‍ ബാബു ഷെര്‍ഷാദ് എന്നിവരാണ് പൊലീസില്‍ പരാതി നല്‍കിയത്.

തങ്ങളുടെ അനുവാദമില്ലാതെ ചികിത്സ തീരുമാനിക്കാന്‍ ആശുപത്രിക്കു ആരാണ് അധികാരം നല്‍കിയതെന്ന് അവര്‍ ചോദിച്ചു. ഇക്കാര്യത്തില്‍ മറച്ചുവയ്ക്കാനുള്ളതെന്താണ്. അത്യാസന്ന നിലയിലുള്ള പിതാവിന്റെ അടുക്കിലിരുന്ന് ഖുര്‍ആന്‍ പാരായണം നടത്തണമെന്ന അഭിലാഷം പോലും ആശുപത്രി അധികൃതര്‍ നിഷേധിച്ചതായും മക്കള്‍ വ്യക്തമാക്കി. പിതാവിന്റെ അന്ത്യാഭിലാഷം നിറവേറ്റാനുള്ള മക്കളുടെ ബാധ്യതയാണ് ഇതിലൂടെ ആശുപത്രി അധികൃതര്‍ ഇല്ലാതാക്കിയതെന്നും അവര്‍ കുറ്റപ്പെടുത്തി. വിവരമറിഞ്ഞയുടനെ തന്നെ ആശുപത്രിയിലെത്തിയ തങ്ങളോട് മനുഷ്യത്വ രഹിതമായാണ് ആശുപത്രി അധികൃതര്‍ പെരുമാറിയതെന്നും മക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


ഇന്നലെ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിനിടെ പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ ഇ അഹമ്മദ് എംപിയെ ഡല്‍ഹി റാംമനോഹര്‍ ലോഹ്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. വാര്‍ത്തയറിഞ്ഞ് ആശുപത്രിയിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും കാണാനുളള അനുമതി അധികൃതര്‍ നിഷേധിച്ചതും പ്രതിഷേധത്തിനിടയാക്കിയിരുന്നു.

അഹമ്മദിന്റെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവയ്ക്കാന്‍ ആശുപത്രി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള മന്ത്രി ജിതേന്ദ്രസിങ് ആണെന്ന ആരോപണമുയര്‍ന്നിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുതിര്‍ന്ന പാര്‍ട്ടി നേതാക്കളായ ഗുലാംനബി ആസാദ്, അഹമ്മദ് പട്ടേല്‍ എന്നിവര്‍ എത്തിയതോടെ നാടകീയ രംഗങ്ങളാണ് ആശുപത്രിയിലുണ്ടായത്. ആശുപത്രി അധികൃതരോട് സോണിയ രോഷാകുലയായി സംസാരിച്ചതിനെത്തുടര്‍ന്നാണ് മകള്‍ ഫൗസിയക്ക് ഇ അഹമ്മദിനെ ചില്ലിനകത്തു കൂടി കാണാന്‍ അഞ്ചു സെക്കന്‍ഡ് മാത്രം അനുവദിച്ചത്. ഇതിനു പിന്നാലെ മരണം സ്ഥിരീകരിക്കുകയും ചെയ്തു.

ഉച്ചയോടെ ഐസിയുവില്‍ നിന്ന് വെന്റിലേറ്ററിലേക്കു മാറ്റിയ ഇ അഹമ്മദിന്റെ ആരോഗ്യനില സംബന്ധിച്ച് യാതൊരു വിവരവും പുലര്‍ച്ചെ മരണം സ്ഥിരീകരിക്കുന്നതു വരെയും പുറത്തുവന്നിരുന്നില്ല. മാത്രമല്ല, സന്ദര്‍ശകരെ പൂര്‍ണമായും ആശുപത്രി അധികൃതര്‍ വിലക്കുകയും ചെയ്തിരുന്നു. ചികിത്സാ വിവരങ്ങള്‍ കൈമാറാനും അധികൃതര്‍ തയ്യാറായിരുന്നില്ല. ബജറ്റ് അവതരണം തടസ്സപ്പെടാതിരിക്കാനാണ് സര്‍ക്കാരില്‍നിന്നും ഇത്തമരൊരു നീക്കം നടന്നതെന്നാണ് ബന്ധുക്കളും കോണ്‍ഗ്രസ് നേതാക്കളും ആരോപിക്കുന്നത്.

Read More >>