എയര്‍ ഇന്ത്യയുടെ പ്രവാസി ദ്രോഹങ്ങള്‍ തുടരുന്നു; നാട്ടിലെത്തി രണ്ടുനാള്‍ കഴിഞ്ഞിട്ടും ലഗേജ് നല്‍കാതെ വിമാനക്കമ്പനി

ദുബൈ റാസല്‍ഖൈമയില്‍ ജോലി ചെയ്തുവരുന്ന കണ്ണൂര്‍ ചക്കരക്കൽ സ്വദേശി ഷാനവാസ് ബിന്‍ അലി ആണ് ഇതുസംബന്ധിച്ച പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ലഗേജ് ലഭിക്കാത്തതു സംബന്ധിച്ച് തന്റെ ഭാര്യ ഷാദിയ ഉള്‍പ്പെടെയുള്ള എല്ലാവരില്‍നിന്നും പരാതി എഴുതിവാങ്ങിയ എയര്‍ ഇന്ത്യ അധികൃതര്‍ അടുത്തദിവസം തന്നെ ലഗേജ് ലഭിക്കുമെന്നാണ് അറിയിച്ചതെന്നും ഷാനവാസ് നാരദ ന്യൂസിനോടു പറഞ്ഞു. വിളിച്ചിട്ടുമില്ല, ലഗേജ് ലഭിച്ചിട്ടുമില്ല. മാത്രമല്ല, മൂന്നുമണിക്കു പുറപ്പെടേണ്ട വിമാനം രണ്ടുമണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടതെന്നും ഷാനവാസ് ചൂണ്ടിക്കാട്ടുന്നു.

എയര്‍ ഇന്ത്യയുടെ പ്രവാസി ദ്രോഹങ്ങള്‍ തുടരുന്നു; നാട്ടിലെത്തി രണ്ടുനാള്‍ കഴിഞ്ഞിട്ടും ലഗേജ് നല്‍കാതെ വിമാനക്കമ്പനി

ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് കൊണ്ടുപോവുന്ന ലഗേജുകള്‍ എയര്‍ ഇന്ത്യ തടഞ്ഞുവയ്ക്കുന്നതായി പരാതി. നിരവധി പേര്‍ക്കാണ് ഇത്തരത്തില്‍ യഥാസമയം ബാഗുകള്‍ ലഭിക്കാതെ വെറുംകൈയോടെ മടങ്ങിപ്പോവേണ്ട ഗതികേട് വരുന്നതെന്നും പറയപ്പെടുന്നു. ദുബൈ റാസല്‍ഖൈമയില്‍ ജോലി ചെയ്തുവരുന്ന കണ്ണൂര്‍ ചക്കരക്കൽ സ്വദേശി ഷാനവാസ് ബിന്‍ അലി ആണ് ഇതുസംബന്ധിച്ച പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

30 ദിവസത്തെ വിസിറ്റിങ് വിസാ കാലാവധി പൂര്‍ത്തിയായ ഭാര്യ ഷാദിയ അഞ്ജു യുഎഇയില്‍ നിന്നും ഇന്നലെയാണ് നാട്ടിലേക്കു മടങ്ങാനായി എയര്‍ ഇന്ത്യയില്‍ ടിക്കറ്റ് എടുത്തത്. ദുബൈയില്‍ നിന്ന് ഇന്നലെ മൂന്നു മണിക്ക് കോഴിക്കോട്ടേക്കു വരേണ്ട ഫ്ളൈറ്റിലാണ് ഷാദിയ കയറിയത്. 40 കിലോ ലഗേജ് ആണ് എയര്‍ ഇന്ത്യയില്‍ അനുവദിക്കുന്നത്. എന്നാല്‍ 39 കിലോ ലഗേജ് കൈയിലുണ്ടായിരുന്ന ഇവരോട് ഇത് അനുവദിക്കില്ലെന്നും രണ്ടാക്കണമെന്നും അധികൃതര്‍ പറയുകയായിരുന്നു.
ഇതോടെ, കൈയിലുള്ള ചെറിയ ബാഗിലേക്ക് കുറച്ചുസാധനങ്ങള്‍ മാറ്റി 30:9 എന്ന അനുപാതത്തിലായി ലെഗേജ് സജ്ജീകരിച്ചു. ഒമ്പത് കിലോ ഉള്ള ലെഗേജ് ഹാന്‍ഡ്ബാഗ് പോലെ ആയതിനാല്‍ റാപ് (നൈലോണ്‍ പൊതിയുക) ചെയ്താലോ എന്ന് അവരോട് ചോദിച്ചു. അങ്ങനെ അത് റാപ് ചെയ്യാന്‍ കൊടുത്ത ശേഷം 30 കിലോയുള്ള ബാഗ് ടാഗ് ചെയ്തു ലെഗേജിലേക്കു വിട്ടു. തുടര്‍ന്ന് റാപ് ചെയ്ത ഒമ്പതു കിലോയുടെ ബാഗും ടാഗ് ചെയ്തു ലെഗേജിലേക് വിട്ടതായി ഷാനവാസ് പറയുന്നു.

എന്നാല്‍ കോഴിക്കോടെത്തിയ ഭാര്യ ഷാദിയ ഏറെനേരം കാത്തുനിന്നിട്ടും രണ്ടാമത്തെ (ഒമ്പത് കിലോ) ലഗേജ് ലഭിച്ചില്ലെന്നും ഈ സമയം ഇവരോടൊപ്പം വന്ന 40ഓളം പേര്‍ക്കും തങ്ങളുടെ ബാഗുകള്‍ കിട്ടിയില്ലെന്നും ഷാനവാസ് ചൂണ്ടിക്കാട്ടുന്നു. ഇതില്‍ കല്ല്യാണ ആവശ്യങ്ങള്‍ക്കുവരെയുള്ള സാധനങ്ങളും വസ്ത്രങ്ങളും അടങ്ങിയ ബാഗുകളുള്ളവരും ഉണ്ടായിരുന്നു. ഇതുസംബന്ധിച്ച് ഷാദിയ ഉള്‍പ്പെടെയുള്ള എല്ലാവരില്‍നിന്നും പരാതി എഴുതിവാങ്ങിയ എയര്‍ ഇന്ത്യ അധികൃതര്‍ അടുത്തദിവസം തന്നെ ലഗേജ് ലഭിക്കുമെന്നാണ് അറിയിച്ചതെന്നും ഷാനവാസ് നാരദ ന്യൂസിനോടു പറഞ്ഞു. എന്നാല്‍ ഇതുവരെ അവര്‍ വിളിച്ചിട്ടില്ലെന്നും ലഗേജ് ലഭിച്ചിട്ടില്ലെന്നും ഷാനവാസ് വിശദമാക്കി.ലെഗേജുകളില്‍ നിന്നും വെറും ഹാന്‍ഡ് ബാഗ് മാത്രം ലഭിച്ചവരും മൂന്നും നാലും ബാഗുകള്‍ ഉള്ളതില്‍ ഒന്നുപോലും ലഭിക്കാത്തവരും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. മാത്രമല്ല, മൂന്നുമണിക്കു പുറപ്പെടേണ്ട വിമാനം രണ്ടുമണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടതെന്നും ഷാനവാസ് ചൂണ്ടിക്കാട്ടുന്നു.
ഇതുപോലെ മുമ്പ് പലപ്പോഴും പലര്‍ക്കും സംഭവിച്ചതായും അറിഞ്ഞിട്ടുണ്ട്. ഒരാള്‍ക്കു അനുവദിച്ച ലഗേജ് 40 കിലോ ആണെങ്കില്‍ സീറ്റ് ഫുള്‍ ആയാലും മുഴുവന്‍ പേരുടേയും ലഗേജ് കൊണ്ടുപോകാനുള്ള കപ്പാസിറ്റി ആയിരിക്കുമല്ലോ ഫ്ളൈറ്റില്‍ ഉണ്ടാവുക. പിന്നീട് സംഭവിക്കുന്നതതെന്താണ് ? പ്രൈവറ്റ് കാര്‍ഗോയുടെ ലഗേജ് കൊണ്ടുപോകുന്നതാണെന്നൊക്കെ കേള്‍ക്കുന്നുണ്ട്. അങ്ങനെ ഉണ്ടെങ്കില്‍ ശക്തമായി എതിര്‍ക്കപ്പെടേണ്ടതല്ലേ ? പ്രവാസികള്‍ ചോരനീരാക്കി കഷ്ടപ്പെട്ട് എണ്ണിയെണ്ണി കൊടുത്തുവിടുന്ന സാധനങ്ങളൊക്കെ ഇങ്ങനെ ചിലരുടെ അനാസ്ഥമൂലം വൈകിപ്പിക്കുന്നത് വേദനാജനകം ആണ്.

-ഷാനവാസ് ബിന്‍ അലി

അതേസമയം, കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ലഗേജുകള്‍ വാരിവലിച്ചിട്ടിരിക്കുന്ന ദൃശ്യങ്ങളുടെ വിഡിയോയും നാരദ ന്യൂസിനു ലഭിച്ചു. സ്‌റ്റോറേജ് ഫെസിലിറ്റിയില്ലാതെ നിരവധി പേരുടെ ലഗേജുകള്‍ ഒരു ഹാളില്‍ വിവിധയിടങ്ങളിലായി കൂട്ടിയിട്ടിരിക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയില്‍ ഉള്ളത്. ഇതില്‍ പലതും പൊളിഞ്ഞിട്ടുമുണ്ട്. കഴിഞ്ഞ ആഴ്ച ഒരു യാത്രക്കാരന്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും എടുത്ത വീഡിയോ ആണ് ഇത്.

[video width="480" height="848" mp4="http://ml.naradanews.com/wp-content/uploads/2017/02/WhatsApp-Video-2017-02-18-at-12.45.22-PM.mp4"][/video]