ചോദ്യങ്ങൾ ഭയന്ന് മുഖ്യമന്ത്രി മുഖാമുഖം ഒഴിവാക്കി; പങ്കെടുക്കാമെന്ന ഉറപ്പു ലഭിച്ചിരുന്നുവെന്ന് സാഹിത്യോൽസവം സംഘാടകർ

സംവാദത്തെക്കുറിച്ചു തന്നോടു പറഞ്ഞിട്ടില്ലെന്നും സമയം കിട്ടുമ്പോള്‍ ഒരു ദിവസം സാഹിത്യോത്സവ നഗരി സന്ദര്‍ശിക്കാനാണു സംഘാടകന്‍ രവി ഡിസി അറിയിച്ചതെന്നുമാണു പിണറായി പ്രസംഗത്തിനിടെ വ്യക്തമാക്കിയത്. അതേസമയം എഴുത്തുകാരന്‍ എം മുകുന്ദനുമായി മുഖാമുഖത്തിനു മുഖ്യമന്ത്രിയുടെ അനുമതി ആവശ്യപ്പെട്ടപ്പോള്‍ ഉറപ്പു ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആഴ്ച്ചകള്‍ക്ക് മുമ്പു തന്നെ അദേഹത്തിന്റെ പേരു വച്ചു ബ്രോഷര്‍ തയ്യാറാക്കിയതെന്നു സംഘാടകരിലൊരാളായ ജോണ്‍ മാത്തന്‍ നാരദാ ന്യൂസിനോട് പറഞ്ഞു.

ചോദ്യങ്ങൾ ഭയന്ന് മുഖ്യമന്ത്രി മുഖാമുഖം ഒഴിവാക്കി;  പങ്കെടുക്കാമെന്ന ഉറപ്പു ലഭിച്ചിരുന്നുവെന്ന് സാഹിത്യോൽസവം സംഘാടകർ

കോഴിക്കോട് നടക്കുന്ന കേരള സാഹിത്യോത്സവത്തില്‍ എം മുകുന്ദനുമായുള്ള മുഖാമുഖത്തില്‍ നിന്നു മുഖ്യമന്ത്രി അവസാന നിമിഷം പിന്‍മാറിയതു സദസ്സിന്റെയുള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ ഭയന്നെന്നു വിമർശനം. സംവാദത്തെക്കുറിച്ചു തന്നോടു പറഞ്ഞിട്ടില്ലെന്നും സമയം കിട്ടുമ്പോള്‍ ഒരു ദിവസം സാഹിത്യോത്സവ നഗരി സന്ദര്‍ശിക്കാനാണു സംഘാടകന്‍ രവി ഡിസി അറിയിച്ചതെന്നുമാണു പിണറായി പ്രസംഗത്തിനിടെ വ്യക്തമാക്കിയത്. അതേസമയം എഴുത്തുകാരന്‍ എം മുകുന്ദനുമായി മുഖാമുഖത്തിനു മുഖ്യമന്ത്രിയുടെ അനുമതി ആവശ്യപ്പെട്ടപ്പോള്‍ ഉറപ്പു ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദേഹത്തിന്റെ പേരു വച്ച് ആഴ്ചകള്‍ക്കു മുമ്പു തന്നെ  ബ്രോഷര്‍ തയ്യാറാക്കിയതെന്നു സംഘാടകരിലൊരാളായ ജോണ്‍ മാത്തന്‍ നാരദാ ന്യൂസിനോട് പറഞ്ഞു.


രാവിലെ പത്തിനു ഗസ്റ്റ് ഹൗസില്‍ വച്ച് മാധ്യമപ്രവര്‍ത്തകരെ കണ്ടശേഷം 10.25നു ബീച്ചിലെ വേദിയിലെത്താനായിരുന്നു മുഖ്യമന്ത്രിയുടെ പരിപാടി. ഇക്കാര്യം അദേഹത്തിന്റെ പ്രസ് സെക്രട്ടറിയടക്കം സ്ഥിരീകരിച്ചതാണെന്നും സംഘാടകർ വാദിക്കുന്നു.  10.30നായിരുന്നു സംവാദം. മുഖ്യമന്ത്രിയെത്തുന്നതിനു മുമ്പ് ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെ സാഹിത്യോത്സവ നഗരിയിലെ എഴുത്തോല വേദിയില്‍ പരിശോധനയും നടത്തിയിരുന്നു. മുഖ്യമന്ത്രിയുമായുള്ള മുഖാമുഖത്തെക്കുറിച്ചു കൃത്യമായ വിവരങ്ങള്‍  സംഘാടകരില്‍ നിന്നുള്‍പ്പെടെ സ്‌പെഷ്യല്‍ ബ്രാഞ്ച് ശേഖരിക്കുകയുമുണ്ടായി.

ഇതിനിടെ 10.20ന് ഗസ്റ്റ് ഹൗസിലെ വാര്‍ത്താസമ്മേളനം കഴിഞ്ഞതും മുഖ്യമന്ത്രി സാഹിത്യോത്സവ നഗരിയിലെത്താതെ മുന്‍കേന്ദ്രമന്ത്രി കെ പി ഉണ്ണിക്കൃഷ്ണന്റെ വീട്ടിലേക്കു പോവുകയാണുണ്ടായത്. ഇവിടെ അരമണിക്കൂറിലധികം സമയം ചെലവിടുകയും ചെയ്തു. പതിനൊന്നോടെയാണ് അദേഹം വേദിയിലെത്തിയത്. അരമണിക്കൂറോളം പ്രസംഗിച്ചു മടങ്ങുകയും ചെയ്തു. എം മുകുന്ദനുമായുള്ള സംവാദത്തെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയതു തന്നെ. ഈ സമയം പ്രധാന സംഘാടകനായ രവി ഡിസി വേദിയിലുണ്ടായിരുന്നു. കോഴിക്കോട് ജില്ലയില്‍ അഞ്ചു പരിപാടികളാണ് മുഖ്യമന്ത്രിയ്ക്കുണ്ടായിരുന്നത്.

സാധാരണനിലയില്‍ കൃത്യനിഷ്ഠയുടെ കാര്യത്തില്‍ പിണറായി വിജയനു പഴികേള്‍ക്കേണ്ടി വരാറില്ല. പക്ഷേ ഈ പരിപാടിയ്ക്ക് മുക്കാല്‍ മണിക്കൂറോളം താമസിച്ചാണു മുഖ്യമന്ത്രിയെത്തിയത്. എം മുകുന്ദനുമായി സംവാദത്തിലേര്‍പ്പെടുന്നതിനൊപ്പം സദസ്സിന്റെ സംശയങ്ങള്‍ക്കും മറുപടി നല്‍കാനായിരുന്നു മുഖാമുഖംകൊണ്ട് ഉദ്ദേശിച്ചിരുന്നത്. എം മുകുന്ദനില്‍ നിന്നും സദസ്സില്‍ നിന്നുമായി ഹിതകരമല്ലാത്ത ചോദ്യങ്ങള്‍ ഉണ്ടായേക്കുമെന്ന കണക്കുക്കൂട്ടലിലാണ്, സാഹചര്യമുണ്ടായിട്ടും മുഖ്യമന്ത്രി മുഖാമുഖത്തില്‍ നിന്നു പിന്‍മാറിയതെന്നാണ് ആക്ഷേപമുയരുന്നത്.

കോഴിക്കോട് ബീച്ചിലെ നാലു വേദികളിലായാണ് മുഖാമുഖവും സംവാദങ്ങളും നടക്കുന്നത്. രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖരെല്ലാംതന്നെ സംവാദത്തിലേര്‍പ്പെട്ടിരുന്നു. കാനം രാജേന്ദ്രന്‍, എം എ ബേബി, പി എസ് ശ്രീധരന്‍പിള്ള ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും മുഖാമുഖത്തില്‍ പങ്കെടുത്തിരുന്നു.