ഉമര്‍ ഖാലിദിനെ ക്ഷണിച്ചതിനെച്ചൊല്ലി ഡല്‍ഹി രാംജാസ് കോളേജില്‍ സംഘര്‍ഷം; 20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കോളേജില്‍ നടക്കുന്ന 'പ്രതിഷേധത്തിന്റെ സംസ്‌കാരം' എന്ന വിഷയത്തില്‍ സംസാരിക്കാനാണ് ഉമറിനേയും സഹപാഠി ഷെഹ്‌ല റഷീദിനേയും ക്ഷണിച്ചിരുന്നത്.

ഉമര്‍ ഖാലിദിനെ ക്ഷണിച്ചതിനെച്ചൊല്ലി ഡല്‍ഹി രാംജാസ് കോളേജില്‍ സംഘര്‍ഷം; 20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ഡല്‍ഹി ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിനെ കോളേജില്‍ നടക്കുന്ന പരിപാടിയിലേക്ക് ക്ഷണിച്ച തീരുമാനം റദ്ദാക്കിയ ഡല്‍ഹി രാംജാസ് കോളേജിന്റെ നടപടിയുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ 20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. ഉമര്‍ ഖാലിദിനെ കോളേജില്‍ നടക്കുന്ന പരിപാടിയിലേക്ക് ക്ഷണിച്ച തീരുമാനം രാംജാസ് കോളേജ് റദ്ദാക്കിയതാണ് സംഘര്‍ഷത്തിന് വഴിവെച്ചത്.

സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ഉമര്‍ ഖാലിദിനെ ക്ഷണിച്ച ശേഷം തീരുമാനം റദ്ദാക്കിയതിനെതിരെ ഒരു വിഭാഗം അധ്യാപകരും വിദ്യാര്‍ത്ഥികളും രംഗത്തുവന്നതോടെയാണ് സംഘര്‍ഷത്തിന്റെ തുടക്കം.


കോളേജില്‍ നടക്കുന്ന 'പ്രതിഷേധത്തിന്റെ സംസ്‌കാരം' എന്ന വിഷയത്തില്‍ സംസാരിക്കാനാണ് ഉമറിനേയും സഹപാഠി ഷെഹ്‌ല റഷീദിനേയും ക്ഷണിച്ചിരുന്നത്. എന്നാല്‍ എബിവിപിയുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കോളേജധികൃതര്‍ പിന്നീട് തീരുമാനം റദ്ദാക്കുകയായിരുന്നു.

തങ്ങളെ ആക്രമിക്കുമ്പോള്‍ പോലീസ് നോക്കുകുത്തിയായി നില്‍ക്കുകയായിരുന്നെന്ന് ഷെഹ്‌ല പറഞ്ഞു. തങ്ങളെ ഇഷ്ടിക കൊണ്ട് എബിവിബി പ്രവര്‍ത്തകര്‍ ആക്രമിച്ചതായും അവര്‍ പറഞ്ഞു. തങ്ങള്‍ പ്രതിഷേധം നടത്തിയവരെ ആക്രമിച്ചിട്ടില്ലെന്നും രാംജാസ് കോളേജധികൃതരോട് ഉമര്‍ ഖാലിദിന്റെ ക്ഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും എബിവിപി അവകാശപ്പെട്ടു. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ഉമര്‍ ഖാലിദ് ജയിലില്‍ കഴിഞ്ഞിട്ടുണ്ട്.