അഴിമതിയ്ക്കെതിരെ പരാതി പറഞ്ഞതിന് ഉന്നത ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നെന്ന് പരാതി; ഡല്‍ഹിയിലെത്തി കുടുംബത്തോടെ ജീവനൊടുക്കുമെന്ന് സിഐഎസ്എഫ് ജവാന്‍

ഒഡീഷയിലെ ദാമന്‍ജോഡിയില്‍ നാല്‍കോയിലെ സിഐഎസ്എഫ് ജവാനായ ജലീല്‍ മുഹമ്മദും കുടുംബവുമാണ് ആത്മഹത്യാ ഭീഷണിയുമായി രംഗത്തെത്തിയത്. സിഐഎസ്എഫ് കമാന്‍ണ്ടന്റിന്റെ അഴിമതി ചൂണ്ടിക്കാട്ടിയതിന് തന്നെ സേനയില്‍ നിന്ന് പുറത്താക്കിയെന്നും പീഡിപ്പിക്കുകയാണെന്നും ജലീല്‍ മുഹമ്മദ് നാരദാന്യൂസിനോട് പറഞ്ഞു. നേരത്തെ താന്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ജലീലിന്റെ ഫേസ്ബുക്ക് വീഡിയോ വൈറലായിരുന്നു.

അഴിമതിയ്ക്കെതിരെ പരാതി പറഞ്ഞതിന് ഉന്നത ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നെന്ന് പരാതി; ഡല്‍ഹിയിലെത്തി കുടുംബത്തോടെ ജീവനൊടുക്കുമെന്ന് സിഐഎസ്എഫ് ജവാന്‍

തെലങ്കാന സ്വദേശിയായ ജലീല്‍ മുഹമ്മദും കുടുംബവും സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നെന്ന ആരോപണവുമായി രംഗത്തെത്തി. സിഐഎസ്എഫ് സീനിയര്‍ കമാണ്ടന്റന്റ് സുപെനോയ് സോ എന്ന ഉദ്യോഗസ്ഥന്റെ അഴിമതി തുറന്നു പറഞ്ഞതിനാണ് തനിക്കും കുടുംബത്തിനും നീതി നിഷേധിക്കപ്പെട്ടതെന്ന് ജലീല്‍ പറഞ്ഞു. രാജ്യത്തിനു വേണ്ടി ഇരുപത് വര്‍ഷം സേവനം ചെയ്ത തന്റെ പരാതി കേള്‍ക്കാന്‍ ആരുമില്ല. ഒരാഴ്ചയ്ക്കകം താനും ഭാര്യയും രണ്ട് മക്കളും ഡല്‍ഹിയിലെത്തി ആത്മഹത്യ ചെയ്യുമെന്നും ജലീല്‍ പറയുന്നു.


അച്ചടക്കലംഘനവും, മോശം സ്വഭാവവും ആരോപിച്ച് ജലീല്‍ മുഹമ്മദിനെ സിഐഎസ്എഫില്‍ നിന്നും പുറത്താക്കിയിരുന്നു. തിരികെ ജോലിയില്‍ പ്രവേശിക്കുകയല്ല തന്റെ ലക്ഷ്യമെന്നും നീതിയാണ് ആവശ്യപ്പെടുന്നതെന്നും ജലീല്‍ പറയുന്നു. 1997 ല്‍ ജോലിയില്‍ പ്രവേശിച്ച തന്നെ വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ പുറത്താക്കുകയായിരുന്നു. 2013 ജൂലൈയിലാണ് ജലീലിനെതിരെ അച്ചടക്ക ലംഘനത്തിനും മോശം സ്വഭാവത്തിനും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. എന്നാല്‍ മറുപടി നല്‍കേണ്ട ദിവസമെത്തുന്നതിന് മുമ്പു തന്നെ ജലീലിനെ പുറത്താക്കുകയായിരുന്നു.

സിഐഎസ്എഫിലുള്ള ഏതാനും ജവാന്മാരുടെ സഹായത്താല്‍ കമാണ്ടന്റന്റ് വസ്തുക്കള്‍ പുറത്തേയ്ക്ക് കടത്തുന്നുവെന്ന് ജലീല്‍ മുമ്പ് പരാതിപ്പെട്ടിരുന്നു. സഹായിക്കുന്ന ജവാന്മാര്‍ക്ക് പകല്‍ സമയം ഡ്യൂട്ടി നിശ്ചയിച്ചു നല്‍കും. ക്രിസ്ത്യൻ പള്ളി നിർമ്മിക്കാൻ സിമന്റും ഫർണിച്ചറും കടത്തുന്നെന്നാണ് പരാതി.

കമാണ്ടന്റിന്റെ വീട്ടു ജോലിയ്ക്കായി ഇരുപതോളം ജവാന്മാരെ നിയോഗിച്ചിട്ടുണ്ടെന്നും ജലീല്‍ ആരോപിക്കുന്നു. വീട്ടുജോലിയ്ക്കായി തന്നെ നിർബന്ധിച്ചെങ്കിലും തയ്യാറായില്ലെന്ന് ജലീൽ പറഞ്ഞു. രാജ്യത്തിന് വേണ്ടി സേവനം ചെയ്യേണ്ടത് ഇങ്ങനെയാണോ എന്നും ജലീല്‍ ചേദിക്കുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി 2013-ല്‍ അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയ്ക്ക് ജലീല്‍ പരാതി നല്‍കിയിരുന്നു.

തന്നെ പുറത്താക്കിയുള്ള സിഐഎസ്എഫ് ഉത്തരവ് ഒഡീഷ ഹൈക്കോടതി സ്‌റ്റേ ചെയ്തിട്ടും തിരിച്ചെടുക്കാന്‍ തയ്യാറാകുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഫേസ്ബുക്ക് ലൈവിലൂടെ ജലീല്‍ താനും കുടുംബവും നേരിടുന്ന പ്രശ്‌നങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ആയിരക്കണക്കിന് ആളുകള്‍ ജലീലിന് പിന്തുണയുമായെത്തിയിരുന്നു. എന്നാല്‍ താനുന്നയിച്ച പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിയേയോ മറ്റ് മന്ത്രിമാരോ അറിഞ്ഞില്ല. മാധ്യമങ്ങളും അവഗണിക്കുകയായിരുന്നെന്ന് ജലീല്‍ പറഞ്ഞു.

ജോലി ചെയ്തിന്റെ മുഴുവന്‍ രേഖകളും കൈവശമുണ്ട്. ഒരാഴ്ചയ്ക്കകം രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെത്തി രേഖകള്‍ എല്ലാവര്‍ക്കും വിതരണം ചെയ്യും. ഡല്‍ഹിയിലെത്തി താനും കുടുംബവും ആത്മഹത്യ ചെയ്യുമെന്നും ജലീല്‍ ഭീഷണി മുഴക്കി. പതിനൊന്ന് കുറ്റപത്രങ്ങളാണ് തനിക്കെതിരെ ഉള്ളതെന്നും ഇതില്‍ ഒന്നിലെങ്കിലും താന്‍ കുറ്റക്കാരനാണെന്ന് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. തന്റെ വീട്ടിലേക്കുള്ള വൈദ്യുതിയും കുടിവെള്ളവും വിഛേദിച്ചിരിക്കുകയാണ്. ഇളയ മകന് സ്‌കൂളില്‍ പോകാന്‍ ബസ് അനുവദിച്ചു തരുന്നില്ല. ആസ്തമ രോഗിയായ മകന്‍ കിലോമീറ്ററുകള്‍ നടന്നാണ് സ്‌കൂളിലേക്ക് പോകുന്നതെന്നും ജലീല്‍ പറയുന്നു.

അതിര്‍ത്തിയില്‍ പട്ടിണിയാണെന്ന തേജ് ബഹാദൂര്‍ യാദവ് എന്ന് ബിഎസ്എഫ് ജവാന്റെ ഫേസ്ബുക്കിലൂടെയുള്ള പരാതി ഏറെ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. വിരമിക്കല്‍ സമയം കഴിഞ്ഞ് മടങ്ങിയെത്തേണ്ട തേജ് ബഹദൂര്‍ ഇതുവരെ തിരിച്ചെത്തിയിട്ടില്ലെന്നും അറസ്റ്റ് ചെയ്‌തെന്നും ആരോപിച്ച് ജവാന്റെ ഭാര്യ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.

ജലീൽ മുഹമ്മദിന്റെ ഫേസ്ബുക്ക് വീഡിയോ

Read More >>