മതം പറഞ്ഞ് വിവാഹപരസ്യം നൽകുന്നതിനോട് യോജിപ്പില്ലെന്ന് ചിന്ത; മതേതര വിവാഹ സങ്കൽപ്പമാണുള്ളത്; പരസ്യം നൽകിയിട്ടില്ല

സംസ്ഥാന യുവജന കമ്മീഷന്‍ ചെയപേഴ്‌സണും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ചിന്താ ജെറോമിന്റെ പേരില്‍ ചാവറ മാട്രിമോണിയല്‍ സൈറ്റില്‍ വിവാഹപരസ്യം പ്രത്യക്ഷപ്പെട്ടത് നവമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. എന്നാല്‍ അത്തരത്തിൽ വിവാഹപരസ്യം താന്‍ കൊടുത്തിട്ടില്ലെന്ന് ചിന്ത നാരദാന്യൂസിനോട് പറഞ്ഞു.

മതം പറഞ്ഞ് വിവാഹപരസ്യം നൽകുന്നതിനോട് യോജിപ്പില്ലെന്ന് ചിന്ത; മതേതര വിവാഹ സങ്കൽപ്പമാണുള്ളത്; പരസ്യം നൽകിയിട്ടില്ല

ചാവറാ മാട്രിമോണിയലിൽ മതം പറഞ്ഞ് വിവാഹപരസ്യം നൽകിയത് താനല്ലെന്ന് ചിന്താ ജെറോം. അത്തരത്തിൽ വിവാഹ പരസ്യം നൽകുന്നതിനോട് തനിക്ക് യോജിപ്പില്ല. ആരെ വിവാഹം കഴിക്കണമെന്നുള്ളത് നേരത്തെ തീരുമാനിച്ച് തരാനായി ആരെയും ചുതലപ്പെടുത്തിയിട്ടില്ലെന്നും ചിന്താ ജെറോം നാരദാ ന്യൂസിനോട് പറഞ്ഞു.

സംസ്ഥാന യുവജന കമ്മീഷന്‍ ചെയപേഴ്‌സണ്‍ ചിന്താ ജെറോമിന്റെ മതവും വിദ്യാഭ്യാസ യോഗ്യതയും ഉള്‍പ്പെടെ പ്രതിപാദിച്ചുള്ള വിവാഹപരസ്യമാണ് ചാവറ മാട്രിമോണിയലില്‍ പ്രചരിച്ചത്. നവമാധ്യമങ്ങളിലടക്കം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ ചിന്തയുടെ മതം സൂചിപ്പിച്ച് ക്രിസ്ത്യൻ മാട്രിമോണിയൽ സൈറ്റിൽ പരസ്യം വന്നതിനെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു.

ജാതിയും മതവും വിവാഹത്തിൽ കടന്നു വരില്ല. മതേതര വിവാഹ സങ്കൽപ്പമാണ് എനിക്കുള്ളത്. അതിനർത്ഥം ക്രിസ്ത്യാനിയെ മാത്രമേ വിവാഹം കഴിക്കൂ എന്നോ ക്രിസ്ത്യാനിയെ വിവാഹം കഴിക്കില്ല എന്നുമല്ല. വിവാഹം കഴിക്കുന്നതിനുള്ള പ്രയോരിറ്റിയ്ക്കകത്ത് മതമോ ജാതിയോ കണക്കിലെടുക്കില്ല.-ചിന്ത പറഞ്ഞു

ജാതിരഹിത മതേതര സമൂഹം കെട്ടിപ്പടുക്കണമെന്നുള്ള പോരാട്ടത്തിന് അവസാന ശ്വാസം വരെ നില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ് താൻ.  ആരാണ്  പരസ്യം കൊടുത്തതെന്ന്  അറിയില്ലെന്നും അക്കാര്യം പരിശോധിക്കുമെന്നും ചിന്ത ജെറോം വ്യക്തമാക്കി. ഇപ്പോൾ നടക്കുന്ന അപവാദപ്രചരണങ്ങൾ കാലം തെളിയിക്കട്ടെ എന്നും അവർ പറഞ്ഞു.

ആർസിഎൽസി, 28 വയസ്സ്, കൊല്ലം രൂപത, വിദ്യാഭ്യാസ യോഗ്യതകൾ എന്നിവ സൂചിപ്പിച്ചാണ് ചിന്തയുടെ ഫോട്ടോ ഉൾപ്പെടുത്തിയുള്ള വിവാഹപരസ്യം. കത്തോലിക്കാ വിഭാഗങ്ങളിൽ നിന്നുള്ള പ്രൊഫഷണലുകളായ വരനെ തേടുന്നു എന്നും പരസ്യത്തിൽ പറയുന്നു.എസ്എഫ്‌ഐയിലും, ഡിവൈഎഫ്‌ഐയിലും പ്രവർത്തിച്ച ചിന്തയുടെ ഫോട്ടോ ഉള്‍പ്പെടെയുളള പരസ്യത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പരിഹാസവും ട്രോളുകളും പ്രചരിച്ചിരുന്നു. മതതാത്പര്യങ്ങൾ മുൻനിർത്തി ചിന്ത വിവാഹപരസ്യം നൽകിയതിനെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു.

Read More >>