ഇന്ത്യൻ ടെക്കികൾക്ക് വാതിൽ തുറക്കാനൊരുങ്ങി ചൈന

“കഴിഞ്ഞ കുറേ വർഷങ്ങളായി ചൈനയിൽ ടെക്നോളജി തൊഴിലവസരങ്ങളിൽ വൻ കുതിപ്പുണ്ടായിട്ടുണ്ട്. വിദേശങ്ങളിൽ നിന്നുമുള്ള ഗവേഷണങ്ങൾക്കുള്ള പ്രധാനപ്പെട്ട ഇടമായി മാറിയിരിക്കുന്നു ചൈന,” ഗ്ലോബൽ ടൈംസിലെ ഹൂ വെയ്ജിയ എഴുതുന്നു.

ഇന്ത്യൻ ടെക്കികൾക്ക് വാതിൽ തുറക്കാനൊരുങ്ങി ചൈന

ഇന്ത്യയിലെ വിദഗ്ധതൊഴിലാളികളെ ലക്ഷ്യമിട്ട് ചൈന. രാജ്യത്തിനെ ഉല്പാദനമേഖലയിൽ നിന്നും സാങ്കേതികവിദ്യയിലൂന്നിയുള്ള പുതിയ പരീക്ഷണങ്ങൾക്കുള്ള ഇടം ആക്കി മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇന്ത്യാക്കാരായ തൊഴിലാളികളെ ചൈന നോട്ടമിടുന്നത്.

ചൈനയുടെ ഗ്ലോബൽ ടൈംസ് പത്രമാണ് സയൻസ്, ടെക്നോളജി രംഗങ്ങളിലെ വികസനത്തിനായി ഇന്ത്യയിൽ നിന്നുമുള്ള പ്രതിഭകളെ കൊണ്ടുവരണമെന്ന് അഭിപ്രായപ്പെട്ടത്. അമേരിക്കയിലെ വിസ നിയമങ്ങൾ കർശനമാക്കിയതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ വിദഗ്ധതൊഴിലാളികൾക്ക് വമ്പിച്ച അവസരങ്ങൾ കൊണ്ടുവരുന്നതായിരിക്കും പുതിയ തീരുമാനം.

“കഴിഞ്ഞ കുറേ വർഷങ്ങളായി ചൈനയിൽ ടെക്നോളജി തൊഴിലവസരങ്ങളിൽ വൻ കുതിപ്പുണ്ടായിട്ടുണ്ട്. വിദേശങ്ങളിൽ നിന്നുമുള്ള ഗവേഷണങ്ങൾക്കുള്ള പ്രധാനപ്പെട്ട ഇടമായി മാറിയിരിക്കുന്നു ചൈന,” ഗ്ലോബൽ ടൈംസിലെ ഹൂ വെയ്ജിയ എഴുതുന്നു.

ടെക്നോളജി കമ്പനികൾ ചൈനയിൽ നിന്നും ഇന്ത്യയിലേയ്ക്ക് ശ്രദ്ധ മാറ്റുന്നതും ഹൂ നിരീക്ഷിക്കുന്നുണ്ട്. ടെക്നോളജി രംഗത്ത് ഇന്ത്യയിലെ പ്രതിഭകളുടെ ആധിക്യം തന്നെ കാരണം. അമേരിക്കൻ സോഫ്റ്റ് വേർ കമ്പനിയായ സി എ ടെക്നോളജീസ് ചൈനയിലെ 300 പേരടങ്ങുന്ന ഗവേഷണകേന്ദ്രം അടച്ചുപൂട്ടി ഇന്ത്യയിൽ 2000 പേരുള്ള ടീമിന് രൂപം നൽകിയതും പുതിയ വഴികൾ തേടാൻ ചൈനയെ പ്രേരിപ്പിച്ചിട്ടുണ്ടാകും.

ചൈനയിലെ വാണിജ്യരംഗത്ത് ഇന്ത്യാക്കാർ ധാരാളം ഉണ്ടെങ്കിലും ഐറ്റി രംഗത്തുള്ള സാന്നിധ്യം കുറവാണ്.