ചിക്കിങ്‌ ഉടമ എ കെ മന്‍സൂറിന് എട്ടു നിയമവിരുദ്ധ പാസ്‌പോര്‍ട്ടുകൾ; ഉദ്ദേശം ദുരൂഹമെന്ന് റവന്യു ഇന്റലിജന്‍സ്; രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് പൊലീസ്

എട്ട് പാസ്‌പോര്‍ട്ട് കൈവശം വെച്ചതിന് ചിക്കിങ്‌ ഉടമ എ കെ മന്‍സൂറിനെതിരെ വിവിധ ഏജന്‍സികള്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സാധുതയുളള പാസ്‌പോര്‍ട്ട് ഒരേ സമയം ഒന്നിലധികം സൂക്ഷിക്കുന്നത് രാജ്യദ്രോഹക്കുറ്റമായി കണക്കാക്കുമ്പോഴാണ് എട്ട് പാസ്‌പോര്‍ട്ടുകള്‍ ഒരേ സമയം ഉപയോഗിച്ചതായി എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും ഡിആര്‍ഐയും കണ്ടെത്തിയിരിക്കുന്നത്.

ചിക്കിങ്‌ ഉടമ എ കെ മന്‍സൂറിന് എട്ടു നിയമവിരുദ്ധ പാസ്‌പോര്‍ട്ടുകൾ; ഉദ്ദേശം ദുരൂഹമെന്ന് റവന്യു ഇന്റലിജന്‍സ്; രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് പൊലീസ്

നിയമവിരുദ്ധമായ എട്ട് പാസ്പോർട്ടുകൾ ചിക്കിങ്‌ ഗ്രൂപ്പ് ഉടമ എ കെ മന്‍സൂര്‍  കൈവശം വെയ്ക്കുന്നുവെന്നും എട്ടെണ്ണവും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നു സംഘടിപ്പിച്ചതാണെന്നും എമിഗ്രേഷൻ വകുപ്പ് കേരള ഹൈക്കോടതിയിൽ. നിലവിൽ ഇസ്രയേല്‍ സന്ദര്‍ശനം നടത്തുന്നവര്‍ക്ക് മാത്രമാണ് പ്രത്യേക പാസ്‌പോര്‍ട്ട് അനുവദിക്കാറുള്ളത്.

തൃശൂര്‍ പാവറട്ടി സ്വദേശിയായ മന്‍സൂര്‍ പാസ്പോർട്ടിനു കൊച്ചി റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസിനെയാണ് സമീപിക്കേണ്ടതെങ്കിലും,  ദുബായ് കോണ്‍സുലേറ്റ് വഴി വ്യത്യസ്തമായ എട്ട് പാസ്പോർട്ടുകൾ കരസ്ഥമാക്കിയത് ദുരൂഹമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.


ദുബായില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് പോകാനാണ് മന്‍സൂര്‍  ഈ പാസ്‌പോര്‍ട്ടുകൾ ഉപയോഗിക്കുന്നുവെന്നാണ് റവന്യു ഇന്റലിജന്‍സിന്റെ കണ്ടെത്തിൽ. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എമിഗ്രേഷന്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റവന്യു ഇന്റലിജന്‍സ്, പൊലീസ് ക്രൈംബ്രാഞ്ച് എന്നിവരാണ് മൻസൂറിന്റെ പാസ്‌പോര്‍ട്ടുകളെക്കുറിച്ച് അന്വേഷണം നടത്തിയത്.

എട്ട് പാസ്‌പോര്‍ട്ട് കൈവശം വെക്കുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. മന്‍സൂര്‍ നിരവധി പാസ്‌പോര്‍ട്ടുകള്‍ കൈവശം വെക്കുന്നെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവിയ്ക്ക് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്.

[caption id="attachment_80272" align="aligncenter" width="500"] എമിഗ്രേഷൻ ഡിപ്പാർട്ട്മെന്റ് സമർപ്പിച്ച റിപ്പോർട്ടിൽ നിന്ന്[/caption]

നെടുമ്പാശ്ശേരി വിമാനത്താവളം വഴി മന്‍സൂര്‍ നടത്തിയ യാത്രാരേഖകളാണ് എമിഗ്രേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സന്തോഷ് കെ നായര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. മറ്റു വിമാനത്താവളങ്ങള്‍ വഴിയുളള യാത്രകളുടെ രേഖകള്‍ ഡല്‍ഹിയിലെ ബ്യൂറോ ഓഫ് എമിഗ്രേഷന്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ലഭിക്കേണ്ടതുണ്ട്. ഒരേസമയം കൂടുതല്‍ പാസ്‌പോര്‍ട്ട് കൈവശംവെച്ച മന്‍സൂറിന്റെ ഉദ്ദേശം നിഗൂഢമാണെന്ന് സന്തോഷ് കെ നായര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

പരാതിയില്‍ പറഞ്ഞ M 2307433, Z 3315979 എന്നീ പാസ്‌പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയില്‍ 2015ല്‍ ഇസെഡ് സീരീസ് പാസ്‌പോര്‍ട്ട് ലഭിച്ചതിന് ശേഷം, മന്‍സൂര്‍ 'എം' സീരിസ് പാസ്‌പോര്‍ട്ട് ഉപയോഗിച്ച് നെടുമ്പാശേരിയിലേക്കും, പാരീസിലേക്കും , ഹീത്രൂവിലേക്കും ഖത്തറിലേക്കും യാത്ര ചെയ്തതായി കണ്ടെത്തി. ഇതേതുടര്‍ന്ന് ഈ രാജ്യങ്ങളിലെ എമിഗ്രേഷന്‍ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.[caption id="attachment_80275" align="aligncenter" width="583"] പൊലീസ് നൽകിയ റിപ്പോർട്ട്[/caption]

മന്‍സൂര്‍ എന്‍ആര്‍ഐ അല്ലെന്നും, നിരന്തരം യാത്ര ചെയ്യുന്നയാള്‍ മാത്രമാണെന്നും എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍ആര്‍ഐ അല്ലെന്ന് എമിഗ്രേഷന്‍ പറയുന്ന മന്‍സൂറിന് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് എങ്ങനെയാണ് എട്ട് പാസ്‌പോര്‍ട്ട് അനുവദിച്ചതെന്നും അന്വേഷണത്തിന്റെ പരിധിയിലുണ്ടാകും.

മറ്റു രാജ്യങ്ങളില്‍ ഒരേ സമയം എത്ര പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് മനസിലാക്കാന്‍ അതത് രാജ്യങ്ങളിലെ എമിഗ്രേഷന്‍ വിഭാഗത്തിന്റെ സഹകരണം അന്വേഷണ ഏജന്‍സികള്‍ തേടണം. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് എമിഗ്രേഷന്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.

വിവിധ രാജ്യങ്ങളിലെ സന്ദര്‍ശനം കഴിഞ്ഞ് മന്‍സൂര്‍ നേരിട്ട് പലപ്പോഴും ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്ക് വരാറുണ്ട്. അതിനാല്‍ എല്ലാ വിമാനത്താവളങ്ങളും പരിശോധിച്ചാല്‍ ഒരേസമയം എട്ട് പാസ്‌പോര്‍ട്ട് ഉപയോഗിച്ചതായി കാണാമെന്ന്‌ പരാതിക്കാരനായ ആഷിക് മുഹമ്മദ് താജുദ്ദീന്‍ പറയുന്നു.

മന്‍സൂര്‍ രാജ്യം വിട്ടെന്ന നിഗമനത്തിലാണ് പൊലീസ്. മന്‍സൂറിനെതിരെ റോ അടക്കമുള്ള കേന്ദ്ര ഏജന്‍സികളുടെ നേതൃത്വത്തില്‍ തുടര്‍ അന്വേഷണം നടത്താനും സാധ്യതയുണ്ടെന്നാണ് സൂചന. 2002 ല്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് വെടിയുണ്ടയുമായി പിടിയിലായതിനെ തുടര്‍ന്ന് മന്‍സൂറിനെതിരെ കേസുകള്‍ നിലവിലുണ്ട്.

അതേസമയം, തന്റെ കൈവശം 14 പാസ്‌പോര്‍ട്ടുകളുണ്ടെന്നും അതിൽ 13ഉം കാൻസൽഡ് (Cancelled) ആണെന്നും മൻസൂർ നാരദ ന്യൂസിനോടു പ്രതികരിച്ചു. ഒരേ വിലാസത്തിലാണ് എല്ലാ പാസ്‌പോര്‍ട്ടുകളും. എൻആർഐയാണ്. ദുബായിലാണ് താമസിക്കുന്നത്. കളള പാസ്‌പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്യുന്നുവെന്ന് ആരോപിച്ച് തനിക്കെതിരെ  2016ൽ എഫ്ഐആർ ഇട്ടുവെന്നും അദ്ദേഹം പറഞ്ഞു.

പരാതിയിൽ കഴമ്പില്ലെന്നാണ് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച്  കണ്ടെത്തിയത് എന്ന് മൻസൂർ വാദിക്കുന്നു. തനിക്കെതിരെയുളള കേസുകൾക്കു പിന്നിൽ റിപ്പോർട്ടർ ചാനൽ മേധാവി നികേഷ് കുമാറും റിപ്പോർട്ടർ ചാനലിൽ ജോലി ചെയ്യുന്ന ആഷിക് താജുദീൻ എന്നയാളുമാണെന്നും അദ്ദേഹം ആരോപിക്കുന്നു. എല്ലാ പാസ്‌പോര്‍ട്ടുകളും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നുമാണ് നൽകിയിരിക്കുന്നത് എന്നും അദ്ദേഹം പറയുന്നു.

Read More >>