ചെമ്പ്രയിലെ ഈ തടാകം ഇപ്പോള്‍ കണ്ടാല്‍ ഹൃദയം പറിഞ്ഞുപോകും; കാട്ടുതീ താണ്ഡവമാടിയ മലമുകളിലെ കാഴ്ച്ചകള്‍

മലമുകളില്‍ പച്ചപ്പാര്‍ന്ന പുല്‍മേടുകളെല്ലാം കത്തിച്ചാമ്പലായപ്പോള്‍ ഹൃദയതടാകത്തിന്റെ ഒരു പ്രേതമാണിപ്പോള്‍ അവശേഷിക്കുന്നതെന്ന് തോന്നും. അത്രത്തോളം ഹൃദയഭേദകമാണിവിടുത്തെ കാഴ്ച്ച. വയനാട്ടില്‍ മറ്റിടങ്ങളിലെ അപൂര്‍വമാമായിമാത്രം കാണപ്പെടുന്ന പുല്‍മേടുകളുടെ കേദാരമാണ് പശ്ചിമഘട്ടത്തിലെ സുപ്രധാന ജൈവവൈവിധ്യങ്ങളുടെ കലവറയായ ചെമ്പ്രമല

ചെമ്പ്രയിലെ ഈ തടാകം ഇപ്പോള്‍ കണ്ടാല്‍ ഹൃദയം പറിഞ്ഞുപോകും; കാട്ടുതീ താണ്ഡവമാടിയ മലമുകളിലെ കാഴ്ച്ചകള്‍

സമുദ്രനിരപ്പില്‍ നിന്ന് 1800-2000 മീറ്റര്‍ ഉയരത്തിലാണ് ചെമ്പ്രമല സ്ഥിതി ചെയ്യുന്നത്. വയനാട്ടിലെ ബാണാസുര മലകഴിഞ്ഞാല്‍ ഏറ്റവും ജൈവസമ്പന്നമായ ഇടം. ഹെക്ടര്‍ക്കണക്കിന് വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന പുല്‍മേടുകളും ചോലവനങ്ങളുംകൊണ്ട് സമ്പന്നമായ ഇടം. അപൂര്‍വ സസ്യജാലങ്ങളടങ്ങിയ ജൈവവവൈവിധ്യങ്ങളുടെ പറുദീസ. ചെമ്പ്രമലയ്ക്ക് ഒത്ത നടുവിലായാണ് ഹൃദയ തടാകത്തിന്റെ സ്ഥാനം. സന്ദര്‍ശകരുടെ മനംകുളിര്‍പ്പിക്കുന്ന കാഴ്ച്ച. ഹൃദയത്തില്‍ ഘടനയില്‍ വരച്ചുവച്ചപോലെയുള്ള തടാകത്തില്‍ പളുങ്കുമണികള്‍പോലെ ജലാശയം. പച്ചപ്പാര്‍ന്ന കുന്നിന്റെ മധ്യത്തിലുള്ള ഹൃദയതടാകം കാണാന്‍ എല്ലാകാലങ്ങളിലും സന്ദര്‍ശകരുടെ ബാഹുല്യമുണ്ട്. ചെമ്പ്രയിലെ വാച്ച് ടവര്‍ വരെ വാഹനങ്ങള്‍ പോകും. അവിടെ നിന്ന് ഒന്നരകിലോമീറ്റര്‍ ചെങ്കുത്തായ മലകയറിയാലാണ് ഹൃദയതടാകത്തിന് അടുത്തെത്താനാവുകയുള്ളു.
കാട്ടുതീയ്ക്ക് മുമ്പുള്ള ഹൃദയ തടാകത്തിലെ കാഴ്ച്ച

കഴിഞ്ഞദിവസങ്ങളില്‍ വയനാടന്‍കാടുകളെ ആഞ്ഞുപുല്‍കിയ കാട്ടുതീയില്‍ ചെമ്പ്രമലയും അഗ്നിയോട് പടവെട്ടാനാകാതെ കത്തിച്ചാമ്പലായി. വനംവകുപ്പിന്റെ കണക്കനുസരിച്ച് 100 ഹെക്ടര്‍ പുല്‍മേടുകള്‍ മാത്രം കത്തിച്ചാമ്പലായി. മലമുകളില്‍ പച്ചപ്പാര്‍ന്ന പുല്‍മേടുകളെല്ലാം കത്തിച്ചാമ്പലായപ്പോള്‍ ഹൃദയതടാകത്തിന്റെ ഒരു പ്രേതമാണിപ്പോള്‍ അവശേഷിക്കുന്നതെന്ന് തോന്നും. അത്രത്തോളം ഹൃദയഭേദകമാണിവിടുത്തെ കാഴ്ച്ച. വയനാട്ടില്‍ മറ്റിടങ്ങളിലെ
അപൂര്‍വമായി മാത്രം കാണപ്പെടുന്ന പുല്‍മേടുകളുടെ കേദാരമാണ് പശ്ചിമഘട്ടത്തിലെ സുപ്രധാന ജൈവവൈവിധ്യങ്ങളുടെ കലവറയായ ചെമ്പ്രമല.

ഈ പുല്‍മേടിനുള്ളില്‍ ആയിരക്കണക്കിന് ചെറുസസ്യങ്ങളുമുണ്ട്. കടുത്തവേനലിലും ജലത്തെ സംരക്ഷിച്ചു തടാകത്തില്‍ നിലനിര്‍ത്തുന്നത് ഈ പുല്‍മേടുകളാണ്. ലോകത്തില്‍ത്തന്നെ അപൂര്‍വമായി കാണപ്പെടുന്ന സെറോപിജിയ മനോഹരി മുതലുള്ള സസ്യജാലങ്ങളുടെ കലവറയാണ് ചെമ്പ്ര. ഇന്ത്യയില്‍ കാണപ്പെടുന്ന നാല്‍പത്ത് ഇനം കുറിഞ്ഞികളില്‍ പത്തില്‍പ്പരം ഇവിടെയാണുള്ളത്. പുല്‍മേടുകളില്‍ കാണപ്പെടുന്ന ഗ്രൗണ്ട് ഓര്‍ക്കിഡുകളുടെ കേദാരമെന്നാണ് ഇവിടം അറിയപ്പെടുന്നതെന്ന് ചെമ്പ്രയെക്കുറിച്ച് നിരവധി പഠനങ്ങള്‍ നടത്തിയിട്ടുള്ള പരിസ്ഥിതി പ്രവര്‍ത്തകനായ സലിം പിച്ചന്‍ നാരദാ ന്യൂസിനോട് പറഞ്ഞു. ഏറ്റവും വലിയ ഗ്രൗണ്ട് ഓര്‍ക്കിഡ് ഇവിടെ കാണപ്പെടുന്നുണ്ട്. ബാണാസ്റ്റ് ലാഫിംഗ് ട്രഷ് എന്ന പക്ഷിവര്‍ഗത്തെ രാജ്യത്ത് തന്നെ ആദ്യമായി കണ്ടെത്തിയത് ഇവിടെയാണ്. ചെമ്പ്ര കൂടാതെ ബാണാസുര, ബ്രഹ്മഗിരി മലമുകളിലും പുതിയ സ്പീഷിസില്‍ വരുന്ന പക്ഷിയെ കണ്ടെത്തിയിരുന്നു.ലക്കിടി കഴിഞ്ഞാല്‍ ഏറ്റവും കുളിരാര്‍ന്ന കാലാവസ്ഥയാണ് ചെമ്പ്രയുടെ മുകളില്‍. സദാ മഞ്ഞുപെയ്തുകൊണ്ടിരിക്കുന്ന ഇവിടെ അപൂര്‍വമായി നൂല്‍മഴയും ലഭിക്കാറുണ്ട്. സാഹസിക സഞ്ചാരികള്‍ എരുമക്കൊല്ലിയില്‍ നിന്ന് അഞ്ച് കിലോമീറ്ററോളം കാല്‍നടയായാണ് മുമ്പ് ചെമ്പ്രമല കയറിയിരുന്നത്. 2008ഓടെയാണ് പ്രദേശവാസികളെ സംഘടിപ്പിച്ചുകൊണ്ട് വനംവകുപ്പ് വനസംരക്ഷണസമിതികള്‍ ഉണ്ടാക്കിയത്. അതിന് ശേഷമാണ് വനസംരക്ഷണസമിതികളുടെ മേല്‍നോട്ടത്തില്‍ ചെമ്പ്രയിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചത്. കത്തിയമര്‍ന്ന ചെമ്പ്രമല പൂര്‍വാവസ്ഥയിലെത്താന്‍ ഇനിയെത്ര കാത്തിരിക്കേണ്ടിവരുമെന്നറിയില്ല.