യുപി നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം രാജ്യത്ത് മുത്തലാഖ് നിരോധിക്കുമെന്നു കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്

സര്‍ക്കാര്‍ മതവിശ്വാസങ്ങളെ ബഹുമാനിക്കുന്നുവെന്നും എന്നാല്‍ അതിന്റെ പേരില്‍ അനാചാരങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.

യുപി നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം രാജ്യത്ത് മുത്തലാഖ് നിരോധിക്കുമെന്നു കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്

രാജ്യത്ത് മുത്തലാഖ് നിരോധിക്കാനുളള നീക്കങ്ങള്‍ ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ശക്തിപ്പെടുത്തുമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. രാജ്യത്ത് സ്ത്രീകളെ ബഹുമാനിക്കുന്ന ഏക രാഷ്ട്രീയപാര്‍ട്ടി ബിജെപിയാണെന്നും അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും മന്ത്രി വ്യക്തമാക്കി.

മുത്തലാക്ക് നിരോധിക്കുന്ന വിഷയത്തില്‍ ഉത്തര്‍പ്രദേശിലെ പ്രബല കക്ഷികളായ സമാജ്വാദി, കോണ്‍ഗ്രസ്, ബിഎസ്പി എന്നീ പാര്‍ട്ടികളുടെ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. ഗാസിയാബാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തിയത്. സര്‍ക്കാര്‍ മതവിശ്വാസങ്ങളെ ബഹുമാനിക്കുന്നുവെന്നും എന്നാല്‍ അതിന്റെ പേരില്‍ അനാചാരങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.


'രാജ്യത്തു മറ്റേതു പാര്‍ട്ടിയേക്കാലും സ്ത്രീകളെ ബിജെപി ബഹുമാനികകുന്നുണ്ട്. മറ്റ് പാര്‍ട്ടികളില്‍നിന്നും സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന പദവിയോ ബഹുമാനമോ ലഭിക്കുന്നില്ല. മുത്തലാഖ് പോലെയുളള ദുരാചാരങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ബാധ്യതയുണ്ട്. സുപ്രീംകോടതിയെ സര്‍ക്കാര്‍ നിലപാട് അറിയിക്കും. സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യംചെയ്യുന്ന മുത്തലാഖ് മതവിശ്വാസവുമായി ബന്ധപ്പെട്ടതല്ല'- മന്ത്രി പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ അധികാരത്തിലിരിക്കുന്ന സമാജ്‌വാദി പാര്‍ട്ടിയും ബിഎസ്പിയുമൊക്കെ ജാതിരാഷ്ട്രീയത്തിന് പുറമെ സ്ത്രീകളുടെ വിഷയങ്ങള്‍ ഉയര്‍ത്തി കാണിക്കാന്‍ തയ്യാറാകണമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.