'ലിപ്സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ഖ'യ്ക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതിയില്ല

ഒരു പ്രത്യേക സമുദായത്തെ ആക്ഷേപിക്കുന്ന ഉള്ളടക്കവും ഉണ്ടെന്നു വിവരിച്ചു, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ചൂണ്ടികാട്ടിയാണ് സെന്‍സര്‍ ബോര്‍ഡ് സിനിമ സര്‍ട്ടിഫൈ ചെയ്യാതെ മടക്കിയത്.

കൊങ്കണ സെന്‍ശര്‍മ്മ നായികയാകുന്ന ‘ലിപ്സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ഖ’ എന്ന സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചു.

സ്ത്രീകളുടെ കഥ പറയുന്ന ഈ സിനിമയില്‍ മോശം ഡയലോഗുകളും ലൈംഗീകചുവയുള്ള സംഭാഷണങ്ങളും ഒപ്പം ഒരു പ്രത്യേക സമുദായത്തെ ആക്ഷേപിക്കുന്ന ഉള്ളടക്കവും ഉണ്ടെന്നു വിവരിച്ചു, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ചൂണ്ടികാട്ടിയാണ് സെന്‍സര്‍ ബോര്‍ഡ് സിനിമ സര്‍ട്ടിഫൈ ചെയ്യാതെ മടക്കിയത്.

സെന്‍സര്‍ ബോര്‍ഡിന്റെ ഈ നടപടി സ്ത്രീകളുടെ അവകാശത്തിനു മേലുള്ള കടന്നുകയറ്റമാണെന്നായിരുന്നു സിനിമയുടെ സംവിധായിക അലന്കൃത ശ്രീവാസ്തവയുടെ പ്രതികരണം. സിനിമയുടെ പ്രദര്‍ശനത്തിനായി താന്‍ ഏതറ്റം വരെയും പോകുമെന്നും ഇവര്‍ അറിയിച്ചു.


എന്റെ സിനിമയുടെ പ്രദര്‍ശനാനുമതി നിഷേധിച്ചത് വഴി സ്ത്രീകളുടെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ സെന്‍സര്‍ ബോര്‍ഡ് നിഷേധിച്ചിരിക്കുകയാണ്. നായകന് പ്രാധാന്യം നല്‍ക്കുന്ന സിനിമകളാണ് പൊതുവേ അംഗീകാരം നേടുന്നത്. സ്ത്രീകളുടെ ജീവിതം ആവിഷ്ക്കരിക്കുമ്പോള്‍ എപ്പോഴും പല പ്രതിസന്ധികളും ഉണ്ടാകുന്നു. പുരുഷമേധാവിത്യം ചോദ്യം ചെയ്യുന്ന ‘ലിപ്സ്റ്റിക്ക് അണ്ടര്‍ ബുര്‍ഖ’യുടെ കാര്യത്തിലും ഇതാണ് സംഭവിച്ചത്. കാരണം ഇതൊരു സ്ത്രീപക്ഷ സിനിമയാണ്. സ്ത്രീകള്‍ക്ക് ആവിഷ്ക്കാരസ്വാതന്ത്ര്യം ഇല്ലേ? സംവിധായിക ചോദിക്കുന്നു.


തന്റെ ചിത്രം പ്രേക്ഷകരുടെ മുന്നില്‍ എത്തിക്കും വരെ പോരാട്ടം തുടരുമെന്നും അലംകൃത പറഞ്ഞു. ലിംഗസമത്വ സന്ദേശം നല്‍കുന്ന മികച്ച ചിത്രമായി ലിപ്സ്റ്റിക്ക് അണ്ടര്‍ ബുര്‍ഖ മുംബൈ ഫിലിം ഫെസ്റ്റിവലില്‍ ഒക്സ്ഫാം പുരസ്ക്കാരം നേടിയിരുന്നു. ടോക്യോ അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലില്‍ ഈ ചിത്രം സ്പിരിറ്റ്‌ ഓഫ് ഏഷ്യ പുരസ്ക്കാരവും നേടിയിരുന്നു.