നടിയെ ആക്രമിച്ച കേസ്; സംഭവത്തിന് ശേഷം കൊച്ചിയില്‍ പള്‍സര്‍ സുനി കണ്ടത് ആസൂത്രകനെയോ? നിര്‍ണായക തെളിവായി സിസിടിവി ദൃശ്യങ്ങള്‍

നടിയെ ആക്രമിച്ച ശേഷം രക്ഷപ്പെടും മുമ്പ് കൊച്ചിയില്‍ ഒരാളുമായി പള്‍സര്‍ സുനി കൂടിക്കാഴ്ചയ്ക്ക് എത്തിയതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മറ്റ് പ്രതികളായ വിജീഷിനേയും മണികണ്ഠനേയും മാറ്റി നിര്‍ത്തിയായിരുന്നു ഈ കൂടിക്കാഴ്ച.

നടിയെ ആക്രമിച്ച കേസ്; സംഭവത്തിന് ശേഷം കൊച്ചിയില്‍ പള്‍സര്‍ സുനി കണ്ടത് ആസൂത്രകനെയോ? നിര്‍ണായക തെളിവായി സിസിടിവി ദൃശ്യങ്ങള്‍

നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ നിര്‍ണായക തെളിവായി സിസിടിവി ദൃശ്യങ്ങള്‍. നടിയെ ആക്രമിച്ച ശേഷം രക്ഷപ്പെടും മുമ്പ് കൊച്ചിയില്‍ ഒരാളുമായി പള്‍സര്‍ സുനി കൂടിക്കാഴ്ചയ്ക്ക് എത്തിയതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ദൃശ്യങ്ങളിലുള്ളത് സുനി ആണെന്ന് പൊലീസ് സ്ഥരീകരിച്ചിട്ടുണ്ട്. ആരെയാണ് സുനി കണ്ടതെന്ന അന്വേഷണമാണ് പൊലീസ് ഇപ്പോള്‍ നടത്തുന്നത്. പള്‍സര്‍ സുനിയ്ക്ക് പിന്നില്‍ സൂത്രധാരനുണ്ടെന്ന സംശയം ദൃശ്യങ്ങള്‍ പുറത്ത് വന്നതിലൂടെ ബലപ്പെടുകയാണ്.


മനോരമന്യൂസാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. രാത്രി 12 മണിക്ക് ശേഷം പെട്ടി ഓട്ടോറിക്ഷയിലാണ് സുനിയും മണികണ്ഠനും വിജീഷും ഇവിടേയ്ക്ക് എത്തിയത്. റോഡരികില്‍ വാഹനം നിര്‍ത്തി ചെരുപ്പ് അഴിച്ചതിന് ശേഷമാണ് മതില്‍ ചാടിക്കടന്ന് അപ്പുറത്ത് കടന്ന് ഒരാളുമായി സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വിജീഷിനേയും മണികണ്ഠനേയും മാറ്റി നിര്‍ത്തിയ ശേഷമായിരുന്നു ഇരുപത് മിനിട്ടോളം നീണ്ടുനിന്ന ഈ കൂടിക്കാഴ്ച.

വീഡിയോ-സംഭവത്തിന് ശേഷം വാഹനം നിര്‍ത്തി സുനി ഓരോ ഒരാളുമായി സംസാരിച്ചിരുന്നു എന്ന മൊഴി മണികണ്ഠന്‍ പൊലീസിന് നല്‍കിയിരുന്നു. വാഹനത്തിലേക്ക് തിരികെയെത്തിയ സുനിയോട് ആരെയാണ് കണ്ടതെന്ന് ചോദിച്ചെങ്കിലും ഒന്നും പറയാന്‍ തയ്യാറായില്ലെന്നും മണികണ്ഠന്‍ മൊഴി നല്‍കിയിട്ടുണ്ട്.

കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സുനി അമ്പലപ്പുഴയിലേക്ക് പോയത്. അതേ സമയം കൊച്ചിയില്‍ ആക്രമിച്ചത് ഒരു സ്ത്രീയുടെ ക്വട്ടേഷന്‍ ആണെന്ന് അറസ്റ്റിലായ മണികണ്ഠന്‍ പൊലീസിനോട് പറഞ്ഞിരുന്നു. നടിയുടെ മൊഴിയിലും സമാനമായ പരാമര്‍ശമുണ്ടെങ്കിലും പൊലീസ് ഇക്കാര്യം മുഖവിലയ്‌ക്കെടുത്തിട്ടില്ലെന്നാണ് സൂചന. നടിയെ തെറ്റിദ്ദരിപ്പിക്കാനാണ് സ്ത്രീയുടെ ക്വട്ടേഷനാണെന്നു സുനി ആവർത്തിച്ചതെന്നാണ് പൊലീസ് കരുതുന്നത്.

Read More >>