ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പ്; മത്സരാർത്ഥികളിൽ ക്രിമിനൽ കേസ് പ്രതികളും

കേസുകളുടെ കാര്യം പരിശോധിച്ചാൽ ബിജെപി മുന്നിൽ നിൽക്കും, 73 സ്ഥാനാർഥികളിൽ 29 പേരും ക്രിമിനൽ കേസിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്.

ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പ്; മത്സരാർത്ഥികളിൽ ക്രിമിനൽ കേസ് പ്രതികളും

ഉത്തർ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്ന സ്ഥാനാർഥികളുടെ സ്വത്തുവിവരങ്ങളും ക്രിമിനൽ പശ്ചാത്തലവും വെളിപ്പെടുത്തുന്ന റിപ്പോർട്ട് പുറത്ത്. ഉത്തർ പ്രദേശ് ഇലക്ഷൻ വാച്ച് ആന്റ് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റീഫോംസ് ആണു റിപ്പോർട്ട് തയ്യാറാക്കിയതു. 839 സ്ഥാനാർഥികളിൽ 836 പേരുടെ സ്വത്തുവിവരങ്ങൾ പരിശോധിച്ചു.

നില പരുങ്ങലിലായതു ഒരു കോടിയിലധികം സ്വത്തുണ്ടെന്നു സത്യവാങ്മൂലം നൽകിയ 302 സ്ഥാനാർഥികളുടേതാണു. മൊത്തം സ്ഥാനാർഥികളിൽ 36 ശതമാനമാണു ഇവർ. 836 സ്ഥാനാർഥികളുടെ ശരാശരി സ്വത്ത് 2.81 കോടി രൂപയാണെന്നും റിപ്പോർട്ട് പറയുന്നു.


ഇവരിൽ ഏറ്റവും ധനവാന്മാർ കോൺഗ്രസ്സിലെ നസീർ അഹമ്മദ് (211 കോടി), ബിജെപി യുടെ സതീഷ് കുമാർ ശർമ (114 കോടി), ബിജെപിയുടെ തന്നെ റാണി പക്ഷാലിക സിംഹ് (58 കോടി) എന്നിവരാണ്.

ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർഥികളുടെ പട്ടികയും മോശമല്ല. 42 പേർ കൊലപാതകശ്രമത്തിനു കേസുള്ളവരാണു, സ്ത്രീകൾക്കെതിരേയുള്ള അക്രമങ്ങളിൽ അഞ്ചു പേർക്കെതിരെ കേസുണ്ട്. രണ്ടു പേർ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ചോദിച്ച കേസിലെ പ്രതികളാണ്.

കേസുകളുടെ കാര്യം പരിശോധിച്ചാൽ ബിജെപി മുന്നിൽ നിൽക്കും, 73 സ്ഥാനാർഥികളിൽ 29 പേരും ക്രിമിനൽ കേസിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്. മായാവതിയുടെ ബി എസ് പിയ്ക്കു 73 ഇൽ 28 ക്രിമിനൽ സ്കോർ ഉണ്ട്. ആർ എൽ ഡിയിൽ 57 ഇൽ 19, സമാജ് വാദിയിൽ 51 ഇൽ 15, കോൺഗ്രസ്സിൽ 24 ഇൽ 6, 293 സ്വതന്ത്രന്മാരിൽ 38 ക്രിമിനലുകൾ എന്നിങ്ങനെയാണു കണക്കുകൾ.