അതിര്‍ത്തിയില്‍ പട്ടിണിയാണെന്ന് വെളിപ്പെടുത്തിയ ജവാന്‍ അറസ്റ്റിലെന്ന് ഭാര്യ; ജവാന്റെ സ്വയം വിരമിക്കല്‍ ബിഎസ്എഫ് റദ്ദാക്കി

അതിര്‍ത്തിയില്‍ ജവാന്മാര്‍ക്ക് മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്ന് ബിഎസ്എഫ് ജവാന്‍ തേജ് ബഹദൂറിന്റെ വെളിപ്പെടുത്തല്‍ ഏറെ വിവാദമായിരുന്നു. അന്വേഷണം നടക്കുന്നതിനാല്‍ തേജ് ബഹദൂറിന്റെ സ്വയം വിരമിക്കല്‍ റദ്ദാക്കിയതായി ബിഎസ്എഫ് അറിയിച്ചു

അതിര്‍ത്തിയില്‍ പട്ടിണിയാണെന്ന് വെളിപ്പെടുത്തിയ ജവാന്‍ അറസ്റ്റിലെന്ന് ഭാര്യ; ജവാന്റെ സ്വയം വിരമിക്കല്‍ ബിഎസ്എഫ് റദ്ദാക്കി

അതിര്‍ത്തിയിലെ ജവാന്മാര്‍ പട്ടിണിയിലാണെന്ന് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയ ജവാന്‍ അറസ്റ്റിലെന്ന് ആരോപണം. ബിഎസ്എഫ് ജവാന്‍ തേജ് ബഹദൂറിന്റെ ഭാര്യ ഷര്‍മ്മിളയാണ് ഭര്‍ത്താവ് അറസ്റ്റിലാണെന്ന ആരോപണവുമായി രംഗത്തെത്തിയത്. മറ്റൊരാളുടെ ഫോണില്‍ നിന്ന് വിളിച്ച തേജ് ബഹദൂര്‍, താന്‍ അറസ്റ്റിലാണെന്നും മാനസികമായി പീഡിപ്പിക്കുകയാണെന്നും പറഞ്ഞതായി ഷര്‍മ്മിള വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യം ബിഎസ്എഫ് നിഷേധിച്ചു.

അതിനിടെ തേജ്ബഹദൂറിന്റെ സ്വയം വിരമിക്കല്‍ അപേക്ഷ ബിഎസ്എഫ് റദ്ദാക്കി. അപേക്ഷ കഴിഞ്ഞ വര്‍ഷം ബിഎസ്എഫ് അംഗീകരിച്ചിരുന്നു. എന്നാല്‍ ജനുവരി 31ന് വിരമിക്കേണ്ട തേജ് ബഹദൂര്‍ ഇതുവരെ വീട്ടിലെത്തിയിട്ടില്ല. തേജ് ബഹദൂറിനെതിരെ അന്വേഷണം തുടരുന്നതിനാലാണ് വിആര്‍എസ് റദ്ദാക്കിയതെന്ന് ബിഎസ്എഫ് അറിയിച്ചു. വിആര്‍എസ് റദ്ദാക്കിയ കാര്യം ജനുവരി മുപ്പതിന് തേജ് ബഹദൂറിനെ അറിയിച്ചിരുന്നെന്ന് ബിഎസ്എഫ് വ്യക്തമാക്കുന്നു.


കഴിഞ്ഞ മാസം ആദ്യമാണ് അതിര്‍ത്തിയിലെ ദുരിതങ്ങള്‍ വെളിപ്പെടുത്തി തേജ് ബഹദൂര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ജവാന്മാര്‍ക്ക് ലഭിക്കുന്ന ഭക്ഷണം ഗുണമേന്മ ഇല്ലാത്തതാണെന്ന് തേജ് ബഹദൂര്‍ ദൃശ്യങ്ങള്‍ സഹിതമാണ് വെളിപ്പെടുത്തിയത്. ജവാന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി മാറി.

സേനയ്‌ക്കെതിരെ ഏറെ വിവാദങ്ങള്‍ ഉയര്‍ന്നതോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ബിഎസ്എഫും അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. സംഭവത്തിന് ശേഷം സേനാ വിഭാഗങ്ങള്‍ക്കെതിരെ സമാനമായ പരാതികളുമായി കൂടുതല്‍ ജവാന്മാര്‍ രംഗത്തെത്തുകയായിരുന്നു.

Read More >>