'നൗഷാരയുടെ സിംഹം' ബ്രിഗേഡിയര്‍ ഉസ്മാന്‍ പാകിസ്ഥാനിലേക്ക് പോയില്ല; ജിന്ന വാഗ്ദാനങ്ങള്‍ നല്‍കിയിട്ടു പോലും!

'ത്ധാങ്കറിന്റെ രക്ഷകന്‍' എന്നു ബ്രിഗേഡിയര്‍ മുഹമ്മദ് ഉസ്മാന്‍ അറിയപ്പെടുന്നു. പാകിസ്ഥാനിലേക്ക് പോകാതെയിരുന്ന ഒരു ജവാനാണ് തങ്ങളുടെ നാടിന് സംരക്ഷണമൊരുക്കിയത് എന്നും ഈ ജനത തിരിച്ചറിഞ്ഞിരുന്നു.

"നിങ്ങള്‍ പാകിസ്ഥാനിലേക്ക് വരൂ, നിങ്ങളെ ആര്‍മിയുടെ തലവനാക്കാം" പ്രൊമോഷൻ ലിസ്റ്റ് മറികടന്നു പാകിസ്ഥാൻ ആർമിയുടെ മേധാവി ആക്കാമെന്ന ജിന്നയുടെ വാക്കുകള്‍ ബ്രിഗേഡിയര്‍ മുഹമ്മദ് ഉസ്മാന് (പരമ വീര ചക്ര) പ്രലോഭനം നല്‍കിയില്ല എന്ന് മാത്രമല്ല, അതേ പാകിസ്ഥാനോട് ഇന്ത്യയ്ക്ക് വേണ്ടി കാശ്മീരിനായി പൊരുതാനാണ് ഇദ്ദേഹം തീരുമാനിച്ചത്.

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി നിലക്കൊള്ളുകയും അവയെ മരണം വരെ സംരക്ഷിക്കുകയും ചെയ്ത പല നായകന്മാരുടെയും കഥ കൂടിയാണ് ഇന്ത്യയുടെ ചരിത്രം. 1947-48ല്‍ ജമ്മുകാശ്മീരില്‍ നടന്ന ഇന്‍ഡോ-പാക്‌ യുദ്ധത്തിലാണ് ബ്രിഗേഡിയര്‍ മുഹമ്മദ് ഉസ്മാന്‍ കൊല്ലപ്പെടുന്നത്.


'നൗഷാരയുടെ സിംഹം' എന്ന് പില്‍ക്കാലത്ത് അറിയപ്പെട്ട ഇദ്ദേഹത്തിന്റെ തലയ്ക്ക് പാകിസ്ഥാന്‍, അക്കാലത്ത് ഭീമമായ ഒരു തുകയായ അമ്പതിനായിരം രൂപ വിലയിട്ടിരുന്നു എന്നറിയുമ്പോഴാണ് ആ ത്യാഗത്തിന്റെ കാഠിന്യം മനസിലാകുന്നത്.

1947ലെ ജമ്മുവിലെ നൗഷാര ത്ധാങ്കര്‍ മേഖലകളിലെ യുദ്ധമുന്നണിയിലേക്ക് നിയമിക്കപ്പെട്ട ഉസ്മാന്‍ കശ്മീരില്‍ നിന്ന് പാക് സൈന്യത്തെ തുരത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. ജൂലൈ 3, 1948ന് ത്ധാങ്കറില്‍ വച്ചു അദ്ദേഹം വീരമൃത്യു വരിച്ചു.

സന്ധ്യക്കുള്ള പതിവ് പ്രാര്‍ത്ഥനയ്ക്കു ശേഷം തന്റെ കീഴുദ്യോഗസ്തരുമായി ചര്‍ച്ച നടത്തുമ്പോള്‍ തൊട്ടടുത്തുള്ള കമാന്‍ഡ് പോസ്റ്റില്‍ സ്ഫോടനം ഉണ്ടാകുന്നത്. പോരാട്ടത്തിനു തയ്യാറെടുക്കാന്‍ സൈനീകര്‍ക്ക് നിര്‍ദ്ദേശം നല്‍കി ബ്രിഗേഡിയര്‍ ഉസ്മാന്‍ ക്യാമ്പിനു പുറത്തിറങ്ങുകയും ശത്രുക്കളുമായി ഏറ്റുമുട്ടല്‍ ആരംഭിക്കുകയും ചെയ്തപ്പോഴാണ് തുടര്‍ന്നുണ്ടായ ബോംബാക്രമണത്തില്‍ ഇദ്ദേഹം കൊല്ലപ്പെടുന്നത്.
"ഞാന്‍ കൊല്ലപ്പെട്ടെക്കാം, എന്നാല്‍ നമ്മള്‍ പോരാടുന്ന ഭൂമി ഒരിക്കലും ശത്രുവിന് ലഭിക്കരുത്

എന്ന ധീരവാക്കുകള്‍ തന്റെ ബറ്റാലിയനിന് പകര്‍ന്നു നല്‍കിയിട്ടാണ് ഇദ്ദേഹം വിടവാങ്ങിയത്. തന്റെ 36മത് പിറന്നാളിന് കേവലം 12 ദിവസങ്ങള്‍ ശേഷിക്കുമ്പോഴേക്കും ആ ജീവന്‍ പൊലിഞ്ഞു.


'ത്ധാങ്കറിന്റെ രക്ഷകന്‍' എന്നു  ബ്രിഗേഡിയര്‍ മുഹമ്മദ് ഉസ്മാന്‍ അറിയപ്പെടുന്നു. പാകിസ്ഥാനിലേക്ക് പോകാതെയിരുന്ന ഒരു ജവാനാണ് തങ്ങളുടെ നാടിന് സംരക്ഷണമൊരുക്കിയത് എന്നും ഈ ജനത തിരിച്ചറിഞ്ഞിരുന്നു.

1912 ജൂലൈ 15ന് യു.പിയിലെ ബിബിപുരിലാണ് ഉസ്മാന്‍ ജനിക്കുന്നത്. എന്നാല്‍ ഇംഗ്ലണ്ടിലെ റോയല്‍ മിലിട്ടറി അക്കാദമിയുടെ 1932 ലെ അവസാനത്തെ ഇന്ത്യന്‍ ബാച്ചിലേക്ക് പ്രവേശനം ലഭിച്ച പത്ത് പേരില്‍ ഒരാളായിരുന്നു ഉസ്മാന്‍. 23മത് വയസില്‍ ബലൂച്ച് റെജിമെന്റ്റില്‍ നിയമിതനായ ഇദ്ദേഹം ഇക്കാലത്ത് അഫ്ഗാന്‍ ബര്‍മ അസ്വസ്ഥതകള്‍ക്ക് സാക്ഷ്യം വഹിച്ചു. തുടര്‍ന്ന് ഉസ്മാന് ബ്രിഗേഡിയര്‍ പദവി ലഭിച്ചു.
വിഭാജനാന്തരം പാകിസ്ഥാന്‍ സൈന്യത്തിന്റെ തലവനാകാന്‍ ജിന്നയുടെ ക്ഷണം ലഭിച്ചപ്പോള്‍ അത് നിരസിച്ചുകൊണ്ട് തന്റെ സ്വന്തം മണ്ണില്‍ ഉറച്ചുനില്‍ക്കാനാണ് ഇദ്ദേഹം തീരുമാനിച്ചത്. തന്റെ മതവിശ്വാസം ദേശീയതയുടെ നിര്‍വചനമായി ഉസ്മാന്‍ കരുതിയിരുന്നില്ല. മുഹമ്മദലി ജിന്ന ലിയാഖത്ത് അലി ഖാന്‍ എന്നിവര്‍ ശ്രമിച്ചിട്ടും ഇദ്ദേഹത്തിന്റെ തീരുമാനത്തിനു മാറ്റമുണ്ടായില്ല.

"ഞാന്‍ ഒരിക്കല്‍ ജനറല്‍ കാരിയപ്പയുമായി നൗഷാര ക്യാമ്പ് സന്ദര്‍ശിച്ചിരുന്നു. അദ്ദേഹം ക്യാമ്പ് മുഴുവന്‍ ചുറ്റി സഞ്ചരിച്ചിട്ടു കോട്ട് മേഖലയിലെ സുരക്ഷയെ പറ്റി ബ്രിഗേഡിയര്‍ ഉസ്മാനുമായി ചര്‍ച്ച ചെയ്തു." കരസേനയുടെ മുന്‍ വൈസ്-ചീഫ് ലഫ്റ്റനന്റ് ജനറല്‍ എസ്.കെ.സിന്‍ഹ ഓര്‍മ്മിക്കുന്നു

[caption id="attachment_79507" align="aligncenter" width="615"] 1947 ലെ ഇന്‍ഡോ-പാക്‌ യുദ്ധം[/caption]

ഒരാഴ്ചയ്ക്ക് ശേഷം പതിനായിരത്തിലധികമാളുകള്‍ അടങ്ങുന്ന സൈന്യം നൌഷേരയെ ആക്രമിച്ചപ്പോള്‍ ബ്രിഗേഡിയര്‍ ഉസ്മാനിന്റെ നേതൃത്വത്തില്‍ ഓപറേഷന്‍ കിപ്പര്‍ എന്ന പേരില്‍ അവരെ പ്രതിരോധിക്കാന്‍ നമ്മുക്ക് കഴിഞ്ഞു. ശത്രുക്കളില്‍ 900 പേര്‍ കൊല്ലപ്പെട്ട ആ യുദ്ധത്തില്‍ വിജയം നമ്മുക്കായിരുന്നു. കോട്ട് മേഖലയുടെ നിയന്ത്രണം ബ്രിഗേഡിയര്‍ ഉറപ്പിച്ചിരുന്നതാണ് ഈ വിജയത്തിന് കാരണമായത്. ഇതായിരുന്നു കാശ്മീറിന് വേണ്ടിയുള്ള യുദ്ധത്തിലെ ഏറ്റവും വലിയ പോരാട്ടം. ഉസ്മാന്‍ ഒരു ദേശീയമുഖമായി മാറുകയായിരുന്നു

'യുദ്ധഭൂമിയില്‍ വീരചരമം പ്രാപിച്ച ഭാരതത്തിന്റെ എക്കാലത്തെയും ഏറ്റവും ഉന്നതനായ സൈനികന്‍' എന്നായിരുന്നു ബ്രിഗേഡിയര്‍ ഉസ്മാനിന്റെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുത്ത അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രു പറഞ്ഞത്.

അവിവാഹിതനായിരുന്ന ഉസ്മാന്‍ സൈനിക വൃത്തിയിലൂടെ ലഭിച്ചിരുന്ന സമ്പാദ്യം പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ പഠന ചെലവിന് നല്‍കുന്നതിനായിരുന്നു താല്‍പര്യപ്പെട്ടിരുന്നത്. ഡല്‍ഹിയിലെ ജമിയ മിലിയ ഇസ്ലാമിയയിലാണ് ബ്രിഗേഡിയര്‍ ഉസ്മാനെ ഖബറടക്കിയിരിക്കുന്നത്.

മരണാനന്ത ബഹുമതിയായി അദ്ദേഹത്തിനു ഇന്ത്യ പരമവീര ചക്ര നല്‍കി ആദരിച്ചു.

സിംഹത്തിന്റെ ഗാംഭീര്യം അത് ജീവിക്കുന്ന ദിവസങ്ങള്‍ എണ്ണിയല്ല എന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് ബ്രിഗേഡിയര്‍ ഉസ്മാനിന്‍റെ ജീവിതം.

ജനാധിപത്യ ഇന്ത്യയുടെ 68 വര്ഷം ആഘോഷിക്കുന്ന വേളയില്‍ ചിലരെ  തിരഞ്ഞുപിടിച്ച് 'നിങ്ങള്‍ രാജ്യം വിടു എന്നും പാകിസ്ഥാനിലേക്ക് പോകു..' എന്നു പറയുന്നവർ ഇത്തരം ജീവിതങ്ങളെ അറിയുന്നത് നന്നായിരിക്കും.

Story by